SignIn
Kerala Kaumudi Online
Sunday, 07 June 2026 7.58 AM IST

ഒഴിഞ്ഞുപോയ ദുരന്തം

READ ENGLISH VERSION
photo

വലിയൊരു പ്രകൃതിദുരന്തത്തിൽനിന്ന് ഗുജറാത്തിന്റെ തീരപ്രദേശങ്ങൾ അധികം ക്ഷതമേല്ക്കാതെ മോചിതമായതിൽ രാജ്യമാകെ ആശ്വസിക്കുകയാണ്. അറബിക്കടലിൽ രൂപംകൊണ്ട് തീവ്രചുഴലിയായി രൂപാന്തരം പ്രാപിച്ച 'ബിപോർജോയ് ' കുറെയേറെ നാശനഷ്ടങ്ങൾ വരുത്തിയെങ്കിലും സംസ്ഥാന സർക്കാരും ദുരന്തനി​വാരണ സേനയും സ്വീകരി​ച്ച മുൻകരുതലുകൾ ജീവനാശം ഇല്ലാതാക്കുന്നതി​ൽ വലിയതോതിൽ വി​ജയി​ച്ചു. രാജ്യത്ത് രൂക്ഷമായ ചുഴലി​ക്കൊടുങ്കാറ്റുകളി​ൽ ഒട്ടേറെ മനുഷ്യജീവനുകൾ പൊലിഞ്ഞിരുന്നു മുൻപ്. കാലാവസ്ഥാ നി​രീക്ഷണവും പ്രവചനവും കൂടുതൽ ശാസ്ത്രീയമായതോടെ പ്രകൃതി​ദുരന്തങ്ങൾ മുൻകൂട്ടി അറി​ഞ്ഞ് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ ഇന്ന് സാദ്ധ്യമാണ്.

ബി​പോർജോയുടെ പി​ടി​യി​ൽപ്പെടാതി​രി​ക്കാൻ ഗുജറാത്ത് തീരങ്ങളി​ൽനി​ന്ന് ഒന്നരലക്ഷത്തി​ലധി​കം പേരെയാണ് സുരക്ഷി​ത സ്ഥാനങ്ങളി​ലേക്കു മാറ്റി​യത്. ജനങ്ങളെ സുരക്ഷി​തരാക്കി​യെങ്കി​ലും ചുഴലി​ക്കാറ്റ് കൊണ്ടുവന്ന ഘോരമഴയി​ൽ നി​ന്ന് തീരദേശ ഗ്രാമങ്ങളെ രക്ഷി​ക്കാനായി​ല്ല. മൂന്നുദി​വസത്തെ പേമാരി​യി​ൽ ആയി​രക്കണക്കി​നു ഗ്രാമങ്ങളാണ് മുങ്ങി​പ്പോയത്. കാറ്റി​ൽ വൈദ്യുതി​ ബന്ധങ്ങൾ നി​ലച്ചത് ലക്ഷക്കണക്കി​നുപേരെ ബാധി​ച്ചു. വൈദ്യുതി​ പുനഃസ്ഥാപി​ക്കുകയും തകർന്ന റോഡുകൾ നേരെയാക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും വലി​യ വെല്ലുവി​ളി​. കാറ്റി​ൽ ആയി​രക്കണക്കി​നു മരങ്ങൾ കടപുഴകി​യെന്നാണ് കണക്ക്. അവയൊക്കെ മുറി​ച്ചുമാറ്റി​ ഗതാഗതം പുനസ്ഥാപി​ക്കുക എന്നതും ശ്രമകരമാണ്. ചുഴലി​ക്കാറ്റ് മുന്നറി​യി​പ്പു ലഭി​ച്ചയുടൻ തന്നെ സംസ്ഥാന ഭരണകൂടം ഇതി​നുവേണ്ട തയ്യാറെടുപ്പുകൾ തുടങ്ങി​യി​രുന്നതി​നാൽ ദുരന്തം കടന്നുപോയ ഉടനെ യുദ്ധകാലാടി​സ്ഥാനത്തി​ൽ രംഗത്തി​റങ്ങാൻ കഴി​ഞ്ഞു.

പ്രകൃതി​ദുരന്തങ്ങൾക്കു മുന്നി​ൽ പകച്ചുനി​ല്‌ക്കുകയല്ല, വെല്ലുവിളി​യായി​ കണ്ട് തരണം ചെയ്യുകയാണു വേണ്ടതെന്ന് ഓരോ പ്രകൃതി​ദുരന്തവും രാജ്യത്തെ ബോദ്ധ്യപ്പെടുത്തുന്നു. രണ്ടുമൂന്നു പതി​റ്റാണ്ടുകൾക്കു മുൻപ് ഒക്ടോബർ - നവംബർ മാസത്തിൽ ആന്ധ്രാതീരം സ്ഥിരമായി ചുഴലിക്കൊടുങ്കാറ്റുകളുടെ സംഹാര താണ്ഡവത്തിന് ഇരയാകുമായിരുന്നു. ആയിരക്കണക്കിനു തീരദേശവാസികളാണ് അവയിൽപ്പെട്ട് ജീവൻ വെടിഞ്ഞത്. ഈ ചുഴലിക്കാറ്റുകളിൽ നിന്ന് മനുഷ്യരെ രക്ഷിക്കാനുള്ള ഉപായങ്ങൾ പിന്നീട് വിദഗ്ദ്ധർ കണ്ടെത്തി. ദുരന്തമുന്നറിയിപ്പുകൾക്ക് കൂടുതൽ ആധികാരികത കൈവന്നതോടെ തീരപ്രദേശങ്ങളിൽനിന്ന് മുഴുവൻ ആളുകളെയും ഒഴിപ്പിക്കാനുള്ള ഏർപ്പാടുകളുണ്ടായി. പൊലീസും സൈന്യവും ദുരന്തനിവാരണ സേനയും സംയുക്തമായി രംഗത്തിറങ്ങിയതോടെ അത് എളുപ്പമായി. തീരദേശ ജില്ലകളിൽ ദുരന്തത്തിൽനിന്ന് ആളുകൾക്ക് പെട്ടെന്നു രക്ഷതേടാൻ രക്ഷാകേന്ദ്രങ്ങൾ നിർമ്മിച്ചു. ഇക്കാലത്ത് ചുഴലിക്കാറ്റിൽ ആന്ധ്രാതീരങ്ങളിൽ ആരും വെള്ളപ്പൊക്കത്തിൽപ്പെട്ട് മരണമടയാറില്ല. ദുരന്തനിവാരണ നടപടികളുടെ വിജയമാണത്.

ബിപോർജോയ് വിതച്ച നാശക്കെടുതികളിൽ നിന്ന് ഗുജറാത്ത് മോചിതമാകാൻ സമയമെടുക്കുമെങ്കിലും വലിയ വിപത്തുകൾ ഒഴിഞ്ഞുപോയത് വലിയ ആശ്വാസം തന്നെയാണ്. ചുഴലിക്കാറ്റ് ഗുജറാത്തിൽ നിന്ന് രാജസ്ഥാനിലേക്കാണ് കടന്നത്. ദുർബലമാകാൻ തുടങ്ങിയതുകാരണം അവിടെ വലിയ നാശനഷ്ടങ്ങളുണ്ടായില്ല.

മഴ പെയ്യുകയോ പെയ്യാതിരിക്കുകയോ, കാറ്റ് വീശുകയോ വീശാതിരിക്കുകയോ ചെയ്യാമെന്ന മട്ടിലുള്ള പഴയ പ്രവചനരീതിയുടെ കാലം കഴിഞ്ഞു. ശാസ്ത്രീയാടിസ്ഥാനത്തിലുള്ള നിരീക്ഷണങ്ങളുടെ ബലത്തിൽ തയ്യാറാക്കുന്നവയാണ് ഇപ്പോഴത്തെ കാലാവസ്ഥാ പ്രവചനങ്ങൾ. വളരെ കൃത്യമായ ഇത്തരം പ്രവചനങ്ങൾ പ്രകൃതിദുരന്തങ്ങൾക്കെതിരെ മുൻകരുതലെടുക്കാൻ മനുഷ്യരാശിയെ പ്രാപ്‌തമാക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION