ആഗസ്റ്റ് 21ന് ശ്രീ ചട്ടമ്പിസ്വാമികളുടെയും ശ്രീ നീലകണ്ഠ തീർത്ഥപാദ സ്വാമികളുടെയും ശിഷ്യനും കഥകളി രംഗത്തെ അതുല്യ പ്രതിഭയുമായിരുന്ന പന്നിശ്ശേരി നാണുപിള്ളയുടെ വിയോഗത്തിന്റെ 84-ാം വർഷമാണ്. കേവലം ആട്ടക്കഥാ സാഹിത്യത്തിലും കഥകളിയിലും മാത്രം ഒതുങ്ങാതെ സമൂഹത്തിൽ നിലനിന്നിരുന്ന അസമത്വങ്ങളെ സ്വന്തം ജ്ഞാനം കൊണ്ട് നേരിട്ട വിപ്ലവകാരിയായ പണ്ഡിതൻ കൂടിയായിരുന്നു പന്നിശ്ശേരി.
മലയാളത്തിനെന്നും അഭിമാനിക്കാവുന്ന നിഴൽക്കൂത്ത്,ഭദ്രകാളി വിജയം,പാദുകപട്ടാഭിഷേകം,ശ്രീശങ്കരവിജയം എന്നീ ആട്ടക്കഥകളുടെ രചയിതാവ് കൂടിയാണ്. ശ്രീ നീലകണ്ഠ തീർത്ഥപാദ സ്വാമികളുടെ ജീവചരിത്രം, 'ശ്രീ നീലകണ്ഠ തീർത്ഥപാദസ്വാമി ചരിത്രസമ്മുച്ചയം' മലയാളത്തിലെ ആദ്യത്തെ ജീവചരിത്ര ഗ്രന്ഥമാണ്. പന്നിശ്ശേരിയും അദ്ദേഹത്തിന്റെ ചിരന്തന സുഹൃത്തായ എസ്.എൻ. കൃഷ്ണപിള്ളയും ചേർന്നാണ് ജീവചരിത്രം എഴുതിയത്. കഥകളിയുടെ വിവിധ സങ്കേതങ്ങളെ പരിചയപ്പെടുത്തുന്ന 'കഥകളി പ്രകാരം' എന്ന ഗ്രന്ഥവും പന്നിശ്ശേരി രചിച്ചു.
മതം,അദ്വൈതമതം,വേദാന്തം മുതലായ വിഷയങ്ങളെ സംബന്ധിച്ച് മികച്ച ലേഖനങ്ങൾ എഴുതിയിട്ടുള്ള പന്നിശ്ശേരി അക്കാലത്ത് പേരുകേട്ട 'സദ്ഗുരു' എന്ന മാസികയുടെ പത്രാധിപരായിരുന്നു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ കണ്ണങ്കുഴി എന്ന ഭവനത്തിൽ വയലിൽ ശ്രീ പപ്പുകുറുപ്പിന്റെയും പ്ലാനംവള്ളിൽ കല്യാണി അമ്മയുടെയും മകനായാണ് പന്നിശ്ശേരി ജനിച്ചത്.
ശ്രീനാരായണഗുരുവിന്റെ ജീവചരിത്രകാരൻ കോട്ടുക്കോയിക്കൽ വേലായുധൻ പന്നിശ്ശേരി നാണുപിള്ളയും ശ്രീനാരായണഗുരുവുമായിട്ടുള്ള ബന്ധത്തെപ്പറ്റി 'ശ്രീനാരായണഗുരു സമഗ്രവും സമ്പൂർണവുമായ ജീവചരിത്രം' എന്ന കൃതിയിൽ പറയുന്നുണ്ട്.
കേരളത്തിൽ ക്ഷേത്രപ്രവേശന സമരം ശക്തിയാർജ്ജിച്ച കാലഘട്ടത്തിൽ തിരുവിതാംകൂർ ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ പണ്ഡിതന്മാരുടെ അഭിപ്രായംകൂടി ആരാഞ്ഞ് ക്ഷേത്ര പ്രവേശന വിഷയം ചർച്ച ചെയ്ത് തീരുമാനിക്കണമെന്ന് ഉറച്ചു. പണ്ഡിതനായ പുന്നശ്ശേരി നമ്പി നീലകണ്ഠശർമ്മയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അഭിപ്രായങ്ങൾ ആരാഞ്ഞു തുടങ്ങി. താലൂക്കിനെ പ്രതിനിധീകരിച്ച് സംസാരിക്കാൻ പന്നിശ്ശേരിയെ ക്ഷണിച്ചു.
അവിടെ അവർണ്ണർക്ക് ക്ഷേത്രപ്രവേശനം അനുവദിച്ച് കിട്ടുന്നതിന് പൗരാണികമായ എല്ലാ അറിവുകളും പന്നിശ്ശേരി പ്രയോഗിച്ചു.
മരുതൂർകുളങ്ങരയിലെ മുസ്ലീങ്ങൾക്ക് ഒരു പള്ളി വേണം. പള്ളികൊടുക്കാൻ പാടില്ലെന്ന് നിവാസികളായ ഒരുപറ്റം അമുസ്ലീങ്ങൾ വാദിച്ചു. എന്നാൽ പന്നിശ്ശേരിയാകട്ടെ അദ്ധ്യാത്മിക സ്ഥാപനം അനുവദിച്ചു കൊടുക്കണമെന്നും അതിനു പ്രതികൂലമായി നിൽക്കാൻ പാടില്ലെന്നും ധീരമായി വാദിച്ചു. അധികം വൈകാതെ പള്ളിക്ക് അനുവാദം കിട്ടി.
അഡ്വ. ഷിബു എസ്. വയലകത്ത്
സൈകതം, വടമ്പാടി പി.ഒ., ചൂണ്ടി, പുത്തൻകുരിശ്, എറണാകുളം - 682 308.
9526830194
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |