
ദൈവം തലയിൽ കൈവച്ച് അനുഗ്രഹിച്ച ചില കുന്നുകളും മലകളുമുണ്ട്. അവയിൽ പലതും തീർത്ഥാടനകേന്ദ്രങ്ങളായി മാറിയെന്നുവരാം. അതിനുള്ളിലെവിടെയോ ദിവ്യമായൊരു കാന്തികശക്തി പ്രകൃതി ഒളിച്ചുവച്ചിട്ടുണ്ടാകാം. കൈലാസവും തിരുവണ്ണാമലയും തിരുപ്പതിയും ശബരിമലയും ശിവഗിരിയും വത്തിക്കാനുമൊക്ക അതിന്റെ ദൃഷ്ടാന്തങ്ങൾ.
കാരുണ്യത്തിന്റെയും ദിവ്യസ്നേഹത്തിന്റെയും ഉത്തരായനരേഖ ശിവഗിരിക്കുന്നിനെയും വത്തിക്കാൻ കുന്നിനെയും ബന്ധിപ്പിക്കുന്നത് ക്രിസ്‌തുദേവന്റെയും ഗുരുദേവന്റെയും ദർശനങ്ങളിലൂടെ ലോകം കണ്ടു. ശിവഗിരി - വത്തിക്കാൻ ദർശനസംഗമം. മഹാകവി രവീന്ദ്രനാഥ ടാഗോറും സി.എഫ്. ആൻഡ്രൂസും ശിവഗിരിയിൽ ഗുരുദേവനെ സന്ദർശിച്ചതിന്റെ ശതാബ്ദി 1922 നവംബർ 22ന് ആഘോഷിക്കപ്പെട്ടു. ഇപ്പോഴിതാ 1925 മാർച്ച് 12ന് മഹാത്മാഗാന്ധി - ഗുരുദേവ മഹാസംഗമത്തിന് ശതാബ്ദിപൂർണിമ!
ലോകാരാദ്ധ്യരായ ഗാന്ധിജിയും ടാഗോറും കണ്ടു വിസ്മയിക്കുകയും വണങ്ങുകയും ചെയ്ത നവയുഗ സംക്രമത്തിന്റെ തേജസാണ് മഹാഗുരു. ആ സൂര്യകിരണങ്ങൾ ഇനിയും കടന്നുചെല്ലാത്ത സങ്കുചിത മനസുകളും ചിന്തകളും ഇപ്പോഴുമുണ്ട്. നവോത്ഥാന പുലർവെട്ടത്തെ മറയ്ക്കുന്ന കാർമേഘങ്ങളാണ് അവ. ശിവഗിരിയിലെത്തിയ ഗാന്ധിജിയെ ഗുരുദേവൻ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. ജ്ഞാനശിവനെ പ്രതിഷ്ഠിച്ച കൈകൾ. അജ്ഞാന വിഗ്രഹങ്ങളെ തകർത്തെറിഞ്ഞ പുണ്യഹസ്തങ്ങൾ.
ഭാരത സംസ്കാരം ലോകത്തിനു സമർപ്പിച്ച ഇരുകൈകളും കോർത്തിണക്കുന്ന സ്നേഹമാലയ്ക്കു സമമല്ല കല്യാണസൗഗന്ധികം പോലും. അതിനുമുമ്പ് അദ്ധ്യാത്മ രാമായണത്തിൽ പറയുന്ന നേത്രോല്പലമാലയും ഗുരു ചാർത്തിയിരിക്കണം. ത്രയംബകം വില്ലൊടിച്ചപ്പോൾ ആദരവും മമതയുംകൊണ്ട് സീത ശ്രീരാമനെ നേത്രോല്പലമാല അണിയിക്കുന്നുണ്ടല്ലോ. അതിനു ശേഷമാണ് വരണമാല്യം ചാർത്തുന്നത്. ലോകശാന്തിയുടെ ദൂതനായും സ്വാതന്ത്ര്യ പോരാട്ടത്തിന്റെ പ്രതീകവുമായാണ് ഗുരുദേവൻ ഗാന്ധിജിയെ കാണുന്നത്. ഇരു മഹാത്മാക്കളുടെയും ചിന്തകൾക്കും കർമ്മങ്ങൾക്കും അതുകൊണ്ടുതന്നെ കാര്യമായ സാമ്യങ്ങളുമുണ്ട്. സാഗരസംഗമമെന്നോ സുമേരുക്കളുടെ മുഖാമുഖമെന്നോ ആ കൂടിക്കാഴ്ചയെ വിശേഷിപ്പിക്കാം.
ഗുരുദേവനെ ദർശിച്ചിട്ട് പിരിയാൻ നേരം തത്ത്വചിന്തകനും ക്രിസ്‌തീയ പുരോഹിതനുമായ സി.എഫ്. ആൻഡ്രൂസ് സന്ദർശക ഡയറിയിൽ കുറിച്ചത്, 'ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു" എന്നാണ്. ടാഗോർ കുറിച്ചതാകട്ടെ, ലോകം മനഃപാഠമാക്കിയ ഗദ്യ കവിതപോലെ. 'ഭാരതഭൂമിയിൽ ജീവിച്ചിരിപ്പുള്ള പരമഹംസന്മാരിൽ സ്വാമി തൃപ്പാദങ്ങളെപ്പോലെ പാവനചരിതനായ ഒരു മഹാത്മാവിനെ ഞാൻ കണ്ടിട്ടില്ല. അനന്തതയിലേക്കു നീളുന്ന അദ്ദേഹത്തിന്റെ യോഗനയനങ്ങളും ഈശ്വരചൈതന്യം തുളുമ്പുന്ന മുഖതേജസും മറ്റു വൈശിഷ്ട്യങ്ങളും അവിസ്മരണീയമാണ്."
മഹാഗുരുവിന്റെ സന്ദേശങ്ങളും നിശബ്ദവിപ്ളവങ്ങളുമൊക്കെ ഗാന്ധിജി മനസിലാക്കിയിരുന്നുവെങ്കിലും അതിന്റെ ഉയരവും ആഴവും ശിവഗിരി സന്ദർശനവേളയിലാണ് നേരിട്ടു ബോദ്ധ്യമായത്. വേദാന്തസാരം വിതറിയ 'ദൈവദശകം" അന്തേവാസികളായ അവർണക്കുട്ടികൾ മണിമണിയായി ഈണത്തിൽ പാടിയപ്പോൾ ഗാന്ധിജിയുടെ മുഖം സുവർണമായി. മതഭേദം, മതപരിവർത്തനം എന്നിവയെപ്പറ്റിയുള്ള സംവാദത്തിനിടയിൽ 'ഭേദസൃഷ്ടി പ്രകൃതിയിലുമില്ലേ" എന്ന് ഗാന്ധിജിക്ക് സന്ദേഹം. സമീപത്തുള്ള മാവിന്റെ ഇലകൾ ചൂണ്ടിക്കാട്ടുകയും ചെയ്തു. മന്ദഹാസത്തിൽ പൊതിഞ്ഞ മറുപടിയായിരുന്നു ഗുരുവിന്റേത്. 'ആകൃതിയിലേ ഭേദമുള്ളൂ; സ്വാദ് ഒന്നല്ലേ" എന്ന അദ്വൈതമധുരം ഗുരു നീട്ടിയപ്പോൾ ഗാന്ധിജി വിസ്മയിച്ചുപോയി.
മരങ്ങളെയും ഇലകളെയും പലപ്പോഴും ഗുരു സംവാദങ്ങൾക്ക് സാക്ഷിയാക്കുന്നുണ്ട്. നെയ്യാർ തീരത്ത് അരുവിപ്പുറത്തെ പ്ളാവിൻചോട്ടിലായിരുന്നല്ലോ എസ്.എൻ.ഡി.പി യോഗ രൂപീകരണം. നാഗമ്പടത്തെ മാഞ്ചോട്ടിൽ ശിവഗിരി തീർത്ഥാടനത്തിനുള്ള അനുമതി. അങ്ങനെ മരങ്ങളെപ്പോലും വേദാന്തവും ജ്ഞാനവും പകരുന്ന ദൃക്‌സാക്ഷികളാക്കി. ഒരിക്കൽ ശാരദാമഠത്തിനു സമീപത്തുള്ള മാവിൻചോട്ടിൽ വിശ്രമിക്കുകയായിരുന്നു ഗുരു. തലശ്ശേരിയിൽ തൃപ്പാദങ്ങളുടെ പ്രതിമ ഉണ്ടാക്കുന്നതിനായി ചിത്രമെടുക്കാൻ വന്ന യുവാവ്, സ്വാമിയുടെ പടം എടുക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. മാങ്ങയുടെ പടം കൂടി എടുക്കാമോ എന്നായി ഗുരു. എടുക്കാമെന്ന് യുവാവ് അഭിമാനസ്വരത്തിൽ പറഞ്ഞപ്പോൾ ആ മാങ്ങയുടെ രസംകൂടി പടത്തിൽ പതിയുമോ എന്നായി ഗുരു. ആ ചോദ്യത്തിലെ വേദാന്ത രുചി നുണഞ്ഞ് ഛായാഗ്രാഹകൻ ഗുരുവിനെ സാഷ്ടാംഗം നമിച്ചു.
ഋഷികവിയും വേദാന്തിയും ക്രാന്തദർശിയുമായ ഗുരുദേവനെന്ന മഹാമേരുവിനെ വീണ്ടും ദർശിച്ച് പിറ്റേന്ന് മടങ്ങുമ്പോൾ ഗാന്ധിജി ദൃഢചിത്തനായിരുന്നു. അതുവരെ ധരിച്ചിരുന്ന പല വിശ്വാസങ്ങളും ചിന്തകളും വിശാലമായതായി ഗാന്ധിജിക്ക് അനുഭവപ്പെട്ടിരിക്കാം. ചിലതൊക്കെ മുമ്പോട്ടുള്ള യാത്രയിൽ തിരുത്തുകയും ചെയ്തിരിക്കാം. സ്വാതന്ത്ര്യസമരത്തിന്റെ പ്രകാശം പരത്തുന്ന ആ മഹാഗോപുരത്തെ യാത്രയാക്കുമ്പോൾ ഗുരുദേവൻ ഒരു റോസാപ്പൂമാലയാണ് ഗാന്ധിജിയെ അണിയിച്ചത്. ആത്മാനന്ദത്തിന്റെ നിറവും ദിവ്യസ്നേഹത്തിന്റെ സൗരഭ്യവും കോർത്ത മാല്യം. ശതാബ്ദങ്ങൾ കഴിഞ്ഞാലും അത് വാടില്ല. കാരണം അത് പരമാത്മാവിന്റെ മാല്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |