
"തെറ്റ് ചെയ്യുന്നത് മനുഷ്യ സഹജം, അത് ക്ഷമിക്കുന്നത് ദൈവീക സ്വഭാവം " (To err is human, to forgive is divine) എന്ന പ്രസിദ്ധമായ ഉദ്ധരണി അലക്സാണ്ടർ പോപ്പിന്റെ ഒരു കൃതിയിൽ നിന്നാണ്. ജ്ഞാനോദയത്തിന്റെ കവിയായ അദ്ദേഹം മൂന്ന് നൂറ്റാണ്ടു മുമ്പ്, 1711ൽ, "ആൻ എസ്സേ ഓൺ ക്രിട്ടിസിസം" (An essay on criticism) എന്ന പ്രബന്ധത്തിൽ കോറിയിട്ട വരികൾ സർവകാല പ്രസക്തം. ആ വരികളുടെ പ്രായോഗികത പക്ഷേ, അന്നും ഇന്നും തർക്ക വിഷയം.
തെറ്റുകൾ അനുവർത്തിക്കുകയും, ആവേശത്തോടെ അവ ആവർത്തിക്കുകയും ചെയ്യുന്നവരാണ് ഇക്കാലത്ത് ഏറെ. പൊറുക്കുകയും മറക്കുകയും ചെയ്യുന്നവർ നേരിയ ന്യൂനപക്ഷം. ദൈവീക സ്വഭാവമുള്ള അത്തരക്കാർ അപൂർവങ്ങളിൽ അപൂർവം. ഈ ദൈവതുല്യരുടെ വംശം ഇന്ന് അതിവേഗം അന്യം നിന്നുപോവുന്നു. "കണ്ണിന് കണ്ണ്, പല്ലിന് പല്ല്" എന്ന മോശയുടെ സിദ്ധാന്തത്തിനാണ് ഇന്ന് അംഗീകാരവും അനുയായികളും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, രാജ്യങ്ങൾ തമ്മിൽ, സമുദായങ്ങൾ തമ്മിൽ, സമൂഹങ്ങൾക്കുള്ളിൽ, നില നിൽക്കുന്ന സംഘർഷങ്ങൾ വിളിച്ചു പറയുന്നത് അതാണ്.
"ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല. ഇവരോട് പൊറുക്കേണമേ" എന്നതായിരുന്നു, കാൽവരി കുന്നിൽ കുരിശിലേറ്റപ്പെട്ടപ്പോൾ ക്രിസ്തുവിന്റെ പ്രാർത്ഥന. ആ പ്രാർത്ഥന ഓർമ്മയിലെത്തിച്ചു ഡൽഹി ജന്തർ മന്ദറിലെ പ്രക്ഷോഭകാരികളായ കുട്ടികളിൽ ചിലരുടെ ജൽപ്പനങ്ങളോട് പൊറുക്കുന്നു എന്ന നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ പ്രസ്താവന. പൊറുക്കാനോ മറക്കാനോ ആവാത്തത്ര ഹീനവും മ്ലേച്ഛവും ആയിരുന്നു മോദിജിയെ അധിക്ഷേപിക്കാൻ കൂറകളുടെ സമരവേളയിൽ പ്രയോഗിച്ച പദങ്ങൾ.
അദ്ദേഹത്തെ മാത്രമല്ല, അദ്ദേഹത്തിന്റെ മരിച്ചുപോയ അമ്മയെപോലും അങ്ങേയറ്റം സംസ്കാര രഹിതമായ വാക്കുകൾ കൊണ്ടാണ് ആക്ഷേപിച്ചത്. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയെ, അറപ്പുളവാക്കുന്ന ഇത്തരം രീതിയിൽ അവഹേളിക്കുമ്പോൾ തരംതാണത് പ്രക്ഷോഭകാരികളാണ്. അവർ സ്വയം അപമാനിതരായി. തകർന്നത് പ്രക്ഷോഭത്തിന്റെ പ്രതിച്ഛായയാണ്. പ്രധാനമന്ത്രിയുടേത് അല്ലേ അല്ല.
കുട്ടികളുടെ അബദ്ധമായി കരുതി, അവരോട് ക്ഷമിച്ച് അവരെ ചേർത്ത് പിടിക്കാനാണ് മോദിജിയുടെ തീരുമാനവും ആഹ്വാനവും. അത് അദ്ദേഹം കഴിഞ്ഞ വെള്ളിയാഴ്‌ച സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവച്ചു. "പല്ലുകൾക്കിടയിൽ അമർന്ന് നാവിൽ ചോര പൊടിഞ്ഞാൽ, പല്ലുകൾ ആരും തല്ലി പൊളിക്കാറില്ലല്ലോ" എന്നാണ് പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിൽ രാഷ്ട്രത്തോട് പ്രസ്താവിച്ചത്. "അവർ നമ്മുടെ കുട്ടികളാണ്. അവരെ കോടതികളിൽ കയറ്റിയിറക്കുകയോ, ശിക്ഷിക്കുകയോ ചെയ്യാതെ ചേർത്ത് പിടിക്കൂ"- അദ്ദേഹം പറഞ്ഞു.
"കുട്ടികൾക്ക് തിരുത്താൻ അവസരം ഉണ്ടാവും. അതുകൊണ്ട് അവരെ സമൂഹമദ്ധ്യത്തിൽ അവഹേളിക്കരുത് " എന്നും മോദിജി ഉപദേശിച്ചു. പൊതുസമൂഹത്തിനോടൊപ്പം പാർട്ടിയിലെ തന്റെ സഹപ്രവർത്തകരെയും സഹയാത്രികരെയും കൂടി ഉദ്ദേശിച്ചാവാം പ്രധാനമന്ത്രിയുടെ സമാധാന സന്ദേശം. അവരെയൊക്കെ അങ്ങേയറ്റം വേദനിപ്പിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്തവയാണ് മോദിജിക്കും അമ്മയ്ക്കും എതിരെ ജന്തർ മന്ദർ പ്രക്ഷോഭകാരികളിൽ ചിലർ ചൊരിഞ്ഞ അശ്ലീല പദങ്ങൾ.
വളരെയേറെ പ്രകോപിതരാണ് അണികളും അനുഭാവികളും എന്നത് സാമൂഹ്യ മാദ്ധ്യമങ്ങളിലെ പ്രതികരണങ്ങൾ വെളിവാക്കുന്നു. സാക്ഷാൽ പ്രധാനമന്ത്രി തന്നെ നേരിട്ട് നിർദ്ദേശിച്ചെങ്കിലും എല്ലാം പൊറുക്കാനും മറക്കാനും മോദിജിക്കുള്ള മഹാമനസ്കത അവർക്ക് ഉണ്ടാവുമോ? ആത്യന്തികമായി മാപ്പ് നൽകേണ്ടത് മോദിജിയുടെ മൺമറഞ്ഞ മാതാവ് തന്നെയാണ്. അറിഞ്ഞോ അറിയാതെയോ ആർക്കും ഒരു ദോഷവും ചെയ്യാതെ, മകൻ ഇന്ത്യയുടെ പ്രധാനമന്ത്രി ആയിട്ടുകൂടി, സാധാരണക്കാരിൽ സാധാരണക്കാരിയായി, ഗുജറാത്തിൽ ഒരു ഗ്രാമത്തിലെ ചെറിയ വീട്ടിൽ ജീവിച്ച് വിടപറഞ്ഞ ആ പാവം അമ്മയെയാണ് അവഹേളിച്ചത്, വിവാദത്തിലേക്ക് വലിച്ചിഴച്ചത്. തങ്ങൾ ചെയ്തതും പറഞ്ഞതും കൊടും പാപം ആണെന്ന് അറിയാത്ത ആ കുട്ടികൾക്ക് വേണ്ടി, അമ്മേ മാപ്പ്!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |