
''Violence, violence, violence. I don't like it. I avoid... But violence likes me. I can't avoid...'' യുവതലമുറ ഏറ്റെടുത്ത കെ.ജി.എഫ് ഡയലോഗാണിത്. ഇതിൽപ്പറയും പോലെ വയലൻസ് അവോയ്ഡ് ചെയ്യാൻ പറ്റാത്ത തലത്തിലേക്ക് കുട്ടികളിൽ ഒരു വിഭാഗം എത്തിപ്പെട്ടിരിക്കുകയാണ്. അതിന് സിനിമയുടെ സ്വാധീനവും ഒരു കാരണമാണെന്ന് ബോദ്ധ്യമായിക്കഴിഞ്ഞു. നിയമസഭയടക്കം ഇത് ചർച്ച ചെയ്തു. വീട്ടുകാരേയും ബന്ധുക്കളേയും തകർക്കാൻ ചുറ്റികയുമായി ചുറ്റിക്കറങ്ങിയ ആൾ, അയൽവീട്ടിലെ മൂന്നുപേരെ ഇരുമ്പു കൊണ്ട് തല്ലിക്കൊന്നയാൾ, നഞ്ചക്കു കൊണ്ട് സഹപാഠിയുടെ തലയും ജീവനും തകർത്ത പത്താം ക്ലാസുകാർ, നഴ്സിംഗ് വിദ്യാർത്ഥിയെ ഹോസ്റ്റലിൽ കെട്ടിയിട്ട് കോമ്പസ് കൊണ്ട് വരഞ്ഞ്, നീറുന്ന ലോഷൻ ഒഴിച്ചു കൊല്ലാക്കൊല ചെയ്ത സീനിയേഴ്സ്...
സമീപകാലത്ത് ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതിന് പിന്നിൽ സിനിമയുടെ സ്വാധീനമുണ്ടെന്ന ചർച്ചകളാണ് ബലപ്പെടുന്നത്. സിനിമയ്ക്ക് അത്തരത്തിൽ സ്വാധീനം ചെലുത്താനാകില്ലെന്ന വാദമുഖങ്ങൾ മുമ്പുണ്ടായിരുന്നു. എന്നാൽ 'ദൃശ്യം' മോഡൽ കൊലപാതകങ്ങളടക്കം അതിന് മറുപടിയായി. അടുത്തിടെ, ഭാര്യയെ വെട്ടിനുറുക്കി കുക്കറിൽ വേവിച്ച ഇതര സംസ്ഥാനക്കാരന് 'സൂക്ഷ്മദർശിനി ' സിനിമയാണ് പ്രചോദനമായതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വയലൻസിന്റെ പേരിൽ ഏറെ പഴി കേട്ട
'മാർക്കോ'യെ മുതിർന്ന തലമുറ തള്ളിപ്പറഞ്ഞപ്പോൾ, വിദ്യാർത്ഥികൾ ആവേശത്തോടെയാണ് കണ്ടു കൈയടിച്ചതെന്നോർക്കണം. വയലൻസ് കാണാൻ സിനിമ വേണമെന്നില്ലല്ലോ എന്നൊരു ചോദ്യമുണ്ട്. വെബ് സീരീസുകളിലും ക്രൂരദൃശ്യങ്ങളുണ്ട്. ഇന്റർനെറ്റിൽ നിന്നും ഡാർക് വെബിൽ നിന്നും തപ്പിയെടുക്കുകയുമാകാം. മാറ്റം സിനിമയിൽ നിന്നാകട്ടേ, എന്നാണ് ഇതിന് മറുപടി.
കൊന്നുതള്ളുന്നവർ
നാട്ടിൽ കുട്ടിക്കുറ്റവാളികളടക്കം ഉറഞ്ഞുതുള്ളുന്ന സാഹചര്യത്തിൽ സിനിമാക്കാർ ആത്മപരിശോധനയ്ക്ക് തയാറായി. 'ജയിലർ' സിനിമയിൽ രജനീകാന്തിന്റെ കഥാപാത്രം വാഴത്തണ്ട് വെട്ടുംപോലെ മനുഷ്യരുടെ തലവെട്ടുന്ന ദൃശ്യം കണ്ട് ഞെട്ടിയെന്ന് വെളിപ്പെടുത്തിയത് പ്രശസ്ത സംവിധായകൻ ബ്ലെസ്സിയാണ്. അടുത്ത സമയത്ത് സിനിമകളിൽ നിർദാക്ഷിണ്യമായി ശരീരം പൊട്ടിച്ചിതറുന്നത് പോലുള്ള വൈകൃതങ്ങൾ കാണിക്കുന്നുണ്ട്. അതെല്ലാം ആഘോഷിക്കപ്പെടുകയാണെന്നും ബ്ലെസ്സി ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം വൈകൃതങ്ങൾ ആഘോഷിക്കപ്പെടുമ്പോൾ എങ്ങനെ ഒരു സമൂഹം രൂപപ്പെടുമെന്ന് ചലച്ചിത്രകാരന്മാരും നായകന്മാരും ആലോചിക്കണമെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. സിനിമകളിലെ വയലൻസ് സ്വാധീനിക്കുമെന്ന് സംവിധായകൻ ആഷിഖ് അബുവും പറഞ്ഞു. എന്നാൽ സ്വന്തം സിനിമയെ അദ്ദേഹം ന്യായീകരിച്ചു. 'റൈഫിൾ ക്ലബ്ബ്' എന്ന തന്റെ സിനിമയിലെ വെയിവയ്പ് രംഗങ്ങൾ ഒരു വീഡിയോ ഗെയിം പോലെയാണ് കാണേണ്ടതെന്നും വിശദീകരിച്ചു.
മലയാള സിനിമകളിലെ വയലൻസിനെക്കുറിച്ച് ആശങ്ക പങ്കുവച്ച് നടി രഞ്ജിനി കൂടുതൽ ശക്തമായാണ് പ്രതികരിച്ചത്. മികച്ച തിരക്കഥയുടെ പേരിൽ മറ്റ് ഇൻഡസ്ട്രികൾ അസൂയപ്പെട്ടിരുന്ന മലയാളം എന്തിനാണ് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന കൊറിയൻ സിനിമകളുടെ പാത പിന്തുടരുന്നതെന്തിന്. സെൻസർ ബോർഡ് ഉറക്കത്തിലാണോ എന്നും ചോദിച്ചു. മാർക്കോ, ആവേശം, റൈഫിൾ ക്ലബ് തുടങ്ങിയ സിനിമകളെ പേരെടുത്ത് വിമർശിച്ചായിരുന്നു താരത്തിന്റെ പ്രതികരണം.
എന്നാൽ സാങ്കേതിക വിദഗ്ദ്ധരുടെ സംഘടനയായ ഫെഫ്ക, മറിച്ചാണ് പ്രതികരിച്ചത്. സമൂഹത്തിലെ അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും കാരണം സിനിമയാണെന്ന് പറയുന്നത് അസംബന്ധമാണെന്നാണ് ഫെഫ്ക വ്യക്തമാക്കിയത്. ഇത്തരം സിനിമകൾക്ക് ആധാരമായ ആശയങ്ങൾ കണ്ടെത്തുന്നത് സമൂഹത്തിൽ നിന്നാണെന്ന് മറക്കരുത്. മലയാള സിനിമയിൽ ഏറ്റവും ജനസമ്മതിയുള്ള നടനെ കൊണ്ട് 'നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്' എന്ന് വൻവിജയം നേടിയ രണ്ടു സിനിമകളിൽ പറയിച്ചത് ഞങ്ങളുടെ സഹപ്രവർത്തകരായ എഴുത്തുകാരും സംവിധായകരുമാണ്. തിയറ്ററിൽ പ്രകമ്പനം സൃഷ്ടിച്ച ഈ രംഗങ്ങൾക്കില്ലാത്ത സ്വാധീനശക്തി, മറ്റു ചില പ്രത്യേക രംഗങ്ങൾക്കുണ്ടെന്ന് പറയുന്നത് ഇരട്ടത്താപ്പും ലഹരിയുടെ കുത്തൊഴുക്കിനെ തടയുന്നതിൽ പരാജയപ്പെട്ട സിസ്റ്റത്തിന്റെ ജാമ്യമെടുക്കലാണെന്നാണ് ഫെഫ്കയുടെ സിദ്ധാന്തം.
തിരിച്ചറിവ്
സംസ്ഥാനത്ത് അടുത്തിടെയുണ്ടായ ക്രൂരമായ അതിക്രമങ്ങളും സിനിമയിലെ വയലൻസും ബന്ധപ്പെടുത്തി നിയമസഭയിലടക്കം ചർച്ചകൾ കത്തിക്കയറി. സിനിമയും സീരിയലുകളും കുട്ടികളിൽ വലിയ തോതിൽ ദുഃസ്വാധീനം ചെലുത്തുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞു. ഒപ്പമുള്ളവനെ തോൽപ്പിച്ചാൽ മാത്രമെ നിലനിൽപ്പുള്ളൂ എന്ന സ്ഥിതിയാണ്. ഇത് മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. താമരശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിനെ സഹപാഠികൾ കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു പരാമർശം. ഒരു സിനിമയിൽ റൗഡി 'എടാ മോനേ' എന്നാണ് കുട്ടികളെ വിളിക്കുന്നത്. ഇത് കണ്ട് കുട്ടികൾ ഗുണ്ടാ സംഘങ്ങളിലേക്ക് പോകുന്നു എന്ന പൊലീസ് റിപ്പോർട്ടുണ്ട്. ഈ സിനിമ താനും കാണാനിടയായെന്നും പിണറായി കൂട്ടിച്ചേർത്തിരുന്നു.
ചർച്ചകൾ മുറുകുന്നതിനിടെയാണ് 'മാർകോ' സിനിമയുടെ നിർമ്മാതാവ് ഷരീഫ് മുഹമ്മദിന്റെ കുമ്പസാരം. ഇനിയുള്ള സിനിമയിൽ വയലൻസിന്റെ തീവ്രത കുറയ്ക്കുമെന്ന് ഷരീഫ് വ്യക്തമാക്കി. പുതിയ സിനിമയായ കാട്ടാളന്റെ അണിയറ പ്രവർത്തകർക്ക് ഇക്കാര്യത്തിൽ നിർദ്ദേശം നൽകി. ഇപ്പോൾ വരുന്ന വാർത്തകൾ, സിനിമയിൽ കരുതലെടുക്കണമെന്ന തിരിച്ചറിവ് നൽകിയെന്നാണ് നിർമ്മാതാവ് പറഞ്ഞത്. സെൻസർ ബോർഡിനും വെളിപാടുണ്ടായി. മാർക്കോയുടെ ടെലിവിഷൻ പ്രദർശനം വിലക്കിക്കൊണ്ട് നടപടിയെടുത്തു. ഒ.ടി.ടി. പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയയ്ക്കുകയും ചെയ്തു.
ഈ സാഹചര്യത്തിൽ മലയാള സിനിമയുടെ പരിണാമ കാലത്തിലേക്ക് തിരിഞ്ഞുനോട്ടം വേണ്ടതാണ്. ശുഭാന്ത്യ, ശോകാന്ത സിനിമകളുടെ ബ്ലാക് ആൻഡ് വൈറ്റ് കാലം. കണ്ണു നിറയുമ്പോളും മനസിന് തെളിമ നൽകുന്ന കുടുംബചിത്രങ്ങളുടെ എൺപതുകൾ. കോമഡിച്ചിത്രങ്ങളുടെ ഘോഷയാത്ര കണ്ട 1990-2010 കാലഘട്ടം. ട്രാഫിക്, ഹൗ ഓൾഡ് ആർ യു തുടങ്ങി സമൂഹത്തെ സ്വാധീനിച്ച ഫീൽ ഗുഡ് പ്രമേയങ്ങളുമായി ന്യൂജെൻ ചിത്രങ്ങളുടെ രംഗപ്രവേശം. വയലൻസിനും സൈക്കോ ത്രില്ലറുകൾക്കും വിത്തുമുളച്ച കോവിഡ് കാലം... നാട്ടിലെ എല്ലാ ക്രൈമിനും ഉത്തരവാദി സിനിമയല്ല. എങ്കിലും പ്രമേയത്തിലും ചിത്രീകരണത്തിലും പുനപ്പരിശോധന വേണ്ടതാണ്, കൗമാരം പകയുമായി നടക്കുന്ന ഇക്കാലത്ത്. ഫീൽ ഗുഡ് സിനിമകൾ ഉണ്ടാകട്ടെ. നല്ല കഥയും ക്രാഫ്റ്റുമുണ്ടെങ്കിൽ കാണികൾ കയറും, തീർച്ച.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |