സംസ്ഥാനത്ത് ലൈസൻസില്ലാതെ ഏതാണ്ട് മൂവായിരത്തോളം സ്‌പാകൾ പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസും സ്‌പാ ഉടമകളുടെ അസോസിയേഷനും ചൂണ്ടിക്കാട്ടുന്നു. ലൈസൻസ്, പൊലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ്, ജീവനക്കാരുടെ യോഗ്യത തെളിയിക്കുന്ന രേഖകൾ തുടങ്ങിയവ ഇല്ലാതെ സ്‌പാ തുടങ്ങാനാവില്ലെന്നാണ് നിയമം. ഇത്തരം ലൈസൻസുകളുമായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന അംഗീകൃത സ്‌പാകൾ കേരളത്തിൽ ഒട്ടേറെയുണ്ട്. എന്നാൽ ഇവർക്കുകൂടി ചീത്തപ്പേര് ഉണ്ടാക്കുന്ന തരത്തിൽ ലൈസൻസില്ലാത്ത സ്‌പാകളുടെ എണ്ണം കൂണുകൾ പോലെ പെരുകിയിരിക്കുന്നു. ലൈസൻസില്ലെങ്കിലും ബോർഡ് വച്ച് പരസ്യമായാണ് ഹോട്ടലുകളിലും മറ്റുമായി ഇവ പ്രവർത്തിക്കുന്നത്. കളമശേരി സ്‌പാ കൂട്ടമാനഭംഗ കേസിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നതോടെയാണ് അനധികൃത സ്‌പാകളുടെ പ്രവർത്തനങ്ങൾ ചർച്ചയായി മാറിയത്. ലൈസൻസില്ലാത്ത സ്‌പാകളുടെ മറവിൽ ലൈംഗിക ചൂഷണവും ലഹരിക്കച്ചവടവും നടക്കുന്നതായാണ് പ്രധാന ആരോപണങ്ങൾ.
ഇതിൽ കുടുങ്ങിപ്പോകുന്ന യുവതികളിൽ പലരും ജീവനിൽ ഭയന്നും കെണിയിൽപ്പെട്ടും പരാതി നൽകാൻ തയ്യാറാകാത്തതുകൊണ്ടാണ് ഇവരുടെ നീചപ്രവൃത്തികൾ വെളിയിൽ വരാത്തത്. ലൈസൻസില്ലാത്ത സ്‌പാകൾ ഏറെയും പ്രവർത്തിക്കുന്നത് എറണാകുളത്താണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്നെ വെളിപ്പെടുത്തുകയുണ്ടായി. ഇവർക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്നും ഇതിനായി ഡി.ജി.പിയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പല സ്‌പാകളും പ്രവർത്തിക്കുന്നതിന് ഏറ്റവും കൂടുതൽ സഹായം ലഭിക്കുന്നത് പൊലീസ് വിഭാഗത്തിൽനിന്നു തന്നെയാണെന്നത് പരസ്യമായ ഒരു രഹസ്യമാണ്. 2024 ഡിസംബറിൽ കടവന്ത്രയിൽ സ്‌പായുടെ മറവിൽ അനാശാസ്യകേന്ദ്രം നടത്തിയതിൽ പങ്കാളികളായതിന് 2 പൊലീസുകാർ അറസ്റ്റിലായിരുന്നു. സ്‌പായിൽ ബോഡി മസാജിംഗിന് പോയ വിവരം ഭാര്യയെ അറിയിക്കുമെന്ന് പറഞ്ഞ് എ.ആർ ക്യാമ്പിലെ പൊലീസുകാരനിൽ നിന്നും നാലുലക്ഷം രൂപ തട്ടിയ ഗ്രേഡ് എസ്.ഐ 2005ൽ അറസ്റ്റിലായിരുന്നു.
സമൂഹത്തിൽ ഉന്നതങ്ങളിലും പൊലീസിലും പിടിപാടുള്ളവരാണ് പലപ്പോഴും ഇത്തരം സ്‌പാകളുടെ പിന്നിൽ പ്രവർത്തിക്കുന്നത്. അതിനാൽ പരാതി ഉണ്ടായാൽ പോലും ശരിയായ അന്വേഷണം നടക്കാറില്ല. ചിലരുടെ അനധികൃത പ്രവർത്തനങ്ങൾ സ്‌പാ മേഖലയെ ഒന്നാകെ ബാധിച്ചിരിക്കുന്നതായാണ് സ്‌പാ ഉടമകളുടെ അസോസിയേഷൻ ചൂണ്ടിക്കാണിക്കുന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കൃത്യമായ അന്വേഷണം നടത്തി പൂട്ടിക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. ചിലയിടങ്ങളിൽ ഗുണ്ടാവിളയാട്ടവും മയക്കുമരുന്ന് ഇടപാടുകളും നടന്നുവരികയും ചെയ്യുന്നു. കളമശേരി കൂട്ടമാനഭംഗക്കേസിലെ മുഖ്യപ്രതി ശ്രീരാജിന്റെ സ്‌പായിൽ ലഹരിമരുന്ന് ഇടപാടുകളുണ്ടെന്ന് ചിലർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നേരത്തേ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇയാൾ ബിനാമി പേരിലും നിരവധി സ്‌പാകൾ നടത്തിവരുന്നുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ലൈസൻസില്ലാതെ സംസ്ഥാനത്ത് എത്ര സ്‌പാകൾ പ്രവർത്തിക്കുന്നുണ്ട് എന്നത് സംബന്ധിച്ച യഥാർത്ഥ കണക്ക് ആരുടെയും പക്കലില്ല എന്നതാണ് യാഥാർത്ഥ്യം. ജോലി വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ വലയിലാക്കി, ലഹരി നൽകി സ്വകാര്യ ദൃശ്യങ്ങൾ പകർത്തി കെണിയിൽപ്പെടുത്തുന്നത് ഇവരുടെ സ്ഥിരം രീതിയാണ്. അന്യനാട്ടുകാരായ നിരവധി യുവതികളെയും സ്‌പാകളിൽ ജോലിക്കെത്തിക്കുന്നുണ്ട്. ഒരു പരിശീലനവും യോഗ്യതയും നേടാത്തവരാണ് ഇതിൽ ഭൂരിപക്ഷവും. സ്‌പായുടെ മറവിൽ തട്ടിപ്പും ലൈംഗികാതിക്രമങ്ങളും ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടലും ഒരു കാരണവശാലും നടക്കാൻ പാടില്ല. അതിനാൽ പൊലീസും ബന്ധപ്പെട്ട മറ്റ് വകുപ്പുകളും അതിശക്തമായ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. അധികൃതരുടെ ഭാഗത്തുനിന്ന് പഴുതടച്ച നടപടികൾ ഉണ്ടായാൽ തട്ടിപ്പിനിരയായ കൂടുതൽപേർ പരാതി നൽകാൻ തയ്യാറായി മുന്നോട്ടുവരുമെന്നത് ഉറപ്പാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |