
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെയും മറ്റു കമ്മിഷണർമാരുടെയും നിയമനം, സർവീസ് കാലാവധി എന്നിവ സംബന്ധിച്ചു 2023ൽ കൊണ്ടുവന്ന നിയമത്തിലെ വകുപ്പ് 16 അവർക്ക് സർവീസിൽ തുടരുന്ന കാലവും പിരിഞ്ഞശേഷവും കോടതി നടപടികൾ നേരിടുന്നതിൽ നിന്ന് പരിരക്ഷ നൽകുന്നു. നേരത്തെയുണ്ടായിരുന്ന 1991ലെ നിയമം പിൻവലിച്ചാണ് പുതിയ നിയമം കൊണ്ടുവന്നത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌കുമാർ കേരളത്തിൽ പൊതുമരാമത്തു വകുപ്പ് സെക്രട്ടറിയായി ജോലി ചെയ്തിരുന്ന കാലത്തെ കേസ് പുനരന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടത് 2023ലെ നിയമപ്രകാരം ഗ്യാനേഷ് കുമാറിന് രക്ഷയാവില്ല.
അദ്ദേഹം ഇപ്പോൾ വഹിക്കുന്ന ചുമതലയിൽ ഇരുന്നുകൊണ്ട് എസ്.ഐ.ആർ കാര്യങ്ങളിൽ നടത്തിയ ചില നടപടികൾ അദ്ദേഹത്തിന്റെ അധികാര പരിധിക്കു പുറത്തുള്ളതാണ് എന്ന് പ്രതിപക്ഷവും യുവാക്കളും ആരോപിക്കുന്നു. പ്രത്യേകിച്ച് വോട്ടർ പട്ടികയിൽ പേരുചേർക്കാൻ ഉപയോഗിക്കേണ്ട ഫോം 6ൽ വരുത്തിയ മാറ്റം. അത് കേന്ദ്ര ഗവൺമെന്റിൽ നിക്ഷിപ്തമായ കാര്യമാണ്. അതുകൊണ്ടുതന്നെ ഗ്യാനേഷ്‌കുമാറും തിരഞ്ഞെടുപ്പ് കമ്മിഷൻ മൊത്തത്തിലും അധികാര ദുർവിനിയോഗം ചെയ്തിരിക്കുന്നു എന്ന ആരോപണത്തെ 2023ലെ നിയമവ്യവസ്ഥ (വകുപ്പ്16) മറയാക്കി നേരിടാനാവില്ല.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ/കമ്മിഷണർമാരുടെ അധികാര ദുർവിനിയോഗം ആരോപിക്കപ്പെടുന്ന/ചുമത്തപ്പെടുന്ന അവസരങ്ങളിൽ കോടതി നടപടികളിൽ നിന്ന് ഒഴിവാക്കണം എന്ന് പുതിയ നിയമത്തിൽ (വകുപ്പ്16ൽ) വ്യവസ്ഥ ചെയ്യുന്നില്ല. 2023ലെ നിയമ വ്യവസ്ഥ അനുസരിച്ച് (വകുപ്പ് 16) രാജ്യത്ത് പ്രാബല്യത്തിലുള്ള ഒരു നിയമത്തിലെയും ഏതെങ്കിലും വകുപ്പുപ്രകാരം രാജ്യത്തെ ഒരു കോടതിക്കും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെയോ മറ്റു കമ്മിഷണർമാരുടെയോ പേരിൽ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായുള്ള വാക്കോ പ്രവൃത്തിയോ കടമയോ സംബന്ധിച്ച നടപടികളിന്മേൽ, സർവീസിൽ തുടരുന്ന കാലത്തും റിട്ടയർ ചെയ്തതിനു ശേഷവും സിവിൽ- ക്രിമിനൽ വ്യവഹാര നടപടികൾ സ്വീകരിക്കാൻ ആവുന്നതല്ല.
രാഷ്ട്രപതിക്കും ഗവർണർമാർക്കും സ്ഥാനത്തിരിക്കുമ്പോൾ കോടതി നടപടികളിൽ നിന്ന് ലഭിക്കുന്ന പരിരക്ഷ ഭരണഘടനാപരമാണ് (ഭരണഘടനാനുഛേദം Article 361). പ്രധാനമന്ത്രിക്ക് ഇങ്ങനെയൊരു പരിരക്ഷ ഭരണഘടനയിൽ ഇല്ല. ഭരണഘടനാനുഛേദം Article 105 പ്രകാരം പാർലമെന്റംഗം എന്ന നിലയിൽ പ്രത്യേകാവകാശം മാത്രമാണ് പ്രധാനന്ത്രിക്കുള്ളത്.
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർക്കും മറ്റു കമ്മിഷണർമാർക്കും 2023ലെ നിയമപ്രകാരം കോടതി നടപടികളിൽ നിന്ന് ലഭിക്കുന്ന പരിരക്ഷ പ്രത്യേക നിയമപ്രകാരം ഉള്ളതാണ്. അതിന്റെ നിലനിൽപ്പ് സുപ്രീംകോടതിയിൽ ഇതുസംബന്ധിച്ചു നിലവിലുള്ള കേസിലെ വിധിക്കനുസരിച്ചാവും, ഇങ്ങനെയൊരു നിയമവ്യവസ്ഥ രൂപകല്പന ചെയ്തത് ഇലക്ഷൻ കമ്മിഷന്റെ ദൈനംദിന പ്രവൃത്തികൾക്ക് ശല്യക്കാരായ വ്യവഹാരികളിൽ നിന്നും അനാവശ്യ വ്യവഹാരങ്ങളിൽ നിന്നും കമ്മിഷനെ ഒഴിവാക്കി എടുക്കാനെന്ന പേരിലാവും.
എന്നാൽ കമ്മിഷന്റെ പക്ഷത്തുനിന്നും ഉണ്ടായ നടപടികൾ സംശയങ്ങൾക്കിട നൽകിയ സാഹചര്യത്തിൽ ജനങ്ങൾ കമ്മിഷനെതിരെ പ്രതികരിക്കുന്നത് ജനാധിപത്യ രാജ്യത്തിൽ സ്വാഭാവികമാണ്. അതിൽ ഭരണപക്ഷം അസ്വസ്ഥരായിട്ട് കാര്യമില്ല. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറും മറ്റു കമ്മിഷണർമാരും നിയമവാഴ്ചയ്ക്കുമേൽ വാഴുന്നവരാകാൻ പാടില്ല. അത് നിയമത്തിനു മുന്നിൽ തുല്യത, എല്ലാ നിയമങ്ങളുടെയും തുല്യമായ സംരക്ഷണം എന്ന നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനതത്വവും അന്തസ്സത്തയും അട്ടിമറിക്കുന്നതാവും.
(ലേഖകന്റെ ഫോൺ: 9847835566)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |