
ഇത് ഇന്ത്യയ്ക്ക് ഒരു പ്രധാന നയതന്ത്ര നേട്ടമാണ്. ഗോറിന്റെ പ്രസ്താവന ഇന്ത്യയുടെ ദീർഘകാല നിലപാടുകളായ കാശ്മീർ അന്താരാഷ്ട്രവത്കരിക്കാതിരിക്കുക, ഇന്ത്യയെയും പാകിസ്ഥാനെയും തുല്യ നിലയിൽ കാണാതിരിക്കുക തുടങ്ങിയ നിലപാടുകളോടുള്ള നിശ്ശബ്ദ അംഗീകാരമായി കാണാം.
കാശ്മീർ ഒരിക്കലും ഇന്ത്യ-പാകിസ്ഥാൻ പ്രശ്നം മാത്രമായിരുന്നിട്ടില്ല. ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ പരിണാമത്തിലും അത് ആവർത്തിച്ച് നിർണായകമായ ഒരു ഘടകമായിരുന്നു. അതുകൊണ്ടുതന്നെ, ശ്രീനഗർ സന്ദർശിച്ച് ജമ്മുകാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ ജമ്മുകാശ്മീർ 'ഇന്ത്യയുടെ ഒരു പ്രധാന ഭാഗമാണ്' എന്ന് വിശേഷിപ്പിച്ചത് ശ്രദ്ധയോടെ വിലയിരുത്തേണ്ട പ്രസ്താവനയാണ്. ഈ പ്രസ്താവനയ്ക്ക് പിന്നാലെ പാകിസ്ഥാൻ ശക്തമായ നയതന്ത്ര പ്രതികരണം നടത്തി. ജമ്മു-കാശ്മീർ അന്താരാഷ്ട്രമായി അംഗീകരിക്കപ്പെട്ട ഒരു തർക്കപ്രദേശമാണെന്ന തങ്ങളുടെ നിലപാട് ആവർത്തിച്ചുകൊണ്ട്, ഗോറിന്റെ പരാമർശത്തെ പാകിസ്ഥാൻ തള്ളിക്കളഞ്ഞു.
അതിനാൽ ചോദ്യം ഗോർ എന്താണ് പറഞ്ഞത് എന്നത് മാത്രമല്ല; എന്തുകൊണ്ടാണ് അദ്ദേഹം പറഞ്ഞതെന്നുമാണ്. ഇത് കാശ്മീർ സംബന്ധിച്ച അമേരിക്കൻ നയത്തിൽ ഔപചാരികമായ മാറ്റമായി കാണാനാവില്ല. അതുപോലെ, അമേരിക്ക പാകിസ്ഥാനുമായുള്ള ബന്ധം കുറച്ചുകാണുന്നുവെന്നും ഇതിന് അർത്ഥമില്ല. എന്നാൽ ഇതിന്റെ പ്രാധാന്യം മറ്റൊന്നിലാണ്.
പ്രതീകാത്മകമെങ്കിലും
പ്രധാനപ്പെട്ടത്
ഗോറിന്റെ പ്രസ്താവനയുടെ ആദ്യത്തെ പ്രാധാന്യം പ്രതീകാത്മകമാണ്. ജമ്മുകാശ്മീർ ഇന്ത്യയുടെ പ്രധാനപ്പെട്ട ഭാഗമാണെന്ന് വിശേഷിപ്പിക്കുകയും അവിടെയെത്തി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുകയും ചെയ്തതിലൂടെ, ഇന്ത്യൻ ഭരണത്തിലുള്ള ജമ്മുകാശ്മീരിനെ ഇന്ത്യയുടെ സാധാരണ രാഷ്ട്രീയ,സാമ്പത്തിക,സാമൂഹിക ഭൂപ്രകൃതിയുടെ ഭാഗമായാണ് അമേരിക്ക കാണുന്നതെന്ന സന്ദേശമാണ് നൽകുന്നത്.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള സാഹചര്യത്തിൽ ഇത് പ്രത്യേകിച്ചും ശ്രദ്ധേയമാണ്.ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഇന്ത്യ-അമേരിക്ക ബന്ധത്തിന് ഒരു തടസമായി മാറിയിട്ടില്ല.മറിച്ച്,സുരക്ഷ,വിനോദസഞ്ചാരം,വികസനം,ഭരണനിർവഹണം തുടങ്ങിയ വിഷയങ്ങളിലൂടെ ജമ്മുകാശ്മീരുമായി അമേരിക്ക കൂടുതൽ സാധാരണമായ രീതിയിൽ ഇടപെടുകയാണ്. പ്രദേശത്തെ സുരക്ഷാസാഹചര്യം വിലയിരുത്തിയ ശേഷം അമേരിക്കയുടെ യാത്രാ മുന്നറിയിപ്പ് പുനഃപരിശോധിക്കാമെന്നും ഗോർ സൂചിപ്പിച്ചിട്ടുണ്ട്.
ഇത് കാശ്മീരിന്മേലുള്ള ഇന്ത്യയുടെ മുഴുവൻ ഭൂപ്രദേശിക അവകാശവാദത്തിനും അമേരിക്ക ഔപചാരികമായി നിയമപരമായ അംഗീകാരം നൽകിയെന്നല്ല അർത്ഥമാക്കുന്നത്. ഈ വ്യത്യാസം പ്രധാനമാണ്. എന്നാൽ രാഷ്ട്രീയമായും നയതന്ത്രപരമായും ഇത് ഇന്ത്യൻ ഭരണത്തിലുള്ള കാശ്മീരിനെ അസാധാരണമായ അന്താരാഷ്ട്ര ഇടപെടൽ ആവശ്യമായ ഒരു സംഘർഷമേഖലയായി മാത്രം കാണുന്ന സമീപനത്തിൽ നിന്നുള്ള ശ്രദ്ധേയമായ മാറ്റമാണ്.
ബന്ധം മെച്ചപ്പെടുത്തൽ
ഇതിന്റെ രണ്ടാമത്തെയും ഒരുപക്ഷേ കൂടുതൽ പ്രധാനപ്പെട്ടതുമായ വശം ഇന്ത്യ-അമേരിക്ക ബന്ധം സാധാരണ നിലയിലാക്കാനുള്ള വാഷിംഗ്ടണിന്റെ താത്പര്യമാണ്.
2026 മാർച്ചിൽ തന്നെ, ഇന്ത്യയുമായുള്ള അമേരിക്കൻ ബന്ധത്തെ ഒരു സ്വതന്ത്ര ഉഭയകക്ഷി ബന്ധമായാണ് കാണേണ്ടതെന്നും അതിനെ ഇന്ത്യ-പാകിസ്ഥാൻ ബന്ധത്തിന്റെ സംയുക്ത ചട്ടക്കൂടിൽ കാണുന്നില്ലെന്നും ഗോർ വ്യക്തമാക്കിയിരുന്നു. അതേസമയം, പാകിസ്ഥാനുമായുള്ള ബന്ധവും അമേരിക്ക തുടരുന്നുണ്ട്. അതായത്, ഇന്ത്യയെയും പാകിസ്ഥാനെയും വ്യത്യസ്ത തന്ത്രപ്രധാന ബന്ധങ്ങളായാണ് അമേരിക്ക കാണുന്നതെന്നതാണ്. സമീപകാല അഭിപ്രായവ്യത്യാസങ്ങൾ മറികടന്ന് ഇന്ത്യ-അമേരിക്ക ബന്ധം സാധാരണ നിലയിലാക്കാനും അതിന്റെ തന്ത്രപ്രധാന അടിത്തറ ശക്തിപ്പെടുത്താനും വാഷിംഗ്ടൺ ആഗ്രഹിക്കുന്നതിന്റെ സൂചനയായും ഗോറിന്റെ കാശ്മീർ പരാമർശത്തെ കാണാം.
വ്യാപാരം, പ്രതിരോധം,സാങ്കേതികവിദ്യ, ഇൻഡോ-പസഫിക് സഹകരണം തുടങ്ങിയ മേഖലകളിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി വളർത്തിയെടുത്ത ബന്ധം പാകിസ്ഥാനുമായുള്ള ഇടപെടലിന്റെ പേരിൽ ദുർബലമാകുന്നത് അമേരിക്കയുടെ താത്പര്യമല്ല. പ്രത്യേകിച്ച് ചൈനയുടെ വളർന്നുവരുന്ന സ്വാധീനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയെ അകറ്റിനിറുത്താൻ വാഷിംഗ്ടണിന് താത്പര്യമില്ല. അതിനാൽ, പാകിസ്ഥാനുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം ഇന്ത്യയുമായുള്ള തന്ത്രപ്രധാന വിശ്വാസം പുനഃസ്ഥാപിക്കാനുള്ള സമാന്തര ശ്രമം അമേരിക്ക നടത്തുന്നതായി കാണാം. കാശ്മീരിൽ ഇന്ത്യയുടെ നിലപാടിനെ അനുകൂലിക്കുന്ന സൂചന നൽകുന്നതിലൂടെ, പാകിസ്ഥാനുമായുള്ള അമേരിക്കൻ ഇടപെടൽ ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ അടിസ്ഥാന താത്പര്യങ്ങളെ ബാധിക്കില്ലെന്ന് ന്യൂഡൽഹിക്ക് ഉറപ്പ് നൽകുകയാണ് വാഷിംഗ്ടൺ.
കാശ്മീർ എന്ന ഉപാധി
കാശ്മീർ ചരിത്രപരമായി ഇന്ത്യ-പാകിസ്ഥാൻ തർക്കം മാത്രമല്ല; ഇരു രാജ്യങ്ങളുമായുള്ള ബന്ധം സന്തുലിതമാക്കാൻ അമേരിക്ക ഉപയോഗിച്ചിരുന്ന ഒരു തന്ത്രപ്രധാന ഉപാധിയും ആയിരുന്നു. ശീതയുദ്ധകാലത്ത്, ഇന്ത്യ പാശ്ചാത്യ സഖ്യത്തിൽ ചേരാൻ വിസമ്മതിച്ചതും സോവിയറ്റ് യൂണിയനുമായി അടുത്ത ബന്ധം പുലർത്തിയതും അമേരിക്കയുടെ കാശ്മീർ നയത്തെ സ്വാധീനിച്ചു. കാശ്മീർ പ്രശ്നത്തെ അന്താരാഷ്ട്രവത്കരിക്കാനുള്ള ശ്രമങ്ങൾക്കും യു.എൻ.തലത്തിലുള്ള ഇടപെടലുകൾക്കും അമേരിക്ക പിന്തുണ നൽകി. കാശ്മീരിലെ മനുഷ്യാവകാശം,അക്രമം,സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയെ വിമർശിക്കുകയും ചെയ്തു.എന്നാൽ സോവിയറ്റ് യൂണിയന്റെ തകർച്ച,ഇന്ത്യയുടെ സാമ്പത്തിക ഉദാരവത്കരണം, പാശ്ചാത്യ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തിലെ മാറ്റം എന്നിവയോടെ സ്ഥിതിഗതികൾ മാറി.
എങ്കിലും കാശ്മീർ അമേരിക്കൻ നയതന്ത്രത്തിലെ ഒരു ഉപാധിയായി നിലകൊണ്ടു.ഇന്ത്യ-പാകിസ്ഥാൻ സമാധാനത്തെയും മദ്ധ്യസ്ഥതയെയും കുറിച്ചുള്ള ട്രംപ് കാലത്തെ പ്രസ്താവനകൾ അതിന്റെ ഏറ്റവും പുതിയ ഉദാഹരണമായിരുന്നു. ഇപ്പോഴത്തെ ഗോറിന്റെ പ്രസ്താവന അതിനുശേഷമുള്ള മറ്റൊരു നയതന്ത്ര പുനഃക്രമീകരണമായി കാണാം. പാകിസ്ഥാനുമായുള്ള ബന്ധം വികസിപ്പിക്കുമ്പോഴും ഇന്ത്യയുമായുള്ള തന്ത്രപ്രധാന ബന്ധം തകരാതിരിക്കാൻ അമേരിക്ക കാശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്ക് കൂടുതൽ ഉറപ്പ് നൽകുകയാണ്.
നയതന്ത്ര വിജയം
ഇത് ഇന്ത്യയ്ക്ക് ഒരു പ്രധാന നയതന്ത്ര നേട്ടമാണ്. ഗോറിന്റെ പ്രസ്താവന ഇന്ത്യയുടെ ദീർഘകാല നിലപാടുകളായ കാശ്മീർ അന്താരാഷ്ട്രവത്കരിക്കാതിരിക്കുക, ഇന്ത്യ പാകിസ്ഥാനെ തുല്യ അവകാശവാദികളായി കാണാതിരിക്കുക, മദ്ധ്യസ്ഥത ഒഴിവാക്കുക, പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരവാദത്തെ സുരക്ഷാ വിഷയമായി കാണുക, ജമ്മുകാശ്മീരിനെ ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ സാധാരണ ഭാഗമായി പരിഗണിക്കുക എന്നിവയോടുള്ള നിശ്ശബ്ദ അംഗീകാരമായി കാണാം. ഇത് കാശ്മീർ പ്രശ്നത്തിന്റെ പരിഹാരമല്ലെങ്കിലും, 'കശ്മീരിലൂടെ ഇന്ത്യയെ കാണുന്ന' അമേരിക്കൻ സമീപനത്തിൽ നിന്ന് 'ഇന്ത്യയുടെ ഭാഗമായി കാശ്മീരിനെ കാണുന്ന' സമീപനത്തിലേക്കുള്ള മാറ്റത്തിന്റെ സൂചനയാണ്. അതാണ് ഈ പ്രസ്താവനയുടെ യഥാർത്ഥ നയതന്ത്ര പ്രാധാന്യവും വിജയവും.
(ലേഖകൻ കേരള യൂണിവേഴ്സിറ്റി പൊളിറ്റിക്സ് പ്രൊഫസറും ,
കാര്യവട്ടം ക്യാമ്പസ് ഡയറക്ടറുമാണ്. ഫോൺ: 9447145381.)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |