SignIn
Kerala Kaumudi Online
Friday, 23 October 2026 10.27 AM IST

അവതാരകന് സമ്മാനം തലയ്ക്കടി !

d

സി.പി.എം ഭരിക്കുന്ന പത്തനംതിട്ട നഗരസഭ നിർമ്മാണം പൂർത്തിയാക്കിയ ടൗൺ സ്ക്വയർ ഉദ്ഘാടന ചടങ്ങിൽ അവതരാകനായിയെത്തിയ മലയാളം ഭാഷാ അദ്ധ്യാപകനും ചെറുകഥാ കൃത്തുമായ ബിനു കെ.സാമിനെ സി.പി.എം നേതാക്കളുടെ നേതൃത്വത്തിൽ മർദ്ദിച്ചുവെന്ന വെളിപ്പെടുത്തൽ വിവാദമായിരിക്കുന്നു.

അവതാരകൻ അവതരിപ്പിച്ച് കുളമാക്കിയെന്നാരോപിച്ച് നേതാക്കൾ തലയ്ക്കടിച്ച് സമ്മാനം നൽകുകയായിരുന്നുവത്രെ. അടി കിട്ടിയത് അവതാരകനാണെങ്കിലും വേദനിച്ചത് സി.പി.എമ്മുകാരനായ നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈനാണ്. അദ്ദേഹം നിർബന്ധപൂർവം അവതാരകനായി ക്ഷണിച്ചു വരുത്തിയതാണ് ഭാഷാ വിദഗ്ദ്ധൻ കൂടിയായ ബിനു കെ സാമിനെ. അടികൊണ്ട ബിനു ഓടിയെത്തിയപ്പോൾ ചെയർമാൻ മാപ്പു പറഞ്ഞ് സാന്ത്വനിപ്പിച്ചു. അപ്രതീക്ഷിതമായി കിട്ടിയ മർദ്ദന കാരണം അന്വേഷിച്ച് എങ്ങോട്ടും പോകേണ്ട. നഗരസഭാ ചെയർമാനും ആറൻമുള മണ്ഡലത്തിന്റെ എം.എൽ.എ കൂടിയായ ആരോഗ്യ മന്ത്രി വീണാജോർജും തമ്മിലുള്ള പടലപ്പിണക്കത്തിന് അടുത്തിടെയായി കടുപ്പമേറിയിട്ടുണ്ട്. ഇത് ഏറെനാളായി ആളുകൾ ചർച്ച ചെയ്യുന്ന കാര്യമാണ്. പാർട്ടിയിലെ മറ്റു നേതാക്കളിലേക്കും ഇത് വ്യാപിച്ചു. സി.പി.എം ജില്ലാ കമ്മറ്റിയംഗമായ സക്കീർ ഹുസൈനൊപ്പം നഗരത്തിലെ ചില നേതാക്കൾ ഉറച്ചു നിൽക്കുമ്പോൾ ഏരിയ സെക്രട്ടറിയടക്കം പ്രധാന ചുമതലയുള്ള നേതാക്കൾ മന്ത്രി പക്ഷമാണ്. പത്തനംതിട്ട നഗരത്തിൽ മന്ത്രിതന്നെ കൊണ്ടുവന്ന അബാൻ മേൽപ്പാലം നിർമ്മാണം ഇഴഞ്ഞു നീങ്ങുകയാണ്. 2021ൽ ആരംഭിച്ച മേൽപ്പാല നിർമ്മാണത്തിന്റെ കാലപരിധി ഒന്നര വർഷമായിരുന്നു. ഇപ്പോഴത്തെ സ്ഥിതിയിൽ പണി പൂർത്തിയാകാൻ ഒരു വർഷമെങ്കിലും വേണ്ടിവരും. നഗരത്തിലെ സ്ഥലം ഏറ്റെ‌ടുക്കലാണ് വലിയ വെല്ലുവിളി. ഇത് മറികടക്കാൻ നഗരസഭ ചെയർമാൻ സഹകരിക്കുന്നില്ലെന്ന ആക്ഷേപം മന്ത്രിക്കൊപ്പമുള്ളവർക്കുണ്ട്. ഇതിനിടെയാണ് ഞൊടിയിടയിൽ ടൗൺ സ്ക്വയർ നിർമ്മാണം നഗരസഭ പൂർത്തീകരിച്ച് സ്പീക്കർ എ.എൻ. ഷംസീറിനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചത്. ടൗൺ സ്ക്വയർ കവാടത്തിന് റിട്ട. ജസ്റ്റീസ് ഫാത്തിമ ബീവിയുടെ പേര് നാമകരണം ചെയ്യേണ്ട ചുമതല മന്ത്രി വീണാജോർജിനും നൽകി. ചടങ്ങിൽ അവതാരകനായി ബിനു കെ. സാമിനെ ക്ഷണിച്ചത് നഗരസഭ ചെയർമാനാണ്. സ്പീക്കറെയും മന്ത്രിയെയും പറ്റി അതിരുകടന്ന പരാമർശങ്ങൾ അവതാരകൻ നടത്തിയെന്നാണ് സി.പി.എം നേതാക്കളുടെ ആരോപണം. സ്പീക്കർ സംസാരിക്കാൻ എഴുന്നേറ്റ് രണ്ടു മിനിട്ട് കഴിഞ്ഞാണ് അവതാരകൻ മൈക്ക് നൽകിയതെന്നും നേതാക്കൾ പറഞ്ഞു. ഇതേപ്പറ്റി ചടങ്ങു കഴിഞ്ഞ് വേദിയിൽ നിന്ന് ഇറങ്ങിയപ്പോൾ പ്രതിഷേധം അറിയിക്കുകയായിരുന്നുവെന്നാണ് നേതാക്കൾ പറയുന്നത്.

പോരിന്റെ ബലിയാട്

തന്നെ സി.പി.എം നേതാക്കൾ വളഞ്ഞുവച്ച് മർദ്ദിച്ചുവെന്ന് അവതാരകൻ പറഞ്ഞു. പരാതി കൊടുക്കുന്നില്ല. കേസും നിയമനടപടിയുമായി മുന്നോട്ടുപോകാൻ അദ്ദേഹത്തിന് താൽപ്പര്യമില്ല. മർദ്ദിച്ചത് ഭരണപക്ഷ പാർട്ടിആയതിനാൽ പൊലീസിനെ വിശ്വാസിക്കാൻ പറ്റില്ലെന്ന നിലപാടിലാണ് അവതാരകൻ പരാതി നൽകാത്തത്.സി.പി.എമ്മിലെ ഉൾപ്പാർട്ടി പോരിൽ താൻ ബലിയാടാവുകയായിരുന്നുവെന്ന് അദ്ദേഹം പരിതപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായി ശബരിമലയിൽ വന്ന പരിപാടിയിൽ അവതാരകനായിരുന്നത് ബിനു കെ. സാമാണ്. മന്ത്രിമാരുടെയും സർക്കാരിന്റെയും പരിപാടികളിലും അവതാരകനായിട്ടുണ്ട്. വേദിയിൽ പ്രസംഗകന്റെ സ്ഥലത്തു നിന്ന് സംസാരിച്ചുവെന്നാണ് മർദ്ദിച്ചവർ പറയുന്നത്. എവിടെ നിൽക്കണമെന്ന് അവരല്ല പറയേണ്ടത്. പ്രതിഷേധമുണ്ടെങ്കിൽ മർദ്ദിക്കുകയാണോ ചെയ്യേണ്ടതെന്ന അവതാരകന്റെ ചോദ്യം പ്രസക്തമാണ്. പക്ഷെ, സി.പി.എമ്മിന് മുന്നിൽ ആ ചോദ്യത്തിന് പ്രസക്തിയില്ലെന്ന് കോൺഗ്രസുകാർ പറയുന്നു. മന്ത്രിയും നഗരസഭ ചെയർമാനും തമ്മിലുള്ള പോരിന്റെ ഇരയാണ് അവതാരകനെന്ന് കോൺഗ്രസ് പരിഹസിക്കുന്നു. അവതാരകനെ മർദ്ദിച്ചിട്ടില്ലെന്നും പ്രതിഷേധം അറിയിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സി.പി.എം ഏരിയ സെക്രട്ടറി എം.വി സഞ്ജുവിന്റെ മറുപടി. സ്പീക്കർ ഷംസീർ പ്രസംഗിക്കാൻ അവതാരകന്റെ അടുത്ത് 2മിനിട്ടിലേറെ കാത്തുനിൽക്കേണ്ടി വന്നത് മോശമായി. കോൺഗ്രസുകാരനായ അവതാരകൻ സമയം അപഹരിക്കുകയായിരുന്നുവെന്ന് സഞ്ജു പറഞ്ഞു. കോൺഗ്രസുകാരനാണെങ്കിലും അവതാരകനായി വലിഞ്ഞു കയറി വന്നയാളല്ല ബിനു കെ.സാം. അവതരണത്തിന് നല്ല ഭാഷ വശമുള്ളതുകൊണ്ടാണ് രാഷ്ട്രീയം നാേക്കാതെ അദ്ദേഹത്തെ സംഘാടകർ വിളിക്കുന്നത്. പ്രസംഗവും അവതരണവും കലയാണെന്നാണ് പൊതു വിലയിരുത്തൽ.

തുടക്കം ഗംഭീരമായി

ടൗൺ സ്ക്വയർ നാടിന് തുറന്നു കൊടുത്തതിന്റെ ആദ്യ ദിനം തന്നെ ഗംഭീരമായി. അടി കൊടുത്ത് തുടങ്ങിയ സ്ക്വയറിൽ ഇനി എന്തെല്ലാം കാണാനിരിക്കുന്നുവെന്നാണ് പിന്നാമ്പുറ സംസാരം. പൂന്താേട്ടം, പാർക്ക്, സായാഹ്ന കൂട്ടായ്മ തുടങ്ങിയ കാര്യങ്ങൾക്ക് ഒരിടമാണ് ടൗൺസ്ക്വയർ. ജില്ല രൂപീകരിക്കാൻ കാരണക്കാരനാവുകയും നഗരം ഇന്നത്തെ നിലയിൽ രൂപകൽപ്പന ചെയ്തതുമായ കെ.കെ നായർ എന്ന മഹാനായ മനുഷ്യന്റെ പ്രതിമ സാക്ഷിയായിട്ടാണ് ആദ്യ കലാപരിപാടി അരങ്ങേറിയത്. വാർത്താ പ്രാധാന്യത്തിൽ പത്തനംതിട്ടയിൽ ഒതുങ്ങേണ്ട ടൗൺ സ്ക്വയർ ഉദ്ഘാടനം സി.പി.എം നേതാക്കൾ വിവാദത്തിലാക്കിയതോടെ ജില്ലയ്ക്ക് പുറത്തും സമൂഹമാദ്ധ്യമങ്ങളിലും വൻപ്രചാരം നേടി. മന്ത്രിയും ചെയർമാനും തമ്മിലുള്ള വടംവലിക്ക് സ്വന്തം പാർട്ടിക്കാർ തന്നെ വലിയ പ്രചാരം നൽകി. നഗരസഭയുടെ അധീനതയിലായിരുന്ന പത്തനംതിട്ട ജനറൽ ആശുപത്രി ജില്ലാ പഞ്ചായത്തിന് കീഴിലാക്കി ആരോഗ്യ വകുപ്പിന്റെ ഉത്തരവിറങ്ങയതോടെയാണ് ഇരുപക്ഷവും തമ്മിലുള്ള പോര് രൂക്ഷമായത്. പ്രശ്നം ചർച്ച ചെയ്തു പരിഹരിക്കുന്നതിൽ പാർട്ടി ജില്ലാ നേതൃത്വത്തിന് സംഭവിച്ച വീഴ്ച കാര്യങ്ങൾ കൈവിട്ടുപോകാനിടയായി. ചെയർമാനും മന്ത്രിയും രണ്ട് വഴിക്കായതിന്റെ കാരണങ്ങൾ പരിശോധിക്കേണ്ട ഉത്തരവാദിത്വം പാർട്ടിക്കാണ്. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തുവരികയാണ്. കോൺഗ്രസിൽ നിന്ന് സി.പി.എം പിടിച്ചെടുത്ത മണ്ഡലമാണ് ആറൻമുള. ഇവിടെ പാർട്ടിയിലെ രണ്ടു പക്ഷങ്ങൾ പോരടിക്കുന്നത് കോൺഗ്രസിനും ബി.ജെ.പിക്കും ആയുധമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION