SignIn
Kerala Kaumudi Online
Monday, 05 October 2026 1.38 AM IST

പുതുതലമുറ ജി.എസ്.ടിയും അടുത്ത ഘട്ട വളർച്ചയും

d

അടുത്ത തലമുറ ജി.എസ്.ടി രണ്ട് പരസ്പരബന്ധിതമായ ലക്ഷ്യങ്ങളോടെയാണ് വിഭാവനം ചെയ്തത്. നികുതി നിരക്കുകൾ കുറയ്ക്കുകയും യുക്തിസഹമാക്കുകയും ചെയ്യുക. ഒപ്പം നികുതി സംബന്ധമായ നടപടിക്രമങ്ങൾ ലളിതമാക്കുക. പ്രക്രിയ പരിഷ്കരണങ്ങളുടെ അടുത്തഘട്ടം വൈകാതെതന്നെ ജി.എസ്.ടി കൗൺസിലിന് മുന്നിലെത്തും

വികസിത ഭാരതമായി മാറാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് ഏതുതരം സംരംഭങ്ങൾക്കും അവ ഏതുതലത്തിൽ നിന്ന് തുടങ്ങിയാലും, വളരാൻ സാധിക്കുന്ന ഒരു സാമ്പത്തിക വ്യവസ്ഥ ആവശ്യമാണ്. കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടയിൽ അത്തരം സാഹചര്യങ്ങൾ സൃഷ്ടിക്കാൻ നമ്മുടെ ഗവൺമെന്റ് ശ്രമിച്ചിട്ടുണ്ട്. 2017ൽ ജി.എസ്.ടിയുടെ ആവിർഭാവം പരോക്ഷ നികുതിക്കായി ഒരു പൊതു ദേശീയ ചട്ടക്കൂട് സ്ഥാപിച്ചു. ഒമ്പത് വർഷത്തെ പരിചയവും നികുതിദായകരുടെയും സംസ്ഥാനങ്ങളുടെയും അനുഭവസമ്പത്തും പ്രയോജനപ്പെടുത്തിക്കൊണ്ട് അടുത്ത തലമുറ ജി.എസ്.ടി ആ ശ്രമങ്ങളെ മുന്നോട്ട് നയിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, അടുത്ത തലമുറ ജി.എസ്.ടി രണ്ട് പരസ്പരബന്ധിതമായ ലക്ഷ്യങ്ങളോടെയാണ് വിഭാവനം ചെയ്തത്: നികുതി നിരക്കുകൾ കുറയ്ക്കുകയും യുക്തിസഹമാക്കുകയും ചെയ്യുക, ഒപ്പം നികുതി സംബന്ധമായ നടപടിക്രമങ്ങൾ ലളിതമാക്കുക. നിരക്കുകളിലെ മാറ്റങ്ങൾ 2025 സെപ്തംബർ 22ന് പ്രാബല്യത്തിൽ വന്നു. പ്രക്രിയ പരിഷ്കരണങ്ങളുടെ അടുത്തഘട്ടം വൈകാതെതന്നെ ജി.എസ്.ടി കൗൺസിലിന് മുന്നിലെത്തും. കുടുംബങ്ങൾക്ക് ആശ്വാസം നൽകുക, ബിസിനസുകൾക്ക് കൂടുതൽ ഉറപ്പ് നൽകുക, അനാവശ്യ ബുദ്ധിമുട്ടുകളില്ലാതെ ബാദ്ധ്യതകൾ നിറവേറ്റാൻ കഴിയുന്ന സംവിധാനം നികുതിദായകർക്കായി ഒരുക്കുക എന്നിവയാണ് ഈ ശ്രമങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

ഈ പ്രക്രിയയിലുടനീളം സംസ്ഥാനങ്ങൾ പങ്കാളികളായിരുന്നു. അവർ തങ്ങളുടെ മുൻഗണനകളും അനുഭവങ്ങളും കൗൺസിലിലേക്ക് കൊണ്ടുവരികയും തീരുമാനങ്ങൾ രൂപപ്പെടുത്താൻ സഹായിക്കുകയും അവ നടപ്പിലാക്കാൻ മുന്നോട്ടുവരികയും ചെയ്തു. 2025 ഒക്ടോബറിനും 2026 ജൂലായ്ക്കും ഇടയിൽ റിപ്പോർട്ട് ചെയ്ത നികുതിയോഗ്യമായ സാധനസേവന വിതരണത്തിന്റെ മൂല്യം മുൻവർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 25.8ശതമാനം വർദ്ധിച്ചു. 2026 ഏപ്രിൽ-സെപ്തംബർ കാലയളവിൽ മൊത്തം ജി.എസ്.ടി വരുമാനം 12.46 ലക്ഷം കോടി രൂപയിലെത്തി. ഇത് കഴിഞ്ഞ വർഷത്തെ സമാന കാലയളവിനേക്കാൾ 11.6ശതമാനം കൂടുതലാണ്.

ജൂൺ മുതൽ സെപ്തംബർ വരെയുള്ള ഓരോ മാസത്തിലും രണ്ടക്ക വാർഷിക വളർച്ച രേഖപ്പെടുത്തി. ഈ നാല് മാസങ്ങളിലെ മൊത്തം വരുമാനത്തിൽ ഏകദേശം 15 ശതമാനം വർദ്ധനയുണ്ടായി. റീഫണ്ടുകൾക്ക് ശേഷമുള്ള അറ്റ വരുമാനവും അർദ്ധവാർഷിക കാലയളവിൽ 10.4ശതമാനം വളർച്ച കൈവരിച്ചു. നികുതി വിധേയമായ വിതരണങ്ങൾ 11 മേഖലകളിലും എല്ലാ പ്രധാന സംസ്ഥാനങ്ങളിലും വളർച്ച രേഖപ്പെടുത്തി.

പരിഷ്കരണത്തിന് ശേഷമുള്ള കണക്കുകൾ പ്രകാരം ഉപഭോക്താക്കൾക്കുള്ള നേരിട്ടുള്ള വിൽപ്പനയിലും (B2C) 26.7ശതമാനം വർദ്ധനവുണ്ടായി. നികുതിയിളവുകൾ വിലകളിൽ പ്രതിഫലിക്കുമ്പോൾ, കുടുംബങ്ങൾക്ക് മറ്റാവശ്യങ്ങൾ നിറവേറ്റാനോ പണം സമ്പാദിക്കാനോ കൂടുതൽ സാഹചര്യമൊരുങ്ങുന്നു. ചെറുകിട-ഇടത്തരം സംരംഭങ്ങളെ സംബന്ധിച്ചിടത്തോളം, തങ്ങളുടെ തൊട്ടടുത്ത പ്രദേശങ്ങൾക്കപ്പുറമുള്ള ഉപഭോക്താക്കളിലേക്ക് പ്രായോഗികമായ വഴി തുറന്നുനൽകുന്നു.

ജി.എസ്.ടി രജിസ്ട്രേഷനുകൾ

കേന്ദ്ര-സംസ്ഥാന പരിധിയിലുള്ള മൊത്തം ജി.എസ്.ടി രജിസ്ട്രേഷനുകൾ ഓഗസ്റ്റ് അവസാനത്തോടെ ഏകദേശം 1.71 കോടിയായി ഉയർന്നു. ഇത് ഒരു വർഷം മുൻപത്തെ അപേക്ഷിച്ച് 15ശതമാനം വർദ്ധനയാണ്. 2026 ഏപ്രിൽ-ജൂലായ് കാലയളവിൽ, നിശ്ചിത സമയപരിധിക്കുള്ളിൽ സമർപ്പിച്ച GSTR-3B റിട്ടേണുകൾ കഴിഞ്ഞ വർഷത്തെ സമാന കാലയളവിനേക്കാൾ 12.6ശതമാനം കൂടുതലായിരുന്നു. ഈ പുരോഗതി ഭരണസംവിധാനത്തിന് തുല്യമായ ഉത്തരവാദിത്വം നൽകുന്നു: വിശ്വസനീയമായ സേവനം, വ്യക്തമായ മാർഗനിർദ്ദേശം, ബുദ്ധിമുട്ടുകൾ സമയബന്ധിതമായി പരിഹരിക്കൽ എന്നിവയിലൂടെ കൃത്യമായ നികുതി പാലനം ഉറപ്പാക്കേണ്ടതുണ്ട്.

ഇൻപുട്ട് ടാക്സ് ക്രെഡിറ്റിന്റെ പ്രവർത്തനം ഇതിന്റെ മറ്റൊരു പ്രധാന ഭാഗമാണ്. നികുതി ബാദ്ധ്യത തീർപ്പാക്കുന്നതിൽ ക്രെഡിറ്റുകളുടെ പങ്ക് വർദ്ധിച്ചതായും, നികുതിയോഗ്യമായ വിതരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സഞ്ചിത ക്രെഡിറ്റ് കുറഞ്ഞതായും പരിഷ്കരണത്തിന് ശേഷമുള്ള കണക്കുകൾ വ്യക്തമാക്കുന്നു. റീഫണ്ടുകൾക്കും തുല്യമായ പ്രാധാന്യമുണ്ട്. ഏപ്രിൽ-സെപ്തംബർ കാലയളവിൽ ഏകദേശം 1.80 ലക്ഷം കോടിയാണ് റീഫണ്ടായി നൽകിയത്.

സംസ്ഥാനങ്ങളുടെ വരുമാന സ്ഥിതിയും കൂടുതൽ ശക്തമാണ്. ഐ.ജി.എസ്.ടി വിഹിതം ഉൾപ്പെടെയുള്ള അവയുടെ മൊത്തം എസ്.ജി.എസ്.ടി വരുമാനം ഈ വർഷം ഏപ്രിൽ-സെപ്തംബർ കാലയളവിൽ ഏകദേശം 16ശതമാനം വർദ്ധിച്ചു. ഈ വിഭവങ്ങൾ അടിസ്ഥാന സൗകര്യ വികസനത്തിലും പൊതുസേവനങ്ങളിലുമുള്ള നിക്ഷേപത്തെ പിന്തുണയ്ക്കുന്നു.

വളർന്നുകൊണ്ടിരിക്കുന്ന ഒരു വ്യവസ്ഥിതി, ചെറിയ പങ്കാളികൾക്ക് അത് വരുത്തിവയ്ക്കുന്ന ചെലവുകളെക്കുറിച്ച് എപ്പോഴും ശ്രദ്ധാലുവായിരിക്കണം. അവരുടെ സമയവും വിഭവങ്ങളും പരിമിതമാണ്. റിട്ടേൺ സമർപ്പണം, ക്രെഡിറ്റ് അല്ലെങ്കിൽ റീഫണ്ടുകൾ എന്നിവയിലെ ഓരോ പുരോഗതിയും, ബിസിനസ് നടത്തുന്നതിനും വികസിപ്പിക്കുന്നതിനുമായി ആ വിഭവങ്ങൾ കൂടുതൽ വിനിയോഗിക്കാൻ അവരെ അനുവദിക്കണം.

ഒക്ടോബർ 7ന് കൗൺസിലിന് മുന്നിൽ വരുന്ന നിർദ്ദേശങ്ങൾ സംസ്ഥാനങ്ങളുമായുള്ള നിരന്തരമായ പ്രവർത്തനങ്ങളിലൂടെയാണ് രൂപപ്പെടുത്തിയത്. രജിസ്ട്രേഷൻ, റിട്ടേണുകൾ, റീഫണ്ടുകൾ, തർക്കങ്ങൾ, ഇൻപുട്ട് ടാക്സ് ക്രെഡിറ്റിന്റെ തടസമില്ലാത്ത ലഭ്യത എന്നിവ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും, അതുവഴി നികുതി പാലനത്തിനായുള്ള സമയവും ചെലവും കുറയ്ക്കാനും ഇവ ലക്ഷ്യമിടുന്നു.

ശക്തമായ അടിത്തറ

ജി.എസ്.ടിയുടെ വളർന്നുവരുന്ന പക്വത, പരിഷ്കരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് ശക്തമായൊരു അടിത്തറ നൽകുന്നു. വ്യക്തത, നിശ്ചയദാർഢ്യം, നികുതിദായകരോടുള്ള ബഹുമാനം എന്നീ കാര്യങ്ങളിലുള്ള അതേ പ്രതിബദ്ധത തന്നെയാണ് പ്രത്യക്ഷ നികുതികളിലെ പ്രവർത്തനങ്ങൾക്കും വഴികാട്ടുന്നത്.

വിശ്വസനീയമായ ഒരു നികുതി വ്യവസ്ഥ, തങ്ങളുടെ തത്സമയ ബാദ്ധ്യതകൾക്കപ്പുറം ചിന്തിക്കാനും ഫലം തരാൻ സമയമെടുക്കുന്ന അവസരങ്ങളിൽ നിക്ഷേപിക്കാനും സംരംഭങ്ങളെ പ്രാപ്തരാക്കുന്നു. അവർ എവിടെ പ്രവർത്തിച്ചാലും അവർക്കുണ്ടാകുന്ന ആത്മവിശ്വാസം പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്ത വികസിത ഭാരതത്തിന്റെ സാമ്പത്തിക കരുത്ത് കെട്ടിപ്പടുക്കാൻ സഹായിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION