SignIn
Kerala Kaumudi Online
Thursday, 22 October 2026 4.48 PM IST

മരുന്നു ക്ഷാമത്തിന് പരിഹാരം വേണം

READ ENGLISH VERSION
a

മെഡിക്കൽ കോളേജ് ആശുപത്രികളിൽ നിന്ന് ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന വാർത്തകൾ അത്ര സുഖമുള്ളതല്ല. സാമ്പത്തിക ഞെരുക്കം പറഞ്ഞ് മരുന്നുകമ്പനികൾക്ക് നൽകാനുള്ള കുടിശ്ശിക കുറച്ചുകാലമായി നൽകാനാകുന്നില്ല. പല കമ്പനികളും അതുകൊണ്ടുതന്നെ മരുന്നു വിതരണം നിറുത്തിയിരിക്കുകയാണ്. ദുർബല വിഭാഗങ്ങളിൽപ്പെടുന്നവരുൾപ്പെടെ സാധാരണ കുടുംബങ്ങളിലെ ആൾക്കാരാണ് പ്രധാനമായും സർക്കാർ ആശുപത്രികളുടെ സേവനം തേടുന്നത്. അവിടെ മരുന്നില്ലാത്ത അവസ്ഥയുണ്ടായാൽ ഈ വിഭാഗക്കാരെയാണ് അത് ഏറ്റവും കൂടുതൽ ബാധിക്കുക. കുറച്ചുനാളായി കുടിശ്ശിക ലഭിക്കാത്തതിന്റെ പേരിൽ മരുന്നു കമ്പനികൾ ഇടഞ്ഞുനിൽക്കുകയാണ്. ഭാഗികമായെങ്കിലും കുടിശ്ശിക തീർക്കാൻ നടപടി എടുത്തിരുന്നുവെങ്കിൽ മരുന്നു വിതരണം പൂർണമായും നിലയ്ക്കുന്ന സ്ഥിതി ഉണ്ടാകുമായിരുന്നില്ല.

മരുന്നു കമ്പനികൾക്കു മാത്രമല്ല,​ മറ്റ് നിരവധി സേവനങ്ങൾ നൽകിയവർക്കും കുടിശ്ശിക കോടിക്കണക്കിനു നൽകാനുണ്ട്. സർക്കാർ ജീവനക്കാർക്ക് ഡി.എ കുടിശ്ശിക രണ്ടുവർഷമായി നൽകുന്നില്ല. കരാറുകാർക്കും ലഭിക്കാനുണ്ട്,​ ഭീമമായ കുടിശ്ശിക. ജീവനക്കാർക്കുള്ള ശമ്പളം മാത്രമേ മുടങ്ങാതെ കൃത്യമായി നൽകാൻ കഴിയുന്നുള്ളൂ. ഇപ്പോഴത്തെ നിലയ്ക്ക് മുന്നോട്ടുപോയാൽ പല സർക്കാർ ആശുപത്രികളിലെയും മരുന്നു വിതരണം പാടേ നിലയ്ക്കുന്ന സ്ഥിതിയാണുള്ളത്. വടക്കൻ ജില്ലകളിലെ ആശുപത്രികളിലാണ് സ്ഥിതി കൂടുതൽ രൂക്ഷം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മരുന്നു വിതരണം താളംതെറ്റിയതോടെ അവിടത്തെ എം.പി ഉപവാസ സമരം നടത്തിയിരുന്നു. ഉടൻ മരുന്ന് എത്തുമെന്ന ഉറപ്പിലാണ് ഉപവാസം അവസാനിപ്പിച്ചത്. എന്നാൽ ആവശ്യത്തിനുള്ള മരുന്നുകൾ പലതും ഇനിയും എത്തിയിട്ടില്ലെന്നാണ് അറിയുന്നത്.

മരുന്നുകൾ മാത്രമല്ല, ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ ഉൾപ്പെടെ പലതും അവിടെ സ്റ്റോക്കില്ലത്രെ. കുറിപ്പടിയുമായി ഫാർമസിയിലെത്തുന്നവർ നിരാശരായി മടങ്ങേണ്ടിവരുന്നു. നിർദ്ധന രോഗികളെ സംബന്ധിച്ചിടത്തോളം വല്ലാത്ത ദൈന്യാവസ്ഥയാണിത്. ആശുപത്രികളിലെ മരുന്നു വിതരണം താളം തെറ്റിയിട്ടും ആരോഗ്യവകുപ്പ് അടിയന്തരമായി പ്രശ്നത്തിൽ ഇടപെടാതിരുന്നത് വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. എല്ലാം സാധാരണ നിലയിലാണെന്ന് അവകാശപ്പെടുമ്പോഴും കാര്യങ്ങൾ അത്രയൊന്നും പന്തിയല്ലെന്നാണ് ആശുപത്രിയിലെത്തുന്ന രോഗികളുടെ അനുഭവം. ആരോഗ്യവകുപ്പിന് അനുവദിക്കുന്ന സർക്കാർ വിഹിതം ഓരോവർഷവും കുറയുകയാണ്. അതുപോലെ ഡോക്ടർമാർ ഉൾപ്പെടെ വിവിധ വിഭാഗം ജീവനക്കാരു‌ടെ സംഖ്യയിലുമുണ്ട് കുറവ്. അമിത ജോലിഭാരം ഡോക്‌‌ടർമാരെയും മറ്റുവിഭാഗം ജീവനക്കാരെയും വല്ലാതെ തളർത്തുന്നുമുണ്ട്.

ആരോഗ്യവകുപ്പിൽ ഡോക്‌ടർമാരുടെ കുറവ് രോഗികൾക്ക് അവശ്യം വേണ്ട ചികിത്സ ലഭ്യമാകുന്നതിനു പോലും തടസം സൃഷ്ടിക്കുന്നുണ്ട്. ആശുപത്രികളിലെ മരുന്നു ക്ഷാമത്തിന് സർക്കാർ ഇടപെട്ട് അടിയന്തരമായി പരിഹാരം കണ്ടുപിടിച്ചേപറ്റൂ. മരുന്നു കമ്പനികളുടെ കുടിശ്ശിക തീർക്കാൻ മാർഗം കണ്ടെത്തിയേ മതിയാകൂ. ഗഡുക്കളായി കുടിശ്ശിക തീർക്കാൻ മരുന്നുകമ്പനികളുമായി ചർച്ച നടത്തി ധാരണയിലെത്താവുന്നതാണ്. മുൻപും അതൊക്കെ ചെയ്തിട്ടുള്ളതാണ്. കുടിശ്ശികയുടെ കാര്യത്തിൽ നീക്കുപോക്ക് ആകാമെങ്കിലും രോഗികൾക്കു നൽകേണ്ട ഔഷധങ്ങൾ പിന്നത്തേക്ക് മാറ്റിവയ്ക്കാനാവില്ല. അത് നൽകിത്തന്നെ ആകണം. സർക്കാർ ആശുപത്രികളിലെ മരുന്നുവിതരണത്തിൽ താളപ്പിഴ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് പ്രത്യേക കോർപ്പറേഷൻ രൂപീകരിച്ചത്. എന്നാൽ ഓരോ ആശുപത്രിയിലും മരുന്ന് സ്റ്റോക്ക് ചെയ്യാൻ ഈ സ്ഥാപനത്തിന് പലപ്പോഴും കഴിയാറില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MEDICAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION