
ശ്രീനാരായണ ഗുരുദേവൻ സ്വന്തം അവതാര കൃത്യനിർവഹണത്തിന് ശിവസങ്കല്പത്തെയാണ് (ശൈവസംസ്കാരത്തെ) ഉപാധിയായി സ്വീകരിച്ചത്. ശങ്കരനായ, ദുഃഖത്തെ ഇല്ലായ്മ ചെയ്യുന്നവനായ ശിവപ്പെരുമാനെ ജനങ്ങളുടെ ഇടയിലേയ്ക്ക് ഇറക്കിക്കൊണ്ടു വരണം. 'ശിവൻ വന്നാൽ എല്ലാമായി" എന്ന് ഗുരുദേവൻ മൊഴിഞ്ഞിട്ടുണ്ട്. ശിവൻ മംഗളമൂർത്തിയാണ്. അരുവിപ്പുറത്ത് അങ്ങനെയുള്ള ശിവമൂർത്തിയെയാണ് ഗുരു പ്രതിഷ്ഠിച്ചത്. ശ്രീനാരായണ യുഗത്തിന് ആരംഭം കുറിക്കപ്പെട്ട പുണ്യദിനമാണ് മഹാശിവരാത്രി. ഗുരുദേവൻ സർവമത മഹാസമ്മേളനം നടത്തിയതും മഹാശിവരാത്രിക്കാണ്. പിൽക്കാലത്ത് പ്രതിഷ്ഠാധികാരത്തെ ചോദ്യം ചെയ്തവരോട് നാം പ്രതിഷ്ഠിച്ചത് 'നമ്മുടെ ശിവനെയാണ്" എന്ന ഗുരുദേവ കല്പന ഗുരുദേവൻ സ്വാംശീകരിച്ചിരുന്ന ശിവസങ്കല്പത്തെ വെളിപ്പെടുത്തുന്നതുമാണ്.
ഗുരുദേവന്റെ ആരാധനാമൂർത്തി ശിവനായിരുന്നു. ശിവസ്വരൂപത്തെ സഗുണമായ നിർഗുണമായും ഗുരുദേവൻ സാക്ഷാത്കരിച്ചു. തുടർന്ന് ദേവീദേവ സങ്കല്പങ്ങൾക്ക് അതീതവും നാമരൂപ രഹിതവുമായ പരബ്രഹ്മസത്യത്തെ സാക്ഷാത്കരിച്ച് നാരായണൻ ശ്രീനാരായണ ഗുരുദേവനായി പ്രകാശിക്കുകയും ചെയ്തു. ലോകത്തെ ഏറ്റവും പഴക്കം ചെന്ന സംസ്കാരങ്ങളിലൊന്നാണ് ദ്രാവിഡ സംസ്കാരം അഥവാ സിദ്ധാന്ത സമ്പ്രദായം. ദ്രാവിഡ ദൈവമായ ശിവന് സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം എന്നീ പഞ്ചശക്തികളുണ്ട്. പിന്നീട് ആര്യ-ദ്രാവിഡ സമന്വയത്തിൽ ദ്രാവിഡ ദൈവമായ ശിവനെ സംഹാരകർത്താവു മാത്രമായി വ്യാഖ്യാനിക്കുകയായിരുന്നു. അത് ഇപ്പോഴും തുടർന്നു പോരുന്നു.
ഗുരുദേവന്റെ അവതാര ലക്ഷ്യം പ്രധാനമായും ജാതിഭേദ വിപാടനമായിരുന്നുവല്ലോ. അതിന് ശിവനെ ഉപാധിയായി സ്വീകരിച്ച് ശിവരാത്രിക്ക് ശിവപ്രതിഷ്ഠയിലൂടെ നാന്ദി കുറിച്ചു. തുടർന്ന് ജാതിയോടൊപ്പമുള്ള മതഭേദത്തെ ദുരീകരിക്കുവാൻ മറ്റൊരു ശിവരാത്രി നാളിൽ ആലുവാ അദ്വൈതാശ്രമത്തിൽ ആദ്യ സർവമത സമ്മേളനം നടത്തുകയും ചെയ്തു. വർക്കലയിലെ കുന്നിന് ശിവഗിരിയെന്ന പേരു നല്കിയതും ഗുരുവിന്റെ കൃതികളിൽ ഉടനീളം ശൈവ സംസ്കാരത്തെ സമന്വയിപ്പിക്കുകയും ചെയ്തു. പ്രതിഷ്ഠകളും കൃതികളും കൂടുതലായും ശിവപ്പെരുമാനെക്കുറിച്ചായതും ഈ ദാർശനിക കാഴ്ചപ്പാടിലൂടെയാണെന്നു കാണാം.
നവോത്ഥാനത്തിന്റെ
നവ ദർശനം
ആറാട്ടുപുഴ വേലായുധപ്പണിക്കർ ആദ്യം സ്ഥാപിച്ചതും ശിവക്ഷേത്രം തന്നെ. പണിക്കർ പ്രതിഷ്ഠ നടത്തുന്നതിന് മാവേലിക്കരയിലുള്ള ഒരു ഗുരുനാഥന്റെ സഹായം തേടി. ഗുരുദേവൻ അരുവിപ്പുറത്ത് സ്വയംപ്രതിഷ്ഠ നടത്തുകയും 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാമിത്" എന്നൊരു തത്ത്വദർശനം അവതരിപ്പിക്കുകയും ചെയ്തു. ആറാട്ടുപുഴ വേലായുധപ്പണിക്കർ തുടങ്ങിവച്ചത് പൂർത്തിയായത് ഗുരുദേവനിലൂടെയാണ്. ഗുരുഭക്തർക്ക് ഏറ്റവും കൂടുതൽ ആരാധനാലയങ്ങൾ ഉള്ളത് ശൈവപരമാണ്. അതിനാൽ അവർക്ക് ശിവരാത്രിയുടെ പ്രാധാന്യം വലുതാണ്. ഈ പശ്ചാത്തലത്തിൽ അധഃസ്ഥിതന് മുന്നേറുവാൻ ആരംഭം കുറിക്കപ്പെട്ട മഹാശിവരാത്രിയെ ഗുരുഭക്തർ നവോത്ഥാന ദിനമായി സ്വീകരിക്കുന്നത് ഉചിതമായിരിക്കും. ആ ദിനം ഗുരുദേവനെയും മഹാദേവനായ ശിവനെയും പരബ്രഹ്മത്തിന്റെ പ്രതീകമായി ദർശിച്ച് തങ്ങളുടെ പുനരുദ്ധാന ദിനമായി ആഘോഷിക്കുക.
ശ്രീനാരായണ ദർശനത്തിന്റെ അടിസ്ഥാന തത്ത്വം എല്ലാവിധമായ ഭേദചിന്തകളുടെയും നിരാസവും അദ്വൈത സത്യത്തിന്റെ സാക്ഷാത്കാരവുമാണ്. അദ്വൈത തത്ത്വത്തിലേക്ക് ആനയിക്കപ്പെടുന്ന മനസിൽ ഭേദചിന്തകൾക്ക് സ്ഥാനമില്ലല്ലോ! നിശ്ചലമായിരുന്ന അദ്വൈത വേദാന്ത ദർശനത്തെ ചലനാത്മകമാക്കി ഗുരുദേവൻ സൃഷ്ടിച്ച പ്രായോഗിക വേദാന്ത തത്ത്വസാക്ഷാത്കാരമാണ് 'ഭ്രാന്താലയ"മെന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന രാജ്യത്തെ 'തീർത്ഥാലയ"മാക്കി മാറ്റിയത്. എന്നാൽ, ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലും ഭേദചിന്തകളും തജ്ജന്യമായ അയിത്താചരണവും നിലനില്ക്കുന്നു എന്നത് കേവലമായ യാഥാർത്ഥ്യമാണ്.
ഭേദചിന്തയുടെ
ആധാരം
ഭേദങ്ങളില്ലാത്ത പൊരുളിനെ വേദങ്ങൾ ഉദ്ഘോഷിക്കുന്നുവെങ്കിലും അതിന്റെ പ്രയോക്താക്കളായ സനാതനികൾ മനുഷ്യരിൽ ഭേദവും അതിൽത്തന്നെ ഭേദവും ഉണ്ടാക്കി ബ്രഹ്മവിദ്യയെത്തന്നെ വൈകൃതമാക്കിക്കൊണ്ടിരിക്കുന്നു എന്ന് മഹാകവി കുമാരനാശാൻ എഴുതിയത് 'ദുരവസ്ഥ"യിലൂടെയാണ്. ക്ഷേത്രങ്ങളും ആരാധനാലയങ്ങളുമാണ് ജാതിഭേദത്തിന്റെയും അയിത്താചാരത്തിന്റെയും ആധാരകേന്ദ്രങ്ങളെന്ന് ബോധാനന്ദ സ്വാമികൾ പറയുമായിരുന്നു. അതിനാൽ ക്ഷേത്രത്യാഗ പ്രസ്ഥാനത്തിനു തന്നെ സ്വാമികൾ നേതൃത്വം നല്കി. ഗുരുവിന്റെ അവസാന ശിഷ്യനായ ആനന്ദതീർത്ഥർ സ്വാമികളും ഇതേ അഭിപ്രായക്കാരനായിരുന്നു. അദ്ദേഹവും ക്ഷേത്രബഹിഷ്കരണ പ്രസ്ഥാനത്തിന് നേതൃത്വം നല്കി.
ഇന്നത്തെ സർക്കാർ ചെയ്ത നല്ല കാര്യങ്ങളിലൊന്ന് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ അബ്രാഹ്മണ ശാന്തിക്കാർക്കും പൂജ നടത്തുവാൻ പ്രവേശനം നല്കി എന്നുള്ളതാണ്. എന്നാൽ ബഹുഭൂരിപക്ഷം വരുന്ന മുഖ്യക്ഷേത്രങ്ങളും അവർണ പൂജാരികൾക്കു മുന്നിൽ കൊട്ടിയടയ്ക്കപ്പെട്ടിരിക്കുന്നു എന്നത് വസ്തുതയാണ്. ജാതിഭേദം ബാധിച്ച സവർണ തമ്പുരാക്കന്മാർ അവർണ ശാന്തിക്കാർക്ക് ക്ഷേത്ര പ്രവേശനം നല്കുന്നതിൽ ഇന്നും അസഹിഷ്ണുതയുള്ളവരാണ്. ഗുരുവായൂർ, ശബരിമല, കൊടുങ്ങല്ലൂർ, വൈക്കം, ചോറ്റാനിക്കര, ഏറ്റുമാനൂർ തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളിൽ മേൽശാന്തിമാരെ തിരഞ്ഞെടുക്കുവാൻ ദേവസ്വം ബോർഡ് നൽകുന്ന പരസ്യത്തിൽ 'അപേക്ഷകർ ബ്രാഹ്മണരായിരിക്കണം" എന്നെഴുതുവാൻ വിപ്ലവ പാർട്ടികൾക്കു പോലും ഒരു മനസാക്ഷിക്കുത്തുമില്ല.
ഗുരുദേവനോടും
അയിത്തമോ!
ഉപനിഷദ് സാരസർവസ്വവും സാർവജനീനവുമായ വിശ്വപ്രാർത്ഥനയായ ദൈവദശകം ഒരു സവർണ ക്ഷേത്രത്തിൽ ചൊല്ലിയതിലുണ്ടായ വഴക്കും പുക്കാറും ഇന്നും അവസാനിച്ചിട്ടില്ല. അതുപോലെ വിദ്വജ്ജനങ്ങളെല്ലാം ഒരുപോലെ അംഗീകരിച്ചിട്ടുള്ള ഗുരുദേവകൃതങ്ങളായ ദേവീദേവ സ്തുതികൾ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ചൊല്ലാൻ ജാതിഭേ ദം അനുവദിക്കുന്നില്ല. ഗുരുദേവനെ സ്തുതിച്ച് സവർണകവികൾ അടക്കമുള്ളവർ രചിച്ചിട്ടുള്ള ഗുരുസ്തുതികളും ഈ ക്ഷേത്രങ്ങളിൽ വർജ്ജ്യമാണ്. കവിയൂർ രേവമ്മയും യേശുദാസും ജയചന്ദ്രനും അടക്കമുള്ള സംഗീതജ്ഞർ പാടിയ ഗുരുദേവ കൃതികളുടെ റിക്കാർഡ് സംഗീതം പോലും ദേവസ്വം ക്ഷേത്രങ്ങളിൽ അനുവദനീയമല്ല!
ഒരു ഉത്തമ കലാസൃഷ്ടിയായ ഗുരുദേവ കഥകളി തൃപ്രയാർ ക്ഷേത്രത്തിൽ അവതരിപ്പിക്കുന്നതിന് ക്ഷേത്രം തന്ത്രി വിലക്കു കല്പിച്ചതും അടുത്ത കാലത്തു തന്നെയാണ്. സാക്ഷാൽ ഗുരുദേവനെപ്പോലും ജാതിചിന്തയോടെ മാത്രം കാണുന്ന ഈ അന്ധതയ്ക്ക് മാറ്റമുണ്ടാകണം. ക്ഷേത്രപ്രവേശനമെന്നത് അമ്പലത്തിൽ കയറി ദർശനം നടത്തുക എന്നതു മാത്രമല്ല എന്ന് ഇവർ തിരിച്ചറിയണം. ക്ഷേത്രപൂജ നടത്തുവാനും ക്ഷേത്ര ഭരണം നടത്തുവാനും ക്ഷേത്രങ്ങൾ അങ്ങനെ അവർണജനതയാൽ പരിരക്ഷിക്കപ്പെടുവാനും സാധിക്കുമ്പോഴാണ് ശരിയായ ക്ഷേത്രപ്രവേശനം സാദ്ധ്യമാവുക. അങ്ങനെയെങ്കിൽ ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവജനതയ്ക്ക് ക്ഷേത്രപ്രവേശനം ലഭിച്ചിട്ടുണ്ടോ?
ഈ പശ്ചാത്തലത്തിൽ ശ്രീനാരായണഭക്തരും അനുയായികളും ഗുരുദേവ സന്ദേശ പ്രചാരണം അതിശക്തമാക്കേണ്ടതുണ്ട്. അനീതിയും അധർമ്മവും എവിടെയെല്ലാം കുടികൊള്ളുന്നുവോ, അവിടെയെല്ലാം പാഞ്ഞെത്തി തികഞ്ഞ പ്രതികരണക്ഷമതയോടെ പ്രവർത്തിക്കുവാൻ തയ്യാറാകണം. മഹാഗുരുവും അവിടുത്തെ പ്രസ്ഥാനവും കാട്ടിത്തന്ന പാതയിലൂടെ ആത്മപ്രതിജ്ഞയോടെ ഓരോരുത്തരും പ്രവർത്തിക്കണം. ഈ അടുത്തകാലത്ത് ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധർമ്മ പ്രചാരണ സഭ തിരുവനന്തപുരത്ത് ആചാര പരിഷ്കരണ യാത്ര നടത്തിയതും മുഖ്യമന്ത്രിക്കും മറ്റും നിവേദനങ്ങൾ നൽകിയതും ഈ ലക്ഷ്യത്തോടെയാണ്.
ശ്രീനാരായണീയ സമൂഹത്തിന് പുതുജീവൻ കൈവരിക്കാനായത് അരുവിപ്പുറം പ്രതിഷ്ഠയിലൂടെയാണ്. അന്ന് പുതുയുഗം ആരംഭിക്കുകയും ചെയ്തു. പിന്നാക്ക ജനവിഭാഗങ്ങളുടെ ആദിമമായ ആരാധനാമൂർത്തി ശിവപ്പെരുമാനാണ്. ആ ശിവനെ വീണ്ടെടുത്ത് ഗുരുദേവൻ നമുക്കു നൽകിയത് മഹാശിവരാത്രിക്കാണ്. അതോടെ നമ്മുടെ പുരോഗതിയും ആരംഭിച്ചു. അതിനാൽ മഹാശിവരാത്രി ഗുരുദേവഭക്തർ തങ്ങളുടെ നവോത്ഥാന ദിനമായി ആഘോഷിക്കണമെന്ന് അറിയിച്ചുകൊള്ളുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |