
ന്യൂഡൽഹി: കേരളത്തിലെ എസ്.ഐ.ആർ പ്രക്രിയയിൽ എന്യുമറേഷൻ ഫോം നൽകാൻ കഴിയാത്തവരുടെ കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അനുഭാവപൂർവമായ സമീപനം സ്വീകരിക്കണമെന്ന് സുപ്രീംകോടതി. അത്തരക്കാർക്ക് തിരഞ്ഞെടുപ്പ് കമ്മിഷനെ നേരിട്ടു സമീപിക്കാവുന്നതാണ്. കമ്മിഷൻ അവരുടെ നിവേദനം സ്വീകരിച്ച് വസ്‌തുതകൾ പരിശോധിച്ചു തീരുമാനമെടുക്കണം. സ്വീകരിച്ച നടപടികൾ വ്യക്തമാക്കി റിപ്പോർട്ട് കൈമാറണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി,വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് കമ്മിഷന് നിർദ്ദേശം നൽകി.
അതേസമയം,വോട്ടർ പട്ടിക പുതുക്കൽ തുടർ പ്രക്രിയയായതിനാൽ കേരളത്തിലെ എസ്.ഐ.ആറിൽ ഇനി സമയപരിധി നീട്ടേണ്ടതില്ലെന്നും വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിലെ എസ്.ഐ.ആറുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് കേരളത്തിലെ വിഷയം അഭിഭാഷകർ ശ്രദ്ധയിൽപ്പെടുത്തിയത്. കേരളത്തിൽ എസ്.ഐ.ആർ പ്രക്രിയ പൂർത്തിയാക്കി നിയമസഭാ തിരഞ്ഞെടുപ്പും നടത്തിക്കഴിഞ്ഞുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരി 21നാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്.
യു.പിയിൽ ഇടപെടൽ
വോട്ടർക്ക് അയോഗ്യതയുണ്ടെന്നും പട്ടികയിൽ നിന്ന് നീക്കണമെന്നും രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് തല ഏജന്റിനടക്കം ആവശ്യപ്പെടാൻ കഴിയുന്ന ഫോം 7 ഉത്തർപ്രദേശ് എസ്.ഐ.ആറിൽ വ്യാപകമായി ദുരുപയോഗം ചെയ്യുകയാണെന്ന്
കോൺഗ്രസ് എം.പി തനുജ് പുനിയ,സമാജ്‌വാദി പാർട്ടി നേതാവ് അരവിന്ദ് കുമാർ സിംഗ് തുടങ്ങിയ ഹർജിക്കാർ ചൂണ്ടിക്കാട്ടി. വലിയ തോതിൽ വ്യാജ ഫോം 7 ലഭിക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മിഷൻ സമ്മതിച്ചു. ആ ഫോമുകളിൽ നടപടിയെടുത്തിട്ടില്ലെന്നും വ്യക്തമാക്കി. പോരായ്‌മകൾ പരിഹരിക്കാൻ കോടതി നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |