
ശ്രീനാരായണ ഗുരുദേവന്റെ 172ാമത് തിരുജയന്തിയെ വിളിച്ചറിയിക്കുന്ന ചതയപൊൻതാരത്തിന്റെ തിരുവെഴുന്നള്ളത്തിന്റെ സമയമായിരിക്കുന്നു. ആഗസ്റ്റ് 28 ആ പുണ്യദിനമാണ്. ഭഗവാൻ 171 വർഷങ്ങൾക്ക് മുൻപ് തിരുവവതാരം ചെയ്തത് ഇതേ ആഗസ്റ്റ് 28ന് എന്ന പ്രത്യേകതയും ഈ വർഷത്തെ തിരുജയന്തിക്കുണ്ട്. ഒരു ശ്രീനാരായണീയനെ സംബന്ധിച്ച് ഗുരുദേവതിരുജയന്തിക്കും മഹാസമാധിദിനത്തിനും തത്തുല്യം പ്രാധാന്യം ഉള്ള മറ്റൊരു പുണ്യദിനമില്ല. ലോകജനതയെ ഏകലോകചിന്താധാരയിലേക്ക് ആനയിപ്പിക്കുന്നതിന് അവതാരം കൈക്കൊണ്ട വിശ്വമഹാഗുരുവിന്റെ തിരുപ്പിറവിക്ക് ചരിത്രഗതിയിൽ അത്രയേറെ പ്രാധാന്യമുണ്ട്.
ശ്രീകൃഷ്ണൻ, ശ്രീബുദ്ധൻ, യേശുക്രിസ്തു, മുഹമ്മദ് നബി, ശ്രീശങ്കരാചാര്യർ തുടങ്ങിയ ലോകഗുരുക്കന്മാരുടെ പരമ്പരയിൽ ആധുനികഭാരതം ലോകത്തിന് സംഭാവന ചെയ്ത വിശ്വഗുരുവാണല്ലോ അവിടുന്ന്. 'മാനവരെല്ലാം ഒന്ന് അതാണ് നമ്മുടെ മതം' എന്നാണ് ശ്രീനാരായണഗുരുദേവൻ ഉദ്ഗാനം ചെയ്തത്. ശ്രീനാരായണഗുരുദേവൻ സങ്കൽപ്പം ചെയ്യുകയാണ്. അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയ്ക്കു ശേഷം ശിവന്റെ സമാരാധനയിലൂടെ ഒരു പുതിയ ലോകമുണ്ടാകണം. ജാതിമതഭേദ വ്യത്യാസമൊന്നുമില്ലാത്ത ഒരേലോകം. അതിൽ അധിവസിക്കുന്നവരുടെ അന്തരാത്മാവ് ഒരു പുതിയമതി കൊണ്ട് ബുദ്ധികൊണ്ട് മാനവനൊക്കെയും ഒന്ന് എന്ന ഏകത്വദർശനം കൊണ്ട് പ്രഫുല്ലമാകണം. അതിൽതന്നെ അന്തരാത്മാവ് ജ്വലിച്ച് നിൽക്കണം. അങ്ങനെ പ്രാപഞ്ചികജീവിതം സ്വർഗസമാനമാകണം. മരിച്ചതിന് ശേഷമല്ല ഇവിടെ ജീവിച്ചിരിക്കുമ്പോൾതന്നെ ക്ഷിതിലോകത്തെ ജഗദീശലോകമാക്കി അദ്വയബോധത്തിലേക്ക് അതീതമാക്കണം. അങ്ങനെ ലോകമെങ്ങും ഒരു ഏകലോകവ്യവസ്ഥിതി സംജാതമാകണം.
തുടർന്ന് ഗുരുദേവൻ ലോകത്തിനു നൽകിയ 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന തത്വദർശനത്തിലൂടെ മനുഷ്യരുടെ ദൈനംദിന പ്രശ്നങ്ങളായ ജാതി മതം ദൈവം എന്നിവയുടെ ഏകത്വം നിർദ്ധാരണം ചെയ്ത് ഏകലോക വ്യവസ്ഥിതിക്കുള്ള മാർഗവും വെളിപ്പെടുത്തി. ഒരൊറ്റ ലോകം, ഒരൊറ്റ ജനത, ഒരൊറ്റ നീതി എന്ന് ഈ വിശ്വസന്ദേശത്തിന് വിജ്ഞന്മാർ ഭാഷ്യമെഴുതി വ്യാഖ്യാനം ചെയ്തു.
ഗുരുദേവൻ ഈ ഏകലോക ദർശനത്തെ വിഭാവനം ചെയ്യുമ്പോൾ ഏറെയാളുകളൊന്നും ഈ ചിന്താഗതിയെ സ്വാഗതം ചെയ്യുവാനുണ്ടായിരുന്നില്ല. ഇപ്പോൾ ലോകമെമ്പാടും ജനലക്ഷങ്ങൾ ഈ ചിന്താധാരയെ തങ്ങളുടെ ജീവിതദർശനമാക്കി മാറ്റിയിരിക്കുന്നു. ഇപ്പോൾ ലോകത്തിന്റെ നാനാഭാഗങ്ങളിലായി നിരവധി ചെറുതും വലുതുമായ ഗുരുദേവപ്രസ്ഥാനങ്ങളുണ്ട്. അവിടെയെല്ലാം മുഖരിതമായിക്കൊണ്ടിരിക്കുന്നത് ഗുരുദേവന്റെ ഈ ഏകത്വതത്വദർശനമാണ്. അത് ഇന്നിന്റെയും നാളെയുടെയും വരാൻ പോകുന്ന നൂറ്റാണ്ടുകളുടെയും ദർശനമാണ്.
172ാമത് ഗുരുദേവജയന്തി ലോകമെങ്ങും കൊണ്ടാടുമ്പോൾ മതങ്ങൾക്കതീതമായി മനുഷ്യനെ ദർശിച്ച വിശ്വമഹാഗുരുവിന്റെ സങ്കീർത്തനങ്ങൾകൊണ്ട് ലോകം മാറ്റൊലി കൊള്ളുകയാണ്.
എന്നാൽ ശ്രീനാരായണഗുരുദേവനും ഗുരുദേവതത്വദർശനത്തിനും അർഹിക്കുന്ന പ്രചാരവും അംഗീകാരവും ലോകത്ത് ലഭിച്ചിട്ടുണ്ടോ? ഭാരതത്തിലെന്നല്ല കേരളത്തിൽതന്നെ ഗുരുദർശനത്തിന് പരക്കെ അംഗീകാരം ലഭിച്ചുവോ? ഭാരതത്തിൽ തന്നെ ഗുരുദേവഭക്തന്മാരുടെ ഇടയിലല്ലാതെ ഗുരുദേവൻ പരക്കെ അറിയപ്പെടുന്നില്ല എന്ന സത്യം നാം അറിയണം.
വിശ്വമഹാഗുരുവിനെ ജാതിയുടെയും മതത്തിന്റെയും ദേശത്തിന്റെയും ഇടുങ്ങിയ ഭിത്തികൾക്കുള്ളിൽ തളച്ചിടാനുള്ള പ്രവണതയ്ക്ക് ഇന്നും മാറ്റം വന്നിട്ടില്ല. ശ്രീബുദ്ധൻ, യേശുക്രിസ്തു, മുഹമ്മദ് നബി തുടങ്ങിയ ലോകഗുരുക്കന്മാരുടെ പരമ്പരയിൽ അവതീർണ്ണനായ വിശ്വഗുരുവിനെ കേരളത്തിലെ സാദാ സാമൂഹിക പരിഷ്കർത്താക്കളുടെകൂടെ ഒറ്റയ്ക്കിരുത്തിയാണ് ചിലർ ഇന്നും വിലയിരുത്തുന്നത്. ഈ അവസ്ഥയ്ക്കു മാറ്റമുണ്ടായേ തീരൂ.
ഗുരുദേവജയന്തി, മഹാസമാധി ദിനാഘോഷങ്ങൾ ലോകമൊട്ടാകെ വ്യാപിച്ചുകിടക്കുന്നതാണ്. ഗുരുദേവന്റെ ഷഷ്ടിപൂർത്തി ആഘോഷിക്കാത്ത ഒരു കുഗ്രാമം പോലും ഇന്ന് കേരളക്കരയിൽ കാണുകയില്ല എന്ന് കുമാരനാശാൻ 1916ൽ എഴുതി. 2026 ആകുമ്പോഴേക്കും ഭാരതത്തിൽ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ലോകത്തിന്റെതന്നെ വിവിധ ഭാഗങ്ങളിലുമായി ഗുരുജയന്തി ആഘോഷം ഉണ്ട്. ഗുരുജയന്തിക്ക് ഉള്ളതുപോലെ ഘോഷയാത്രകൾ മറ്റേതെങ്കിലും ഒരു ആഘോഷത്തിന് ഉണ്ടോ എന്ന് സംശയമാണ്. ഗുരുദേവജയന്തി, മഹാസമാധി ദിന വാർത്തകൾക്ക് കുറേക്കൂടി വ്യാപകമായി വാർത്താപ്രാധാന്യം നൽകുന്നതിന് ചാനലുകൾ തയ്യാറാകണമെന്ന് സാദരം അഭ്യർത്ഥിക്കുകയാണ്.
ഗുരുദേവ ജയന്തി
വാരാഘോഷം
ഗുരുദേവ ജയന്തി ഒരു ദിവസം മാത്രം ആഘോഷിക്കുന്ന സമ്പ്രദായത്തിന് മാറ്റം ഉണ്ടാകണം. ജയന്തി വാരാഘോഷങ്ങൾ നാടൊട്ടുക്ക് നടക്കണം. ഒരാഴ്ചകാലമെങ്കിലും ജയന്തി സമ്മേളന
ങ്ങളും പ്രചാരണയോഗങ്ങളും ഉണ്ടാകണം. ഈ വർഷം ആഗസ്റ്റ് 21ന് ആരംഭിച്ച് ഗുരുദേവ ജയന്തിവരെ കൊണ്ടാടണം. എസ്.എൻ.ഡി.പി യൂണിയനുകൾ, ഗുരുധർമ്മപ്രചരണസഭകൾ, തനതായ ഗുരുദേവ പ്രസ്ഥാനങ്ങൾ ഇതേറ്റെടുത്ത് നടത്തണം.
അതുപോലെ ഗുരുദേവ മഹാസമാധി ദിനം ശിവഗിരിയിൽ ആചരിക്കുന്നത് പോലെ ഉപവാസം, വിശേഷാൽ മഹാസമാധി പൂജ തുടങ്ങിയ ചടങ്ങുകളോടെ സംഘടിപ്പിക്കണം. ദുഃഖസൂചകമായ യാതൊന്നും സമാധിദിനത്തിൽ പാടില്ല എന്ന് പ്രത്യേകം അറിയേണ്ടതുണ്ട്. ഗുരുദേവ ജയന്തി
മുതൽ മഹാസമാധിദിനം വരെ ഒരു ദിവസവും മുടങ്ങാതെ അഖണ്ഡനാമജപവും സമ്മേളന
ങ്ങളും ഇപ്പോൾ പലയിടങ്ങളിലായി നടക്കുന്നുണ്ട്. അതുപോലെ ശ്രീനാരായണമാസാചരണവും ധർമ്മചര്യായജ്ഞവും പ്രയോഗത്തിൽ വരുത്തണം.
ശ്രീനാരായണ മാസാചരണവും
ധർമ്മചര്യാ യജ്ഞവും
കഴിഞ്ഞ കുറെവർഷങ്ങളായി ചിങ്ങം 1 മുതൽ കന്നി 9വരെയുള്ള കാലയളവ് ശ്രീനാരായണീയരുടെ വ്രതാനുഷ്ഠാനകാലമായി ആചരിച്ചുപോരുന്നുണ്ട്. കർക്കടകമാസം രാമായണമാസമായി ആചരിച്ചതിനുശേഷം ഭഗവാൻ ശ്രീനാരായണഗുരുദേവൻ തിരുവവതാരം ചെയ്ത ചിങ്ങമാസം ശ്രീനാരായണമാസമായി അനുഷ്ഠിക്കേണ്ടതാണ്. കൂടാതെ ഗുരുദേവന്റെ മഹാസമാധി ദിനമായ കന്നി 5 ഉൾപ്പെടെ ബോധാനന്ദ സ്വാമികളുടെ സമാധിദിനമായ കന്നി 9 വരെയുള്ള കാലയളവ് ഈ വ്രതാനുഷ്ഠാനത്തിന് വേണ്ടി ഉപയോഗപ്പെടുത്തണം.
ഗുരുദേവനെ സംബന്ധിച്ച പുണ്യദിനങ്ങൾ കൂടാതെ ശ്രീകൃഷ്ണജയന്തി, ചട്ടമ്പിസ്വാമി ജയന്തി, ബ്രഹ്മാനന്ദ ശിവയോഗി ജയന്തി, അയ്യങ്കാളി ജയന്തി, ഗുരുദേവ ശിഷ്യന്മാരായ ടി.കെ.മാധവൻ, സഹോദരൻ അയ്യപ്പൻ, പെരിങ്ങോട്ടുകര വിദ്യാനന്ദസ്വാമികൾ, ജഗദീശ്വരാനന്ദസ്വാമികൾ, സത്യവ്രതസ്വാമികൾ, പത്രാധിപർ കെ.സുകുമാരൻ, കേശവൻ വൈദ്യർ തുടങ്ങിയവരുടെ ജന്മതിഥികളും ഈ കാലയളവിൽ തന്നെയാണ്. ഗുരുദേവഭക്തന്മാർ എല്ലാ ദിവസവും പ്രചാരണ യോഗങ്ങളും പ്രാർത്ഥനായോഗങ്ങളും പ്രഭാഷണങ്ങളും നടത്തണം.
ഏതൊരു ജനവിഭാഗവും നിശ്ചിതമായ ഒരു കാലയളവ് തങ്ങളുടെ വ്രതാനുഷ്ഠാനകാലമായി ആഘോഷിക്കാറുണ്ട്. അതുപോലെ ശ്രീനാരായണസമൂഹവും ജീവിതപുരോഗതിക്കായി ആചാരനിബദ്ധമായ ജീവിതം നയിക്കണം. ഗുരുദേവൻ ശ്രീനാരായണ സ്മൃതിയിലൂടെ ഉപദേശിച്ചിട്ടുള്ള അനുഷ്ഠാന പദ്ധതി ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണം. ശിവഗിരിമഠത്തിന്റെ പോഷകസംഘടനയായ ഗുരുധർമ്മപ്രചരണസഭ ഗുരുജയന്തീവാരാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 21 മുതൽ 28 വരെ ഒരാഴ്ചക്കാലം ഓരോ ജില്ലകളിലും ഏഴു സമ്മേളനങ്ങൾ വീതം നടത്തുന്നുണ്ട്. ചിങ്ങം 1 മുതൽ എല്ലാ മണ്ഡലങ്ങളിലും 38 ദിവസവും പ്രാർത്ഥനായോഗങ്ങളും നടത്തുന്നുണ്ട്.
ഗുരുദേവജയന്തീവാരാഘോഷം 7 ദിവസങ്ങളിൽ സമ്മേളനങ്ങൾ നടത്തിയും കൊണ്ടാടണം. ചിങ്ങം 1 മുതൽ കന്നി 9 വരെയുള്ള കാലയളവ് നമ്മുടെ വ്രതാനുഷ്ഠാനകാലമായി കണ്ട് സമ്മേളനം, പ്രഭാഷണം, പ്രാർത്ഥനായോഗങ്ങൾ, ഗൃഹസന്ദർശനപരിപാടികൾ എന്നിവ 38 ദിവസങ്ങളിലായി സംഘടിപ്പിക്കണം. ഗുരുദേവജയന്തി നാം നമ്മളായി, യഥാർത്ഥ ശ്രീനാരായണീയരായിത്തീരുന്നതിനുള്ള പുണ്യദിനമായി മാറണം. ആഘോഷങ്ങൾക്കപ്പുറത്ത് അറിവുനേടി ആത്മനിഷ്ഠരും ആനന്ദസൂരികളുമാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |