
ശ്രീനാരായണ ഗുരുദേവൻ അരുവിപ്പുറം പ്രതിഷ്ഠ നടത്തിയിട്ട് ഈ 26-ന് 137 വർഷം പൂർത്തിയാവുകയാണ്. ഇത്രയും വർഷങ്ങൾകൊണ്ട് മനുഷ്യൻ ബൗദ്ധികമായും മാനസികമായും എത്രമാത്രം വികാസം പ്രാപിച്ചു! ഉപരിപ്ലവമായ മാറ്റങ്ങൾ പലതും സംഭവിച്ചിട്ടുണ്ടെന്ന് സമ്മതിക്കുമ്പോഴും, ആന്തരികമായി നാം മാറിയിട്ടില്ല എന്നതിന്റെ തെളിവുകളാണ് നിത്യം കണ്ടുകൊണ്ടിരിക്കുന്നത്. തമോഗുണത്തിന്റെയും രജോഗുണത്തിന്റെയും ആധിപത്യം സ്വത്വഗുണത്തിലേക്ക് ആ ജീവനെ തടയുന്നു. ഇക്കൂട്ടർ ഗുരുദേവനെ പ്രീതിപ്പെടുത്തുവാനെന്ന വ്യാജേന ഗുരുക്ഷേത്രങ്ങളിൽ പൊങ്കാലയിടുകയും ഗുരുവിന് ഗുളികൻ കൂടിയെന്നു പറഞ്ഞ് പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ഗുരുക്ഷേത്രങ്ങളിൽ ബലിക്കല്ലുകൾ സ്ഥാപിക്കുകയും മറ്റും ചെയ്യുന്നതു കാണുമ്പോൾ എവിടെ നിന്ന് ആരെയാണ് നമ്മൾ തിരുത്തേണ്ടത്?
പരിപൂർണനായ ഗുരുദേവൻ ആയുസും വപുസും ആത്മതപസും അർപ്പിച്ചത് ഇവരുടെ ഉന്നമനത്തിനു വേണ്ടിയായിരുന്നു . ഒരു കുഞ്ഞ് എങ്ങനെ ജനിക്കണം, പരിപാലിക്കണം, എപ്പോൾ പേരിടണം, അന്നപ്രാശം നടത്തണം , വിദ്യാരംഭം ആരെക്കൊണ്ട് ചെയ്യിക്കണം, വിദ്യാഭ്യാസം എങ്ങനെയായിരിക്കണം മാതാപിതാക്കൾ എങ്ങനെയായിരിക്കണം.... തുടങ്ങിയവയെല്ലാം ഉപദേശിക്കുന്ന ശ്രീനാരായണ ധർമ്മത്തിന്റെ മർമ്മം ഉൾക്കൊണ്ട് ജീവിക്കുവാൻ ഗുരുഭക്തർ തയ്യാറാകുന്നില്ല. ഈ ധർമ്മത്തെ പരിപാലിക്കുവാനും പരിപോഷിപ്പിക്കുവാനും വേണ്ടിയായിരുന്നു എസ്.എൻ.ഡി.പി യോഗത്തിന്റെയും ശ്രീനാരായണ ധർമ്മ സംഘത്തിന്റെയും പിറവിക്ക് ഗുരു ബീജാവാപം ചെയ്തത്.
പക്ഷേ ഈ അടിത്തറയില്ലാതെ ഗൃഹസ്ഥാശ്രമത്തിൽ നിത്യാനുഷ്ഠാനങ്ങളില്ലാതെ, അർഹിക്കാത്ത സ്വാതന്ത്ര്യത്തോടെ ആത്മോപദേശശതകാദികൾ പോലെ അതിസൂക്ഷ്മത ആവശ്യമുള്ള അതിഗഹന തത്വങ്ങളെ എടുത്ത് പ്രയോഗിക്കുന്ന പണ്ഡിതമ്മന്ന്യന്മാരെക്കൊണ്ട് സമൂഹം നിറഞ്ഞിരിക്കുന്നു! എന്നിട്ട് ഇവർ ചോദിക്കുന്നു, ഗുരുവിനെയും ഗുരു ദർശനത്തെയും മറ്റുള്ളവർ എന്തുകൊണ്ട് ഉൾക്കൊള്ളുന്നില്ല എന്ന്! ആദ്യം സ്വയം അനുഷ്ഠിക്കുകയും മനസിലാക്കുകയും വേണം. അത് ഗുരു വിഭാവനം ചെയ്ത രീതിയിലായിരിക്കുകയും വേണം. കൃത്യമായ സാധനാനുഷ്ഠാനമില്ലാതെ ആർക്കും ഗുരുദർശനം മനസിലാകില്ലെന്ന വസ്തുത ആദ്യം മനസിലാക്കണം.
നമുക്ക് ബുദ്ധിയുണ്ടാകാം. പക്ഷേ, ഹൃദയത്തിൽ കുടികൊള്ളുന്ന ചൈതന്യത്തെ തിരിച്ചറിയാതെ മറ്റുള്ളവരിലും ആ ചൈതന്യത്തെ ദർശിക്കുവാൻ സാദ്ധ്യമല്ല. ഷഡ്‌വൈരികൾ കൊണ്ട് സമ്പന്നമാണ് ഓരോരുത്തരുടെയും മനസും ബുദ്ധിയും. അതിനെ ഇല്ലായ്മ ചെയ്യുവാനാണ് സാധന. സാധനാസമ്പന്നനായ ഒരാളിൽ നിന്ന് അതു മനസിലാക്കി മുന്നോട്ടു പോകണം. ഇതിനെയാണ് തപസ് എന്നു പറയുന്നത് എത്രയോ വർഷത്തെ കഠിന തപസിനു ശേഷമാണ് പരമഗുരു ഈ ദർശനത്തെ മാനവരാശിക്കു മുന്നിൽ അവതരിപ്പിച്ചത്. ആ ദർശനത്തെ കുരങ്ങന്റെ കൈയിൽ കിട്ടിയ പൂമാല പോലെ പിച്ചിച്ചീന്തുന്നതു കാണുമ്പോൾ ഹൃദയത്തിൽ ഒരു വിങ്ങൽ അനുഭവപ്പെടുന്നു.
137 വർഷം മുമ്പ്, ജാതിഭേദമോ മതദ്വേഷമോ ഇല്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം സൃഷ്ടിക്കുവാൻ അദ്വൈത ജ്ഞാനത്തിന്റെ അടിത്തറ പാകുവാനാണ് നെയ്യാറിൽ നിന്ന് ഉത്തമമായ ശിവലിംഗം എടുത്ത് ഗുരു പ്രതിഷ്ഠ നടത്തിയത്. തമസിൽ നിന്ന് രജസിലേക്കും, രജസിൽനിന്ന് സ്വത്വത്തിലേക്കും അവൻ ഉണർന്ന് അവന്റെ ഹൃദയത്തിൽ കുടികൊള്ളുന്ന ചൈതന്യം തിരിച്ചറിഞ്ഞ്, താൻ ആരുടെയും അടിമയല്ലെന്നും എല്ലാത്തിനെയും പ്രകാശിപ്പിക്കുന്ന ചൈതന്യമാണെന്നും ഉള്ള തിരിച്ചറിവിൽ, മറ്റുള്ളവരും തന്നിൽ നിന്ന് അന്യരല്ലെന്ന അറിവിൽ തെളിയണം.
ഈ അറിവിനെ തിരിച്ചറിഞ്ഞു വേണം ഇന്നത്തെ ചില ആചാരങ്ങളെ വിലയിരുത്തുവാൻ. ഗുരു നമ്മോട് ഉപദേശിച്ചതും സ്വയം ചെയ്തുകാണിച്ചതും അവനവന്റെ അസ്തിത്വം തിരിച്ചറിഞ്ഞ് സ്വന്തം നട്ടെല്ലിൽ നിൽക്കണം എന്നാണ്. വിദ്യാ വിഹീനരായ ഒരുകൂട്ടം ജനതയെ സ്വാർത്ഥമതികളായ വ്യക്തികൾ അകറ്റിനിറുത്തിയിരുന്നു. വിദ്യാ വിഹീനരായതുകൊണ്ട് മാനസിക അടിമത്തം പേറുന്നവരായിരുന്നു അവർ. അതുകൊണ്ട് എവിടെയാണോ നമ്മെ പ്രവേശിപ്പിക്കാത്തത്, അവിടേയ്ക്ക് നാം പോകേണ്ട. സ്വന്തം കാലിൽ നിൽക്കാൻ വിദ്യകൊണ്ട് സ്വതന്ത്രരാക്കണം.
മറ്റു ക്ഷേത്രങ്ങളിൽ വസ്ത്രമിട്ടോ ഇടാതെയോ പോകുന്നതല്ല പ്രധാനം. നമുക്ക് സ്വസ്ഥമായി പ്രാർത്ഥിക്കുവാനും ധ്യാനിക്കുവാനും വിചാരം ചെയ്യുവാനും പരമഗുരു ധാരാളം ക്ഷേത്രങ്ങളും ആശ്രമങ്ങളും സ്ഥാപിച്ചു നൽകിയിട്ടുണ്ട് ഇനിയെങ്കിലും ആ പുണ്യസ്ഥലങ്ങളിൽ പോയിരുന്ന് പ്രാർത്ഥിക്കുക. നമ്മെ ചവിട്ടിപ്പുറത്താക്കുന്ന സ്ഥലങ്ങളിലേക്ക് പോകാതിരിക്കുക. അവിടെ പണം കൊടുക്കാതിരിക്കുക. പക്ഷേ ആ നിലപാട് എടുക്കുവാനുള്ള ധൈര്യം വേണം. സംഘടിച്ച് ശക്തരാകുവാനാണ് ഗുരു ആഹ്വാനം ചെയ്തത്. വിദ്യയിൽ നിന്ന് ലഭിക്കുന്ന ഊർജ്ജം ഉൾക്കൊണ്ട്, ഉപരിപ്ലവമായ ചിന്തകളും ആചാരാനുഷ്ഠാനങ്ങളും 137 വർഷങ്ങൾക്കു ശേഷവും നാം ഉപേക്ഷിച്ചില്ല എന്നത് വൻ ദുരന്തമാണ്.
അരുവിപ്പുറം ക്ഷേത്രത്തിലെ ഉത്സവത്തോടും വാർഷികത്തോടും അനുബന്ധിച്ച് ഗുരുവിനോടുള്ള കടപ്പാടിന്റെ ഭാഗമായി നാം ആദ്യം അനുഷ്ഠിക്കേണ്ടത് ഗുരുവിന്റെ പവിത്രനാമം മന്ത്രരൂപേണ ഉരുവിടുകയാണ്. അതിനായി ഒരുകോടി മന്ത്രജപത്തിനാണ് മൂലസ്ഥാനമായ അരുവിപ്പുറത്തു നിന്ന് ആരംഭം കുറിക്കുന്നത്. ജീവിതം കൃതകൃത്യമാക്കുവാനും സാത്വിക ബുദ്ധിയും ഹൃദയവും വികസിക്കുവാനും ഈ മന്ത്രം അത്യുത്തമമാണ്. അതിനെ കുറച്ചുകൂടി തേജസുറ്റതാക്കുവാൻ 'ഓം ശ്രീ നാരായണ പരമ ഗുരവേ നമ:" എന്ന മന്ത്രം ജപിച്ച് ഈ സംസാര സമുദ്രത്തിന്റെ മറുകരയെത്തിക്കുന്ന കപ്പിത്താനായ ഗുരുവിനെ ആശ്രയിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന തിരിച്ചറിവ് ഏവർക്കും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |