SignIn
Kerala Kaumudi Online
Thursday, 29 October 2026 3.36 AM IST

കാനനയാത്ര കഠിനമെന്റയപ്പാ

sathram

മണ്ഡലകാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ശബരിമല തീർത്ഥാടനം സംബന്ധിച്ച പ്രശ്നങ്ങളും ചർച്ചയാവുകയാണ്. ഇടുക്കിയിൽ നിന്ന് കാനനപാത വഴി പോകുന്നവരാണ് അസൗകര്യങ്ങൾക്കുനടുവിലാകുന്നത്.

പമ്പയിലൂടെ ശബരിമലയിലെത്തി ദർശനം നടത്താൻ മണിക്കൂറുകൾ ക്യൂ നിൽക്കണം. ഇതേത്തുടർന്ന് വണ്ടിപ്പെരിയാറിലെ സത്രം പുല്ലുമേട് വഴിയുള്ള പരമ്പരാഗത കാനനപാതയിലൂടെ എത്തുന്ന തീർത്ഥാടകരുടെ എണ്ണം രണ്ട് വർഷമായി രണ്ടിരട്ടിയായി. ഇതിലേറെയും മലയാളികളാണ്. തമിഴ്നാട്, ആന്ധ്രാ എന്നിവിടങ്ങിൽ നിന്നുള്ളവരുടെ എണ്ണത്തിലും കുറവല്ല.

എന്നാൽ സത്രം ഇപ്പോഴും അസൗകര്യങ്ങളുടെ നടുവിലാണ്. രണ്ടുവർഷം മുമ്പ് അന്നത്തെ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ സത്രം സന്ദർശിച്ചപ്പോൾ തീർത്ഥാടകർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. സത്രം പ്രധാന ഇടത്താവളമാക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ ഒന്നും ചെയ്യാൻ ദേവസ്വം ബോർഡിന് കഴിഞ്ഞിട്ടില്ല.

കാനനപാതയിൽ നിരവധി തീർത്ഥാടകർക്ക് ശാരീരിക അസ്വസ്ഥതകളുണ്ടാകാറുണ്ട്. പലപ്പോഴും വണ്ടിപ്പെരിയാർ പി.എച്ച്.സിയിലെ ആരോഗ്യപ്രവർത്തകരാണ് സഹായകമാകുന്നത്. കൃത്യസമയത്ത് വൈദ്യസഹായം ലഭിക്കാതെ കഴിഞ്ഞ തീർത്ഥാടനവേളയിൽ അഞ്ച് പേർ ഹൃദയഘാതത്തെ തുടർന്ന് മരിച്ചിരുന്നു. വേണ്ടത്ര ഡോക്ടർമാർ, നഴ്സുമാർ തുടങ്ങി 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ സംവിധാനങ്ങൾ തീർത്ഥാടനം ആരംഭിക്കുമ്പോൾ തന്നെ സത്രത്തിൽ ഒരുക്കണമെന്നാണ് ആവശ്യം.

2011 ജനുവരി 14നായിരുന്നു പുല്ലുമേട് ദുരന്തം. മകരവിളക്ക് കാണാനെത്തിയവർക്കിടയിൽ ഉന്തും തള്ളുമുണ്ടായതിനെ തുടർന്നായിരുന്നു അപകടം. പഴയ വഴിയിലൂടെ ഇപ്പോൾ പ്രവേശനമില്ല. പലയിടത്തും ഒഫ് റോഡ് ജീപ്പ് പോലും എത്താനാകാത്തതാണ് പ്രശ്നം. വണ്ടിപ്പെരിയാറിൽ നിന്ന് അരണക്കല്ല് വഴി സത്രം വരെ 12 കിലോമീറ്റർ ദൂരം വാഹനങ്ങൾ പോകും. ഇതുവഴി കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ വാഹനങ്ങളും സത്രം വരെ എത്തും. ഇവിടെ നിന്ന് രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ മാത്രമാണ് പ്രവേശനം. ഇതുവഴി കൊടുംകാട്ടിലൂടെയടക്കം ഏകദേശം 12 കിലോമീറ്ററാണ് സന്നിധാനത്തേക്കുള്ളത്. വഴിയിൽ വന്യമൃഗങ്ങളുടെ ശല്യവും കാലാവസ്ഥയുടെ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. പലപ്പോഴും ഭക്തർക്ക് കൃത്യസമയത്ത് സന്നിധാനത്ത് എത്താനുമാകില്ല.

സത്രം കഴിഞ്ഞാൽ ഈ വഴിയിൽ വെള്ളം ലഭിക്കുക നാലിടങ്ങളിൽ മാത്രം. കഞ്ഞി ലഭിക്കുക കഴുതക്കുഴിയിലും. അതും വനംവകുപ്പാണ് നൽകുന്നത്. ഫണ്ടില്ലാത്തതിനാൽ കൂടുതൽ സ്ഥലങ്ങളിൽ ഭക്ഷണം നൽകാൻ വനംവകുപ്പും തയ്യാറാകുന്നില്ല. വില കൊടുത്ത് വാങ്ങാൻ ഭക്തർ തയ്യാറാണെങ്കിലും കിട്ടാൻ വഴിയുമില്ല. കൂടാതെ ആഹാര സാധനങ്ങൾ പ്ലാസ്റ്റിക് കവറിൽ കയറ്റി വിടില്ല. പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളവും കൊണ്ടുപോകാനാകില്ല. ഇതറിയാതെ എത്തുന്ന ഭക്തരാണ് പലപ്പോഴും കുഴങ്ങുന്നത്.

അയ്യപ്പഭക്തരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സത്രം ഇടത്താവളത്തിൽ വേണ്ടത്ര സ്ഥലമില്ലാത്തതും പ്രതിസന്ധിയാണ്. ഇത് അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകർക്കും ബുദ്ധിമുട്ടുണ്ടാക്കും. ദേവസ്വം ബോർഡിന് ഏക്കറുകൾ സ്ഥലം വെറുതെ കിടക്കുന്നുണ്ടെങ്കിലും പാർക്കിംഗ് സൗകര്യമൊരുക്കാൻ തയ്യാറാകുന്നുമില്ല. ദേവസ്വം ബോർഡിന്റെ അഞ്ച് ശൗചാലയങ്ങളാണ് സത്രത്തിൽ ആകെയുള്ളത്. വണ്ടിപ്പെരിയാർ പഞ്ചായത്ത് താത്കാലികമായി നിർമ്മിച്ച 20 ശൗചാലയങ്ങൾ ഉപയോഗശൂന്യമായി കിടക്കുകയാണ്.

ശുദ്ധജല വിതരണം പലപ്പോഴും സത്രത്തിൽ തകരാറിലാകുന്നുണ്ട്. കുഴൽക്കിണർ നിർമ്മിക്കണമെന്ന ആവശ്യവും നടപ്പായില്ല. തീർത്ഥാടകർക്ക് വിരിവയ്ക്കാനുള്ള സൗകര്യവുമില്ല.

 കുത്തനെയുള്ള കയറ്റം

സത്രത്തിൽ നിന്ന് ആദ്യഘട്ടത്തിൽ 1.5 കിലോ മീറ്റർ കുത്തനെയുള്ള കയറ്റമാണ്. വഴി തെളിച്ചശേഷം വടം കെട്ടിയിട്ടാണ് ഭക്തർക്ക് ഇതുവഴി കയറാൻ സൗകര്യമൊരുക്കുന്നത്. ഇത്തരത്തിൽ സഞ്ചരിക്കുമ്പോൾ അടുത്ത പോയിന്റ് സീതക്കുളമാണ്. ഇവിടെ വെള്ളം കുടിക്കാനുള്ള സൗകര്യമുണ്ട്. എന്നാൽ ഇവിടെ എത്തുമ്പോഴേക്കും പലരും ക്ഷീണിതരാവും. ഈ സ്ഥലത്ത് പലരും കുഴഞ്ഞ് വീണ് മരിച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ള അടുത്ത സ്ഥലം സീറോ പോയിന്റാണ്. അടുത്തത് പുല്ലുമേട് ദുരന്തമുണ്ടായ താവളം. രണ്ടിടത്തും കുടിക്കാൻ വെള്ളമുണ്ട്. ഇവിടെ നിന്ന് പൂങ്കാവനം, കഴുതക്കുഴി, സന്നിധാനം. പുല്ലുമേട്ടിൽ നിന്ന് സന്നിധാനത്തേക്ക് ആറ് കിലോ മീറ്ററുണ്ട്. സീതക്കുളം എത്തുന്നതിന് മുമ്പ് ഏകദേശം 4.5 കിലോ മീറ്റർ മൊട്ടക്കുന്നാണ്. അതിനാൽ ചൂടും കൂടുതലായിരിക്കും. ചെറുതായൊന്ന് വിശ്രമിക്കാൻ പോലും ഇടമില്ല. പുല്ലുമേട്ടിൽ നിന്ന് പൂങ്കാവനത്തിലേക്ക് കുത്തിറക്കമാണ്.

 ഹൃദ്രോഗികൾക്ക് നല്ലത് പ്രധാനപാത

ഇതുവഴി യാത്ര ചെയ്യുന്നവർ ആരോഗ്യം ശ്രദ്ധിക്കണെന്നും ആവശ്യത്തിന് വിശ്രമിച്ച ശേഷം യാത്ര ചെയ്യണമെന്നുമാണ് വണ്ടിപ്പെരിയാർ സി.എച്ച്.സിയിലെ ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദേശം. ഭക്ഷണം, വെള്ളം എന്നിവ കൃത്യമായ കഴിക്കുകയും കുടിക്കുകയും വേണം. ഹൃദയസംബന്ധമായ രോഗമുള്ളവർ കുത്തനെയുള്ള കയറ്റം കയറുന്നത് കഴിവതും ഒഴിവാക്കണം. കഴിവതും പമ്പ വഴി പോകണമെന്നും ആരോഗ്യ പ്രവർത്തകർ ഓർമ്മിപ്പിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION