
ബോക്സ് ഓഫീസിന് 'ജയിലർ 2" തീ കൊളുത്തിയിരിക്കുന്ന സമയമാണിത്. ചിത്രത്തിൽ അനിരുദ്ധിന്റെ സംഗീതം കേട്ടു തുടങ്ങും മുമ്പ് സ്ക്രീനിൽ ബി.ജി.എമ്മോടെ 'സൂപ്പർസ്റ്റാർ രജനി" എന്നെഴുതി കാണിക്കും. ആ നേരം ജനത്തിന്റെ ആർപ്പുവിളിയാണ്. ആ ബി.ജി.എം ഒരുക്കിയത് ദേവയാണ്. കഴിഞ്ഞ 34 വർഷമായി എല്ലാ രജനിചിത്രങ്ങളിലും ബി.ജി.എം മുഴങ്ങുന്നു. ഇനി വരുന്ന എല്ലാ രജനിചിത്രങ്ങളിലും തുടരും. ഇന്നലെ ദേവയുടെ ഭൗതികശരീരം കാണാനെത്തിയ രജനികാന്ത് പൊട്ടിക്കരഞ്ഞു. തന്റെ പേരിനൊപ്പം സംഗീതം ചേർത്ത ദേവയോട് രജനിക്ക് അത്രമേൽ പ്രിയം.
1992ൽ റിലീസായ 'അണ്ണാമലൈ' സിനിമയ്ക്കായായിരുന്നു 'സൂപ്പർസ്റ്റാർ രജനികാന്ത്' എന്ന ടൈറ്റിൽ കാർഡ് ആദ്യമായി സിനിമയിൽ വന്നത്. ജെയിംസ് ബോണ്ട് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ഒരു തുടക്കം വേണമെന്ന ആശയം സംവിധായകൻ സുരേഷ് കൃഷ്ണയുടേതായിരുന്നു.
നാടകരംഗത്ത് നിന്നുമാണ് സിനിമാസംഗീതത്തിലേക്കെത്തിയത്. കാമേഷ്, രാജമണി എന്നിവരുടെ നാടകട്രൂപ്പിൽ ടാക്സി വിളിച്ചു കൊടുക്കുന്ന ജോലിക്കാരനായി. അവർ ഓഫീസിൽ ഇല്ലാത്തപ്പോൾ, അവിടെ ഇരുന്ന ഹാർമോണിയം എടുത്തുവായിച്ചു പഠിച്ചു. 1973ൽ സംഗീതസംവിധായകൻ ചന്ദ്രബോസിനൊപ്പം ചേർന്ന് 'ദേവ ബോസ് " എന്ന ട്രൂപ്പ് തുടങ്ങി. ഒരിക്കൽ എ.വി.എം സ്റ്റുഡിയോയിൽ ഹാർമോണിയം വായിക്കാൻ അവസരം ലഭിച്ചു. രാവിലെ ആറിനെത്തണം. ഒരു ഓട്ടോ ഏർപ്പാടാക്കിയ ശേഷം താമസസ്ഥലത്തിന് അടുത്തുള്ള ക്ഷേത്രത്തിൽ പോയി തൊഴുതു. തിരിച്ചുവന്നപ്പോൾ ഓട്ടോ സ്റ്റാർട്ട് ആകുന്നില്ല. സമയം തെറ്റാതിരിക്കാൻ ഹാർമോണിയവും തൂക്കി ദേവ എ.വി.എമ്മിലേക്ക് ഓടി. സംഗീതസംവിധാന രംഗത്ത് തിളങ്ങാനുള്ള ശ്രമം വിജയിക്കാതെയായതോടെ, ദൂരദർശനിൽ ഫ്ളോർ അസിസ്റ്റന്റായി.
അവിടെ ധനരാജ് മാസ്റ്ററുടെ കീഴിൽ പിയാനോയും ജെ.ബി.കൃഷ്ണയിൽ നിന്ന് കർണാടകസംഗീതവും പഠിച്ചു. ഇളയരാജ ഉൾപ്പെടെയുള്ള സംഗീതസംവിധായകരുടെ ട്രൂപ്പിൽ ഇൻസ്ട്രുമെന്റലിസ്റ്റായി ജോലി ചെയ്യുമ്പോഴും സംഗീത സംവിധായകനാകാൻ നിരന്തരം ശ്രമിച്ചു. ആദ്യം അവസരം കിട്ടിയ പല സിനിമകളും പൂർത്തിയായില്ല, ചിലത് റിലീസായില്ല. 1986ൽ മട്ടുക്കാര മന്നാരു എന്ന സിനിമയിലൂടെയാണ് ആദ്യം സംഗീതം ചെയ്തതെങ്കിലും ശ്രദ്ധിക്കപ്പെട്ടത് 1989ൽ റിലീസ് ആയ 'മനസുക്കേത്ത മഹാരാസ"യിലൂടെ. 1990ൽ 'വൈകാശി പൊറന്താച്ച്' അദ്ദേഹത്തെ അറിയപ്പെടുന്ന സംഗീതജ്ഞനാക്കി. ആ ചിത്രത്തിന് മികച്ച സംഗീതസംവിധായകനുള്ള തമിഴ്നാട് സംസ്ഥാന അവാർഡും കിട്ടി. ചിത്രത്തിലുള്ളത് എട്ടുഗാനങ്ങൾ. അതിനെല്ലാം സംഗീതമൊരുക്കാൻ ദേവയ്ക്കു വേണ്ടിവന്നത് ഒരേയൊരു ദിവസം!
അതുകഴിഞ്ഞായിരുന്നു 'അണ്ണാമലൈ'. ഇളയരാജയും പിന്നീട് എ.ആർ.റഹ്മാനും തമിഴ് സിനിമാ സംഗീതലോകത്ത് നിറഞ്ഞു നിൽക്കുമ്പോഴും ദേവ സൂപ്പർഹിറ്റ് സൃഷ്ടിച്ചുകൊണ്ടിരുന്നു. ബാഷ, അരുണാചലം, അവ്വൈഷണ്മുഖി, ഖുഷി, മിൻസാര കണ്ണാ, കാതൽക്കോട്ടൈ, ആസൈ, വാലി... 1997ൽ 37 സിനിമകൾക്ക് സംഗീതമൊരുക്കി. ആ വർഷത്തെ ദീപാവലി റിലീസുകൾക്കെല്ലാം ദേവമ്യൂസിക്. ചെന്നൈയിലെ തെരുവുസംഗീതമായ ഗാനപാട്ടുകളെ മുഖ്യധാരാ സിനിമയിൽ കൊണ്ടുവന്നതിലൂടെ 'തെനിസൈ തെൻട്രൽ' (മധുരസംഗീതത്തിന്റെ മന്ദമാരുതൻ) എന്ന വിളിപ്പേര് നേടി. സംഗീതമൊരുക്കാൻ ഒരു ഐഡിയയും ഇല്ലാതിരിക്കുമ്പോൾ ദേവ സാറിന്റെ പാട്ടുകൾ കേൾക്കും. അപ്പോൾ എന്തെങ്കിലും കിട്ടുമെന്ന് തുറന്നുപറഞ്ഞത് അനിരുദ്ധാണ്. പാട്ട് കോപ്പിയടിക്കുന്നുവെന്ന് പറഞ്ഞ് വ്യവഹാരത്തിനൊന്നും ദേവ പോയിട്ടുമില്ല. ശങ്കരാഭരണം പോലെ സിന്ധുഭൈരവി പോലെയൊരു ചിത്രം ഒരുക്കണമെന്ന എക്കാലത്തെയും ആഗ്രഹമാണ് ഈ വർഷം പൂർത്തിയായ 'ചാരുകേശി'യിലൂടെ സഫലമായത്. ചാരുകേശിയിലെ ഗാനങ്ങൾ പാടാൻ സാധിച്ചത് അനുഗ്രഹമായി തോന്നുന്നുവെന്ന് ശങ്കർ മഹാദേവൻ പറഞ്ഞപ്പോൾ അത് പുരസ്കാരത്തിനും തുല്യമായ നേട്ടമായിട്ടാണ് ദേവ കണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |