SignIn
Kerala Kaumudi Online
Saturday, 24 October 2026 5.51 AM IST

പൊലീസിനും രക്ഷയില്ല

police

സമൂഹത്തിൽ ഭൂരിപക്ഷം പേരും നിയമം പാലിക്കുന്നവരാണ്. എന്നാൽ ചോദിക്കാനും പറയാനും ആരുമില്ലെന്ന അവസ്ഥയാണ് നിലനിൽക്കുന്നതെങ്കിൽ നിയമം പാലിക്കുന്നവർക്കു പോലും അത് ലംഘിക്കാൻ തോന്നും. ക്രിമിനലുകളും ഗുണ്ടകളുമാകട്ടെ നിയമം കൈയിലെടുത്ത് അഴിഞ്ഞാടുകയും ചെയ്യും. ഏതാണ്ട് അങ്ങനെയൊരു അവസ്ഥയിലേക്ക് നാട് നീങ്ങുന്നു എന്ന സൂചന നൽകുന്നതാണ് ഒറ്റയ്ക്കും കൂട്ടമായും പൊലീസിനെതിരെ നിരന്തരം നടക്കുന്ന ആക്രമണങ്ങൾ. ക്രമസമാധാനം ഉറപ്പാക്കേണ്ട പൊലീസിനും നാട്ടിൽ രക്ഷയില്ല എന്നു വരുന്നതാണ് നാട് അരാജകത്വത്തിലേക്ക് നീങ്ങുന്നതിന്റെ ആദ്യ ലക്ഷണം. ഒരു പൊലീസുകാരന്റെ വസ്‌ത്രത്തിൽ പോലും തൊടാൻ ഒരു ഗുണ്ടയും പണ്ടൊന്നും തുനിയില്ലായിരുന്നു. ഇപ്പോഴാകട്ടെ തെരുവിലിട്ട് അവരെ ചവിട്ടിക്കൂട്ടാൻ ക്രിമിനലുകൾക്ക് യാതൊരു മടിയും ഇല്ലാതായിരിക്കുന്നു!

കോട്ടയത്ത് ക്രിമിനൽ കേസ് പ്രതി പൊലീസുകാരനെ ചവിട്ടിക്കൊന്ന സംഭവം ഒറ്റപ്പെട്ട ഒന്നായി കാണാൻ കഴിയുന്നതല്ല. പൊലീസുകാരെ കൈയേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചാലും സ്റ്റേഷനിൽ കയറിച്ചെന്ന് പ്രതിയെ മോചിപ്പിച്ചാലുമൊന്നും ഒരു ചുക്കും സംഭവിക്കുകയില്ല എന്ന തോന്നൽ ശക്തിപ്പെടുന്നതിന്റെ ഭാഗമായാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. കോട്ടയത്ത് ശ്യാംപ്രസാദ് എന്ന പൊലീസ് ഉദ്യോഗസ്ഥനെ ക്രിമിനൽ ചവിട്ടിക്കൊന്നത് അയാൾ പൊലീസുകാരനെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ്. പ്രതികരണശേഷിയില്ലാത്ത പൊലീസും സമൂഹവുമാണ് തനിക്കു ചുറ്റിലുമുള്ളതെന്ന തോന്നലാണ് ഇത്തരം പ്രവൃത്തി ചെയ്യാൻ ക്രിമിനലുകൾക്ക് ധൈര്യം നൽകുന്നത്.

ലഹരി ഉപയോഗിക്കുന്നതു മാത്രമല്ല ഇത്തരം സംഭവങ്ങൾക്ക് ഇടയാക്കുന്നത്. എന്തുചെയ്താലും രാഷ്ട്രീയ സ്വാധീനവും പണവുമുണ്ടെങ്കിൽ രക്ഷപ്പെടാം എന്ന വിചാരം പൊതുവെ അക്രമപ്രവർത്തനങ്ങൾ നടത്തുന്നവർക്കുണ്ട്. ഇത് മാറിയേ മതിയാകൂ. അതിന് അതിശക്തവും നിഷ്‌പക്ഷവുമായ ക്രമസമാധാന വാഴ്ച ഉണ്ടായാലേ മതിയാകൂ. ഇതിനൊക്കെ ആദ്യം വേണ്ടത് ക്രിമിനലുകളുമായി ചങ്ങാത്തം കൂടാത്ത അതിശക്തമായ പൊലീസ് സംവിധാനമാണ്. അതിന്റെ കുറവാണ് ഇന്ന് കേരളത്തിൽ കാണുന്ന അതിഭീകരമായ പല ക്രൂരസംഭവങ്ങൾക്കും ഇടയാക്കുന്നതെന്ന് പറയാതിരിക്കാനാവില്ല. പൊലീസുകാരൻ ചവിട്ടേറ്റു മരിച്ച കോട്ടയത്തു തന്നെ കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ പൊലീസുകാർ ആക്രമിക്കപ്പെട്ട നിരവധി സംഭവങ്ങളുണ്ടായി. നവംബറിൽ എരുമേലിക്കടുത്ത് വാഹന പരിശോധനയ്ക്കിടെ പൊലീസുകാർ ആക്രമിക്കപ്പെട്ടു. ഒക്ടോബറിൽ മണർകാട് ബാറിനു മുന്നിൽ സംഘർഷ സ്ഥലത്തെത്തിയ പൊലീസിന് മർദ്ദനമേറ്റു. ആഗസ്റ്റിൽ നാഗമ്പടത്തെ പൊലീസ് എയ്‌ഡ് പോസ്റ്റ് ഒരുസംഘം തല്ലിത്തകർത്തു. കുറവിലങ്ങാട്, ചിങ്ങവനം, കിടങ്ങൂർ തുടങ്ങിയ സ്ഥലങ്ങളിലും വിവിധ സംഭവങ്ങളിൽ പൊലീസുകാർക്ക് മർദ്ദനേമറ്റു.

പഴയ കാലത്ത് ഇങ്ങനെയൊക്കെയുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ അതിശക്തമായ നിയമ നടപടികൾ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമായിരുന്നു. ഇപ്പോഴാകട്ടെ പൊലീസിനെ അടിച്ചവൻ കൂടുതൽ വലിയ ഗുണ്ടയായി മാറുന്ന സ്ഥിതിയാണ്. ക്രിമിനലുകളുമായി പൊലീസുകാർക്കുള്ള അതിരുവിട്ട ബന്ധങ്ങൾ, അഴിമതി, അമിതമായ രാഷ്ട്രീയ സ്വാധീനം, ഇതിനൊപ്പം ലഹരിയുടെ വ്യാപകമായ ഉപയോഗം തുടങ്ങി നിരവധി കാരണങ്ങൾ ഇത്തരം സംഭവങ്ങൾക്ക് പ്രേരണയാകുന്നുണ്ട്. അക്രമങ്ങൾക്ക് കൈയടിക്കുന്ന ഒരു സമൂഹം ഇവിടെ വളർന്നുവരാൻ പാടില്ല. ക്രമസമാധാനപാലനത്തിന് നേതൃത്വം നൽകുന്നവർ ഒരു ആത്മപരിശോധനയ്ക്കു തയ്യാറാകേണ്ട സന്ദർഭമാണിത്. നേതൃത്വത്തിൽ പുഴുക്കുത്തുകൾ ഉണ്ടായാൽ ആ കുറവ് കീഴറ്റം വരെ വ്യാപിക്കും. സമഗ്രമായ ഒരു അഴിച്ചുപണിക്ക് ആഭ്യന്തര വകുപ്പ് തയ്യാറാകണം. ഗുണ്ടകളെയും ലഹരിക്കടത്തുകാരെയും സ്വർണ ക്വട്ടേഷൻകാരെയുമൊക്കെ ഇങ്ങനെ കയറൂരിവിട്ടാൽ മാനംമര്യാദയുള്ള ആർക്കും ജീവിക്കാൻ കൊള്ളാത്ത ഒരു നാടായി കേരളം മാറുമെന്ന ഓർമ്മ ഭരണാധികാരികൾക്കും ഉണ്ടായിരിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICEMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION