SignIn
Kerala Kaumudi Online
Friday, 23 October 2026 8.19 AM IST

മറക്കുന്ന ബന്ധങ്ങൾ, തകരുന്ന ജീവിതം

e

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊല്ലിച്ച യുവതിയും, മുൻകാമുകിക്കൊപ്പം ജീവിക്കാൻ തടസമായ ഭാര്യയെ കൊന്നു കെട്ടിത്തൂക്കുന്ന ഭർത്താവും, കാമുകനെ കഷായത്തിൽ വിഷംചേർത്തു കൊടുത്ത് കൊല്ലുന്ന യുവതിയുമെല്ലാം നിർഭാഗ്യവശാൽ കേരളീയ ജീവിതത്തിന്റെ ഭാഗങ്ങളാവുകയാണ്. കേരളത്തിന് എന്തു സംഭവിക്കുന്നു?​ അന്വേഷണ പരമ്പര...

ഇന്നലെ വരാമെന്നു പറഞ്ഞിട്ട് എന്തുപറ്റി?​ ഞാൻ അയച്ച മെസേജുകൾക്കൊന്നും മറുപടിയില്ലല്ലോ. പുള്ളിക്കാരി വീട്ടിലുണ്ടായിരുന്നോ?​ ഇവിടെ ഇന്ന് ഞാൻ മാത്രമേയുള്ളൂ. ഉച്ചകഴിഞ്ഞ് ഇറങ്ങുമോ?- സ‌ർക്കാർ ഉടമസ്ഥതയിലുള്ള പ്രമുഖ കമ്പനിയിൽ നിന്ന് ഉയർന്ന തസ്തികയിൽ വിരമിച്ച ജീവനക്കാരന്റെ വാട്ട്സ് ആപ്പ് അക്കൗണ്ടിൽ കണ്ടെത്തിയ ചാറ്റും,​ മദ്ധ്യപ്രായക്കാരിയോട് ഇഷ്ടം പ്രകടിപ്പിച്ച് അംഗപ്രത്യംഗ വർണനയോെയുള്ള മറുപടികളും കണ്ടുപിടിച്ചത് ജീവനക്കാരന്റെ,​ വിവാഹപ്രായമെത്തിയ എം.ബി.എക്കാരി മകൾ! സന്ദേശത്തിൽ നിന്ന് കാര്യങ്ങളുടെ കിടപ്പ് ഊഹിച്ചെടുത്ത പെൺകുട്ടി തന്റെ ഫേസ് ബുക്ക് ഫ്രണ്ടും പ്രവാസിയുടെ ഭാര്യയുമായ വീട്ടമ്മയോട് സന്ദേശത്തിന്റെ പൊരുൾ ആരാഞ്ഞു.

ഇരുവരുടെയും അനുരാഗത്തിന്റെ ആഴം തിരിച്ചറിഞ്ഞ പെൺകുട്ടി അമ്മയെ കാര്യങ്ങൾ ധരിപ്പിച്ചു. ഭർത്താവിന്റെ ചതിയിൽ ആത്മനിയന്ത്രണം നഷ്ടപ്പെട്ട അമ്മയും മകളും രഹസ്യക്കാരിയുടെ വീട്ടിലെത്തി. പൊരിഞ്ഞ വഴക്കായി. ഭാര്യയെയും മകളെയും കയറൂരിവിട്ട പുരുഷ സുഹൃത്തിനെതിരെ ലൈംഗികപീഡനത്തിന് വീട്ടമ്മ പൊലീസിൽ പരാതി നൽകി. പീഡനക്കേസിൽ പ്രതിയായ റിട്ട. ജീവനക്കാരൻ കീടനാശിനി കുടിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അത്യാസന്ന നിലയിലാണ്. അവിഹിതം നാടാകെ കുഞ്ഞുങ്ങളുടെയടക്കം ജീവനെടുക്കുമ്പോൾ ഏറ്റവും ഒടുവിൽ ആലപ്പുഴയിൽ നടന്ന സംഭവമാണ് ഇത്.

കഴിഞ്ഞ ഏതാനും മാസങ്ങൾക്കകം നവജാതശിശുക്കൾ ഉൾപ്പെടെ അരഡസനോളം ജീവനുകളാണ് ആലപ്പുഴ ജില്ലയിൽ മാത്രം അവിഹിത ബന്ധങ്ങളുടെ പേരിൽ പൊലിഞ്ഞത്. പൂച്ചാക്കൽ പാണാവള്ളിയിൽ യുവസുഹൃത്തിൽ നിന്ന് ഗർഭിണിയായ യുവതിയും,​ ചേർത്തലയിൽ കാമുകനിൽ നിന്ന് ഗർഭവതിയായ ഭർതൃമതിയും ചോരക്കുഞ്ഞുങ്ങളുടെ ജീവനെടുത്തപ്പോൾ,​ മത്സ്യവിൽപ്പനക്കാരിയായ യുവതിയെ ബോട്ട് ജീവനക്കാരൻ കൊലപ്പെടുത്തി കുഴിച്ചുമൂടിയതും,​ അമ്മയുടെ രഹസ്യക്കാരനെ ഷോക്കടിപ്പിച്ചും രഹസ്യബന്ധം കണ്ടെത്തിയ ഭാര്യയെ തല ഭിത്തിയ്ക്കിടിച്ചും കൊന്നതും ആലപ്പുഴയ്ക്ക് നാണക്കേടുണ്ടാക്കിയ സംഭവ പരമ്പരകളാണ്. കണ്ണൂരിൽ കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന കേസിലെ പ്രതി ശരണ്യയുടെ ആത്മഹത്യാശ്രമവും സമീപദിവസത്തെ സംഭവം തന്നെ.

താത്കാലിക സുഖങ്ങൾക്കായി ബന്ധങ്ങളും ബന്ധനങ്ങളും മറന്നതാണ് സാക്ഷര കേരളത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത ബാലരാമപുരം കോട്ടുകാൽക്കോണത്തെ രണ്ടുവയസുകാരിയുടെ ജീവനെടുത്ത സംഭവത്തിനു പിന്നിൽ. അസമയത്ത് സഹോദരന്റെ നിർബന്ധത്താൽ കിടപ്പറയിലേക്ക് കടന്നുചെന്ന അമ്മയെ അടുത്തുകാണാതെ കരഞ്ഞ കുഞ്ഞ്,​ ആ നിഷിദ്ധബന്ധത്തിനു തടസമായതിന്റെ വിരോധമാണ് അമ്മാവനെ കൊലയാളിയാക്കിയത്. പത്തനംതിട്ടയിൽ അമ്മയുടെ കൺമുന്നിലായിരുന്നു മകൾക്കുനേരെ കാമുകന്റെ പീഡനം.

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ക്വട്ടേഷൻ കൊടുത്ത് കൊല്ലിച്ച യുവതിയും,​ മുൻകാമുകിയോടൊപ്പം ജീവിക്കാൻ തടസംനിന്ന ഭാര്യയെ കൊന്നു കെട്ടിത്തൂക്കുന്ന ഭർത്താവും,​ വിദേശത്തുള്ള ഭർത്താവിനെ മറന്ന് തന്നെക്കാൾ പ്രായം കുറഞ്ഞ ചെറുപ്പക്കാരനുമായി ഒളിച്ചോടുന്ന വീട്ടമ്മയും,​ ഭാര്യയെ ഉറക്കിക്കിടത്തി പരസ്ത്രീകളുമായി ചാറ്റുചെയ്യുന്ന പുരുഷനുമെല്ലാം കേരളീയ കുടുംബ ജീവിതത്തിൽ വന്നുപെട്ട നാണക്കേടുകൾക്ക് നേർസാക്ഷ്യങ്ങളാവുകയാണ്. ദുരാഗ്രഹങ്ങളുടെ പേരിൽ എന്തു കടുംകൈയ്ക്കും മടിയില്ലാതായിരിക്കെ അവിഹിതങ്ങളുടെ പേരിൽ കുടുംബവും പദവികളും നഷ്ടപ്പെട്ടവരും,​ ഒത്തുതീർപ്പിലെത്തിയവരായും അനേകരുണ്ട്.

സർക്കാർ വകുപ്പുകളിൽ പൊതുവിൽ അവിഹിതബന്ധക്കാർ ഏറെയുള്ളത് പൊലീസിലാണെന്നാണ് ഒരു സന്നദ്ധ സംഘടനയുടെ സർവേ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വാദിയോ പ്രതിയോ ആയെത്തുന്ന സ്ത്രീകളുമായുളള സൗഹൃദം ഹണി ട്രാപ്പിലും ഭാര്യയും മക്കളുമായുള്ള വേർപിരിയലിലും മാത്രമല്ല,​ ചിലരുടെ ഐ.പി.എസ് സ്വപ്നങ്ങൾ വരെ തകർക്കുന്നതിലും കലാശിച്ചതിന്റെ കഥകളുണ്ട്. നിനക്ക് വിവാഹം കഴിച്ചുതന്നത് എന്റെ ഭാര്യയെയല്ല,​ മകളെയാണെന്ന് എസ്.ഐ ആയിരുന്ന മരുമകനോട് പൊട്ടിത്തെറിച്ച സീനിയർ ഡിവൈ.എസ്.പി വിരമിക്കുംമുമ്പ് മകളുടെ പ്രായമുള്ള യുവതിയെ പുനർവിവാഹം ചെയ്തതും,​ ചെറുമക്കളുടെ പ്രായമുള്ള മക്കളുമായി ജീവിക്കുന്നതും കാക്കിയിട്ട അവിഹിത കഥകളിലൊന്നു മാത്രം.

വഴിവിട്ട ബന്ധങ്ങളെ എതിർത്ത ഭർത്തൃപിതാവ് ഭാസ്കര കാരണവരെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ഷെറിന്റെ ജയിൽമോചനവും ഉന്നത ജയിലുദ്യോഗസ്ഥന്റെ പേരിലുയർന്ന ആരോപണങ്ങളുടെ പേരിലാണ് ചർച്ച.

വലിപ്പചെറുപ്പമോ പ്രായഭേദമോ ഇല്ലാതെ വ്യാപകമാകുന്ന അവിഹിതങ്ങളുടെയും അവ സൃഷ്ടിക്കുന്ന സാമൂഹ്യ ദുരന്തങ്ങളുടെയും വ്യാപ്തി പറഞ്ഞറിയിക്കാനാവുന്നതിലും വലുതാണ്. സമാധാനപൂർണമായ കുടുംബജീവിതം നയിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. പക്ഷെ അവർക്കുകൂടി ചീത്തപ്പേരുണ്ടാക്കുന്ന വിധം അവിഹിത സംഭവങ്ങൾ ഒടുവിൽ കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള ക്രൂരകൃത്യങ്ങളിലെത്തുന്നു!

(തുടരും)​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION