
ന്യൂഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനങ്ങളിലെ വിശ്വാസ്യത ചോദ്യം ചെയ്തും കേന്ദ്ര സർക്കാരിനെതിരായ തെരുവ് പോരാട്ടം കടുപ്പിച്ച് 'ഇന്ത്യ' മുന്നണി ഇന്ന് വീണ്ടും തെരുവിലേക്ക്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ 21 കക്ഷികൾ കൈകോർക്കുന്ന മഹാറാലിക്ക് രാജ്യതലസ്ഥാനത്തെ രാംലീല മൈതാനം വേദിയാകും.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കൾ റാലിക്ക് നേതൃത്വം നൽകും. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് പ്രവർത്തകരെ തലസ്ഥാനത്ത് എത്തിച്ച് കേന്ദ്ര ഭരണകൂടത്തിനെതിരായ താക്കീതാക്കി മാറ്റാനാണ് സഖ്യത്തിന്റെ നീക്കം.
എസ്.ഐ.ആർ നടപടികൾ അടിയന്തരമായി പിൻവലിക്കണമെന്നതാണ് സഖ്യത്തിന്റെ മുഖ്യ ആവശ്യം. ജനാധിപത്യ പ്രക്രിയയുടെ സുതാര്യത തകർത്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുക, കമ്മിഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട 2023ലെ വിവാദ നിയമം റദ്ദാക്കുക, വോട്ടർപട്ടിക ക്രമക്കേടുകൾ തടഞ്ഞ് തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത പൂർണമായി ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളും റാലിയിൽ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12ന് മിന്റോ റോഡ് കൊണാട്ട് പ്ലേസ് ജംഗ്ഷനിൽനിന്ന് അജ്മീരി ഗേറ്റ് വഴി രാംലീല മൈതാനത്തേക്ക് മാർച്ച് നടത്തും.
അതേസമയം, രാംലീല മൈതാനത്തെ പൊതുറാലിക്ക് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ അനുമതിയുണ്ടെങ്കിലും മിന്റോ റോഡിൽ നിന്നുള്ള മാർച്ചിന് ഡൽഹി പൊലീസിന്റെ ഔദ്യോഗിക അനുമതി ലഭിച്ചിട്ടില്ല. റാലിയിൽ 10 ലക്ഷം പേരെ അണിനിരത്തുമെന്നാണ് ഇന്ത്യ മുന്നണി വ്യക്തമാക്കുന്നത്. 30,000 മുതൽ 40,000 വരെ ആളുകൾ എത്തുമെന്നാണ് പൊലീസിന്റെ നിഗമനം. മൈതാനവും നഗരകേന്ദ്രങ്ങളും കനത്ത സുരക്ഷാ വലയത്തിലാണ്.
മുഖ്യമന്ത്രിയും ഏഴ് മന്ത്രിമാരും
കേരളത്തിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രിമാരായ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, എ.പി. അനിൽ കുമാർ, ടി.സിദ്ധിഖ്, ബിന്ദു കൃഷ്‌ണ, കെ.എ. തുളസി, റോജി എം. ജോൺ, ഒ.ജെ. ജനീഷ് എന്നിവരും 20 ഓളം മന്ത്രിമാരും കെ.പി.സി.സി നേതാക്കളും റാലിയിൽ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |