SignIn
Kerala Kaumudi Online
Sunday, 16 August 2026 3.10 AM IST

രാഷ്ട്രീയത്തിനപ്പുറം, കേരളത്തിനായി ഒരുമിക്കണ്ടേ?

ss

നമ്മുടെ സംസ്ഥാനത്തെ 'കേരളം' ആക്കി മാറ്റാനുള്ള ആവശ്യവുമായി കേന്ദ്രത്തെ സമീപിച്ചത് സംസ്ഥാനം തന്നെയാണ്. ഈ ആവശ്യത്തെ പൂർണമായും പിന്തുണച്ച് കേന്ദ്ര സർക്കാരുമായി നിരന്തരം ചർച്ച നടത്തിയതും "കേരളം" ബില്ലിലേക്ക് എത്തിച്ചതും കേരളത്തിലെ ബി.ജെ.പിയുടെ ഇടപെടലുകളാണ്.
'കേരളം' എന്ന പേര് മലയാളിയുടെ ഭാഷാപരവും സാംസ്‌കാരികവുമായ സ്വത്വത്തിന്റെ ഭാഗമാണ്. ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതു മാറ്റുന്നതിനായി കേരളനിയസഭ ഐക്യകണ്ഠേന മുന്നോട്ടുവെച്ച ആവശ്യത്തിന് കേന്ദ്രം പച്ചക്കൊടി കാണിക്കുകയും അതിനാവശ്യമായ ഔദ്യോഗിക നടപടിക്രമങ്ങളിലേക്ക് കടക്കുകയും ചെയ്തു. 2026 ഫെബ്രുവരിയിൽ കേന്ദ്ര മന്ത്രിസഭ 'കേരളം' എന്ന പേരിലേക്ക് മാറ്റുന്നതിനുള്ള നിർദേശത്തിന് അംഗീകാരവും നൽകി. തുടർന്ന് രാഷ്ട്രപതിയുടെ നിർദേശപ്രകാരം കേരള നിയമസഭ 2026 ജൂലായിൽ ബില്ലിലെ വ്യവസ്ഥകൾ ഏകകണ്ഠമായി അംഗീകരിച്ചു. കേരളത്തിൽ നിന്നുള്ള എം.പിമാർ ഒരുമിച്ച് അതിനെ പിന്തുണച്ചതുതന്നെ ഈ വിഷയത്തിന്റെ രാഷ്ട്രീയത്തെക്കാൾ കേരളത്തിന്റെ പൊതുവായ താത്പര്യമാണ് പ്രധാനമെന്ന സന്ദേശമായിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം ബില്ല് സഭയിൽ അവതരിപ്പിച്ചപ്പോൾ ചിത്രം മാറി. ആ ബില്ലിൽ പോലും നമ്മുടെ ജനപ്രതിനിധികൾ രാഷ്ട്രീയ ഭിന്നത പ്രകടിപ്പിച്ചു.പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലാണ് ബില്ല് ലോക്‌സഭയിൽ പാസാക്കപ്പെട്ടത്.

കേരളത്തിന്റെ അവകാശങ്ങൾ രാഷ്ട്രീയ താത്പര്യങ്ങളുടെ അതിരുകൾക്കുള്ളിൽ ഒതുങ്ങേണ്ട വിഷയമല്ല.സംസ്ഥാനത്തിന്റെ വികസനത്തിന് കേന്ദ്രത്തിൽ നിന്ന് വലിയ പിന്തുണ ലഭിക്കേണ്ടതുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ആവശ്യങ്ങളിലും വികസന പദ്ധതികൾക്കുള്ള പിന്തുണയ്ക്കും കക്ഷിരാഷ്ട്രീയത്തിനപ്പുറം ജനപ്രതിനിധികൾ ഒരുമിച്ച് നിൽക്കണം.എന്നാൽ സംഭവിക്കുന്നത് എന്താണ്?സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കേണ്ട ഘട്ടങ്ങളിൽപ്പോലും ഇടത് വലത് എം.പിമാർ രാഷ്ട്രീയം തിരുകിക്കയറ്റുന്ന കാഴ്ചയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്.തിരഞ്ഞെടുത്ത ജനങ്ങളോടുള്ള വെല്ലുവിളിയാണത്.

#എയിംസ് എന്ന പൊതു ആവശ്യം

കേരളത്തിന്റെ ആരോഗ്യമേഖലയിൽ വലിയ വളർച്ചയ്ക്ക് അടിത്തറയാകുന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്)എന്ന ആവശ്യം വർഷങ്ങളായി കേരളം ആവശ്യപ്പെടുന്നു. കേരളം ഉൾപ്പടെ നാല് സംസ്ഥാനങ്ങളിൽ എയിംസ് നൽകാമെന്ന നിർദ്ദേശം കേന്ദ്രസർക്കാർ 2024 ൽ മുന്നോട്ടുവെച്ചിരുന്നു.എന്നാൽ പൊതു അഭിപ്രായമെന്ന നിലയിൽ കൃത്യമായ ഒരു സ്ഥലം ഒന്നിച്ച് തെരഞ്ഞെടുത്തുകൊടുക്കാൻ നമുക്ക് കഴിയുന്നില്ല.എയിംസ് എവിടെ വേണമെന്ന ചർച്ചയിൽ ഓരോ എം.പിയും സ്വന്തം മണ്ഡലത്തെ മുന്നോട്ടുവയ്ക്കുമ്പോഴും,​ കേരളത്തിന്റെ പൊതുവായ ആവശ്യം പിന്നിലാക്കപ്പെടാൻ സാദ്ധ്യതയുണ്ട്.

#തീരദേശത്ത് നാം ഒരുമിക്കണം

600 കിലോമീറ്ററോളം കടൽ തീരമുണ്ട് നമ്മുടെ സംസ്ഥാനത്തിന്. എല്ലാ മഴക്കാലത്ത് മാത്രം ആശ്വാസവുമായി അവരെ കാണാനെത്തുന്ന രാഷ്ട്രീയക്കാർ മഴക്കാലത്തെ പ്രതിസന്ധി ഒഴിവാക്കാൻ അധികറേഷനും ഭക്ഷ്യക്കിറ്റും നൽകി പൊടിതട്ടിപ്പോകുകയാണ്. അതുമാത്രം മതിയോ?.കടൽക്ഷോഭവും തീരശോഷണവും മൂലം വീടും സ്ഥലവും നഷ്ടപ്പെട്ടവർ,മത്സ്യബന്ധന യാനങ്ങൾക്ക് സുരക്ഷിത ഹാർബറുകളുടെയും ഇന്ധന സബ്സിഡിയുടെയും കുറവ്തുടങ്ങിയവയ്ക്കെല്ലാം ഒറ്റക്കെട്ടായി ശ്വാശത പരിഹാരം കാണണം.


#രാജ്യത്തിനൊപ്പം റെയിൽവേ വികസനം.
രാജ്യത്തിന്റെ വികസനത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന ഒന്നാണ് റെയിൽ ഗതാഗതം. ഒരർത്ഥത്തിൽ നമ്മെ മറ്റു സംസ്ഥാനങ്ങളുമായി ചേർത്തു പിടിക്കുന്ന ജീവനാഡി. കഴിഞ്ഞ ഒരു ദശാബ്ദമായി ഇതുവരെ കണ്ടിട്ടില്ലാത്ത വികസനമാണ് ഈ മേഖലയിൽ രാജ്യത്തുണ്ടായത്. ഈ മാറ്റത്തിന് മികച്ച ഉദാഹരണമാണ് ജമ്മു കാശ്മീർ നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട് അവരുടെ റെയിൽ വികനസത്തിനായി കക്ഷിഭേദമന്യെ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്.എന്നാൽ കേരളത്തിലോ? ഏതെങ്കിലും ട്രെയിനിന് മദ്ധ്യകേരളത്തിൽ ഒരു സ്റ്റോപ് അനുവദിച്ചാൽ അത് താൻ പറഞ്ഞിട്ടാണെന്ന് സോഷ്യൽ മീഡിയയിൽ അവകാശവാദമുന്നയിക്കുന്ന എം.പി പോലും ഇത്തരം ഒരു മീറ്റിംഗിനെ ഗൗരവമായി കാണുന്നില്ല.

#പ്രളയ ഫണ്ട് മുതൽ പി.എം ശ്രീ വരെ

വയനാട് ദുരന്തമുണ്ടായപ്പോൾ അതിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിന് നമ്മൾ ഒരുമിച്ച് പ്രതികരിച്ചത് ഓർമ്മയുണ്ടല്ലോ.അന്ന് വയനാട് പുനരധിവാസത്തിനായി കൂടുതൽ ഫണ്ട് നേടിയെടുക്കുന്നതിന് വേണ്ടിയാണ് അങ്ങനെ ചെയ്തത്. എന്നാൽ ചില കാര്യങ്ങളിൽ നാം ഇരട്ടത്താപ്പ് കാണിക്കുകയാണ്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ സമഗ്രവികസനത്തിനായി കേന്ദ്രം നൽകുന്ന ഫണ്ട് നാം വേണ്ടെന്ന് വെയ്ക്കുകയാണ്. പദ്ധതിയുടെ പേര് പി.എം ശ്രീ എന്നായതാണ് കുഴപ്പം.പി.എം ശ്രീ എന്ന പേരിൽ ഫണ്ട് സ്വീകരിച്ചാൽ പ്രധാനമന്ത്രിയുടെ ഫോട്ടോ സ്‌ക്‌ളൂകളുടെ മുമ്പിൽ സ്ഥാപിക്കേണ്ടി വരുമത്രേ. മാത്രമല്ല കേന്ദ്രം നിർദ്ദേശിക്കുന്നതൊക്കെ പാഠപുസ്തകത്തിൽ ചേർക്കേണ്ടിവരുമെന്നും.

#ചരിത്രവും ദേശീയ പ്രതീകങ്ങളും: വിവാദത്തിനപ്പുറം

വന്ദേമാതരം,വീർ സവർക്കർ തുടങ്ങിയ വിഷയങ്ങൾ പലപ്പോഴും കേരളത്തിൽ രാഷ്ട്രീയ ചർച്ചകൾക്ക് ഇടയാക്കാറുണ്ട്. ഇതെല്ലാം ചരിത്രമാണ്. അതുകൊണ്ട് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം. ദേശീയ പ്രതീകങ്ങളെക്കുറിച്ചും രാഷ്ട്രീയ പാർട്ടികൾക്ക് വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കാം.പക്ഷേ എതിർപ്പുകൾ പ്രകടിപ്പിക്കുന്നതിന് ചരിത്രത്തെ നിരന്തരം രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നത് ഇന്നത്തെ ജനങ്ങളുടെ പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള വഴിയാകരുത്. ജനാധിപത്യ സമൂഹത്തിൽ ദേശീയഗാനം,ദേശീയഗീതം,സ്വാതന്ത്ര്യസമര ചരിത്രം എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാം. എന്നാൽ അതോടൊപ്പം ജീവനും ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കും തുല്യ പ്രാധാന്യം നൽകാൻ രാഷ്ട്രീയകക്ഷികൾ ശ്രമിക്കണം.

കേരളത്തിന് വേണ്ടത് രാഷ്ട്രീയ ഐക്യമല്ല, പൊതുതാത്പര്യത്തിലെ ഐക്യമാണ്.

രാഷ്ട്രീയ പാർട്ടികൾ തമ്മിൽ രാഷ്ട്രീയ ആശയങ്ങളിലും ഭരണരീതികളിലും കടുത്ത അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. തിരഞ്ഞെടുപ്പ് വരുമ്പോൾ സ്വന്തം രാഷ്ട്രീയം പറയാം. പക്ഷേ കേരളത്തിന്റെ അവകാശങ്ങൾ ചോദിക്കുമ്പോൾ കേരളത്തിലെ എം.പിമാർക്ക് ഒരൊറ്റ ശബ്ദമാകാൻ കഴിയില്ലേ?.കേരളത്തിന്റെ പേര് 'കേരളം' ആകുന്നതിലുപരിയാണ് കേരളമെന്ന നാടിന്റെ ശബ്ദം ഡൽഹിയിൽ ഒരൊറ്റ ശബ്ദമായി ഉയരുന്നത്.

വിവാദങ്ങളിൽ രാഷ്ട്രീയം കാണുന്നതിന് പകരം വികസനത്തിൽ രാഷ്ട്രീയം കാണട്ടെ. അതിനാകട്ടെ മത്സരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION