ന്യൂഡൽഹി: ഇന്ത്യാ മുന്നണിയുടെയും ബിജെപിയുടെയും ഭരണ-പ്രതിപക്ഷ മാർച്ചിന് വേദിയായി രാജ്യതലസ്ഥാനം. എസ്‌ഐആർ ക്രമക്കേടുമായി ബന്ധപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടാണ് പ്രതിപക്ഷ പാർട്ടികളുടെ മാർച്ച്. 1984ലെ സിഖ് വിരുദ്ധ കലാപം ഉയർത്തിക്കാട്ടിയാണ് ബിജെപി മാർച്ച് നടത്തുന്നത്.
പ്രതിപക്ഷത്തെ 21 കക്ഷികൾ കൈകോർക്കുന്ന 'ഡൽഹി ചലോ' മഹാറാലിക്ക് രാജ്യതലസ്ഥാനത്തെ രാംലീല മൈതാനമാണ് വേദിയാകുന്നത്. ഉച്ചയ്ക്ക് 12ന് മിന്റോ റോഡ് കൊണാട്ട് പ്ലേസ് ജംഗ്ഷനിൽനിന്ന് അജ്മീരി ഗേറ്റ് വഴി രാംലീല മൈതാനത്തേക്ക് മാർച്ച് നടത്തും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കൾ റാലിക്ക് നേതൃത്വം നൽകും. കേരളത്തിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രിമാരായ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, എ.പി. അനിൽ കുമാർ, ടി.സിദ്ധിഖ്, ബിന്ദു കൃഷ്‌ണ, കെ.എ. തുളസി, റോജി എം. ജോൺ, ഒ.ജെ. ജനീഷ് എന്നിവരും 20 ഓളം മന്ത്രിമാരും കെ.പി.സി.സി നേതാക്കളും റാലിയിൽ പങ്കെടുക്കും. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പതിനായിരക്കണക്കിന് പ്രവർത്തകരും റാലിയിൽ പങ്കെടുക്കുന്നുണ്ട്.
1984ലെ സിഖ് വിരുദ്ധ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമ്മയ്ക്കായി പടിഞ്ഞാറൻ ഡൽഹിയിലാണ് ബിജെപി പ്രത്യേക മാർച്ച് നടത്തുന്നത്. ഹരി നഗർ ബസ് ഡിപ്പോയിൽ നിന്ന് ആരംഭിച്ച് തിലക് നഗർ മെട്രോ സ്റ്റേഷനിലേക്ക് നീങ്ങുന്ന രീതിയിലാണ് ബിജെപി മാർച്ച് ആസൂത്രണം ചെയ്തിരിക്കുന്നത്. രാവിലെ 11.30ന് മാർച്ച് ആരംഭിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളത്. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, സഹമന്ത്രി ഹർഷ് മൽഹോത്ര, എച്ച്.എസ്. ഫൂൽക്ക, മഞ്ജീന്ദർ സിംഗ് സിർസ, ബിജെപി എംപി ബൻസുരി സ്വരാജ് എന്നിവർ മാർച്ചിൽ പങ്കെടുക്കുമെന്ന് വിവരമുണ്ട്. സിഖ് വിരുദ്ധ കലാപത്തെ അതിജീവിച്ചവരും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് റിപ്പോർട്ടുണ്ട്.
ദേശീയ തലസ്ഥാനത്തെ വ്യാപാരികളും ഇന്ത്യാ മുന്നണിയുടെ റാലിക്കെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. ദീപാവലി സമയത്ത് റോഡുകൾ അടച്ചിടുന്നതും ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതും ഉപഭോക്താക്കൾ കടകളിലെത്തുന്നതിനെ തടസപ്പെടുത്തുമെന്നാണ് ഇവർ ആരോപിക്കുന്നത്.
ബിജെപിയുടെയും ഇന്ത്യാ മുന്നണിയുടെയും റാലികളുടെ പശ്ചാത്തലത്തിൽ സുരക്ഷക്കായി ഡൽഹി പൊലീസ്, സിഎപിഎഫ്, സിആർപിഎഫ് , ആർഎഫ് എന്നിവയുൾപ്പെടെ ഏകദേശം 10000ത്തോളം പൊലീസ്, അർദ്ധസൈനിക വിഭാഗം ഉദ്യോഗസ്ഥരെ സെൻട്രൽ ഡൽഹിയിലും ന്യൂഡൽഹിയിലുമായി വിന്യസിച്ചിട്ടുണ്ട്. കൊണാട്ട് പ്ലേസ്, ജന്തർ മന്തർ, ഭഗവാൻ ദാസ് റോഡ്, സുപ്രീം കോടതിക്കും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിനും സമീപമുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും ബാരിക്കേഡുകളും ഏർപ്പെടുത്തിയിട്ടുണ്ട്.രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെ സെൻട്രൽ ഡൽഹിയുടെ ചില ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Delhi is witnessing rival marches by the opposition INDIA bloc and the BJP. Twenty-one opposition parties are demanding Chief Election Commissioner Gyanesh Kumar’s resignation over alleged SIR irregularities, while the BJP is commemorating victims of the 1984 anti-Sikh riots. Around 10,000 security personnel have been deployed, with traffic restrictions imposed across parts of the capital.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |