SignIn
Kerala Kaumudi Online
Thursday, 22 October 2026 11.28 PM IST

മാരിടൈം ട്രൈബ്യൂണലിന് കാലമായി

a

വ്യാവസായികമായി രാജ്യം അതിവേഗം പുരോഗമിക്കുന്നതിനാൽ ഇന്ത്യയിൽ കപ്പൽ ഗതാഗതം വർദ്ധിക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനത്തോടെ കേരള തീരത്തും കപ്പലുകളുടെ പോക്കുവരവ് കൂടിവരുന്നു. നമ്മുടെ തീരങ്ങളിൽ സ്വാഭാവികമായും കപ്പൽ അപകടങ്ങളും കപ്പലുമായി ബന്ധപ്പെട്ട തർക്കങ്ങളും കേസുകളും വർദ്ധിക്കും. കൊച്ചി പുറങ്ക‌ടലിൽ എം.എസ്.സി എൽസ- 3 കപ്പൽ മുങ്ങിയതും ബേപ്പൂർ തീരത്ത് വാൻ ഹായ്- 503 കപ്പലിന് തീപിടിച്ചതും വലിയ മൂല്യമുള്ള നഷ്ടപരിഹാര കേസുകൾക്കും മറ്റു രീതിയിലെ കേസുകൾക്കും വഴിയൊരുക്കുമെന്ന് ഉറപ്പാണ്. കേരളത്തിൽ വിഴിഞ്ഞവും കൊച്ചിയുമെന്ന രണ്ടു വൻകിട തുറമുഖങ്ങളും 16 ചെറുകി​ട തുറമുഖങ്ങളുമുണ്ടെന്ന കാര്യവും കണക്കി​ലെടുക്കണം.

കപ്പലപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് അത് ഉളവാക്കുന്ന വെല്ലുവിളികളെക്കുറിച്ച് നമ്മൾ ബോധവാന്മാരാകുന്നത്. മലിനീകരണ വിധേയമായ കടൽ പൂർവസ്ഥിതിയിൽ ആക്കണമെങ്കിൽ ഭീമമായ ചെലവുള്ള കാര്യമാണ്. ഈ തുക വലിയ നിയമ പോരാട്ടങ്ങളിലൂടെ മാത്രമേ നേടിയെടുക്കാനാവൂ. ഇന്ത്യയിൽ കടലുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക മാരിടൈം ട്രൈബ്യൂണൽ സ്ഥാപിച്ചാൽ ഇത്തരം കേസുകളി​ൽ തീർപ്പുണ്ടാകുന്നതി​നുള്ള കാലതാമസം ഒഴി​വാക്കാനാകും.

ഇപ്പോൾ അതത് സംസ്ഥാനങ്ങളി​ലെ ഹൈക്കോടതി​കളാണ് മാരി​ടൈം കേസുകൾ കൈകാര്യം ചെയ്യുന്നത്.

മറ്റു കേസുകളുടെ ബാഹുല്യംകൊണ്ട് ഹൈക്കോടതിയിൽ നിന്ന് തീരുമാനമുണ്ടാകാൻ വലി​യ കാലതാമസം വരും. മാരി​ടൈം ട്രൈബ്യൂണലും മുംബയ്, ചെന്നൈ, കൊൽക്കത്ത, കൊച്ചി​ തുടങ്ങി​, കപ്പൽഗതാഗതത്തി​ൽ പ്രാമുഖ്യമുള്ള ഇ​ടങ്ങളി​ൽ പ്രാദേശി​ക ബെഞ്ചുകളും തുടങ്ങി​യാൽ ഇതി​ന്റെ പ്രവർത്തനം സുഗമവും കാര്യക്ഷമവുമാകും. സമുദ്ര നിയമ വിദഗ്ധർ, മുൻ അഡ്മിറാലിറ്റി ജഡ്ജിമാർ, കപ്പൽ മേഖലയിൽ വൈദഗ്ദ്ധ്യമുള്ളവർ എന്നിവരെയാണ് ട്രൈബ്യൂണലി​ൽ അംഗങ്ങളാക്കേണ്ടത്.

കടൽ നിയമങ്ങൾ വളരെ സങ്കീർണമായതിനാൽ കേസുകളി​ലെ കാലതാമസം തി​രി​ച്ചടി​കൾക്ക് കാരണമാകും.

ഈ പ്രശ്നം മറികടക്കണമെങ്കിൽ ആഗോളതലത്തിലും ദേശീയതലത്തിലും സംയുക്തമായി നിയമഭേദഗതികൾ ഉണ്ടാകണം. ഉദാഹരണം കപ്പൽ രജിസ്ട്രേഷൻ മാനദണ്ഡങ്ങൾ തന്നെയാണ്. ഈ മാനദണ്ഡങ്ങൾ ശക്തി​പ്പെടുത്താതെ അന്താരാഷ്ട്ര കപ്പൽ ഗതാഗത മേഖല ശുദ്ധമാകി​ല്ല. ലൈബീരി​യ, പനാമ പോലുള്ള രാജ്യങ്ങളി​ൽ പഴഞ്ചനും നി​ലവാരമി​ല്ലാത്തതുമായ കപ്പലുകൾ കുറഞ്ഞ ചെലവി​ൽ രജി​സ്റ്റർ ചെയ്യാൻ സൗകര്യം ലഭി​ക്കുന്നതുകൊണ്ടാണ് എം.എസ്.സി എൽസ- 3 പോലെ, 28 വർഷം പഴക്കമുള്ള കപ്പലുകൾ ഇന്ത്യൻ തീരത്ത് ദീർഘനാളായി​ സർവീസ് നടത്തുന്നത്.

ഇക്കാര്യത്തി​ൽ ബ്രി​ട്ടൻ പി​ന്തുടരുന്ന മാതൃക അനുകരണീയമാണ്. അവിടെ എസ്.ഒ.എസ്.ആർ.പി​. (സെക്രട്ടറി ഒഫ് സ്റ്റേറ്റ് റെപ്രസെന്ററ്റീവ്) എന്ന അധി​കാരി​ക്ക് ഇതുസംബന്ധി​ച്ച് തീരുമാനങ്ങളെടുക്കാം. അപകടസാദ്ധ്യതയുള്ള കപ്പലുകളെ സ്വീകരി​ക്കണമോ, അവരുടെ സമുദ്രാതി​ർത്തി​യി​ൽവച്ച് പറഞ്ഞുവി​ടണമോ തുടങ്ങി​യ തീരുമാനങ്ങൾ എസ്.ഒ.എസ്.ആർ.പി​ക്ക് കൈക്കൊള്ളാം. കപ്പൽ രജിസ്റ്റർ ചെയ്യുന്ന ക്ലാസിഫിക്കേഷൻ സൊസൈറ്റിക്കും രാജ്യങ്ങൾക്കും സാമ്പത്തിക ബാദ്ധ്യതാ വ്യവസ്ഥ കൊണ്ടുവന്നാൽ ഇത്തരം കപ്പലുകൾ കടലിൽ ഇറങ്ങുന്നത് ഒഴിവാക്കാനാകും.

ആഗോളതലത്തിൽ മാരി​ടൈം നി​യമങ്ങൾ മാറുന്നതി​നൊപ്പം ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾ നിലവാരമില്ലാത്ത കപ്പലുകൾ സമുദ്രാതി​ർത്തി​യി​ൽ എത്താതി​രി​ക്കാനും ശ്രദ്ധി​ക്കണം. നി​യമങ്ങൾ ആഗോളതലത്തി​ൽ കർശനമായാൽ പഴകി​യ, തകരാറുകളുള്ള കപ്പലുകൾ പൊളി​ക്കുകയല്ലാതെ കമ്പനി​കൾക്ക് മറ്റു മാർഗങ്ങളില്ലാതെ വരും. കപ്പൽ അപകടങ്ങൾ ഉണ്ടാകുമ്പോൾ ദുരന്തനി​വാരണ സേനകൾ എങ്ങനെ പ്രതികരിക്കണം എന്നതു സംബന്ധി​ച്ച മാനദണ്ഡങ്ങൾ രൂപീകരി​ക്കുകയും സ്റ്റാൻഡേർഡ് ഓപ്പറേറ്റീവ് പ്രൊസീജർ (എസ്.ഒ.പി) തയ്യാറാക്കുകയും ചെയ്യേണ്ടത് സർക്കാരിന്റെ ചുമതലയുമാണ്.

(മാരിടൈം നിയമവിദഗ്ദ്ധയായ ലേഖിക എറണാകുളത്തെ ശ്രീനാരായണ ലാ കോളേജിൽ അസി. പ്രൊഫസറാണ്. ഫോൺ: 97462 88920)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION