
സംസ്ഥാനത്ത് ഉത്സവങ്ങളുടെയും പെരുന്നാളിന്റെയും ആഘോഷക്കാലമാണിത്. വയനാട്ടിലും മറ്റും കാട്ടാനകൾ മനുഷ്യജീവനുകൾക്കു ഭീഷണി ഉയർത്തി വിഹരിക്കുന്നതിനിടെയാണ് ഉത്സവങ്ങൾക്കായി അണിനിരത്തുന്ന നാട്ടാനകൾ സൃഷ്ടിക്കുന്ന കുഴപ്പങ്ങൾ. ഉത്സവങ്ങൾക്കിടെ ആനകൾ വിരണ്ട് വരുത്തിവയ്ക്കുന്ന നാശനഷ്ടങ്ങളെക്കുറിച്ച് വാർത്തകൾ വരാത്ത ഒരു ദിവസം പോലുമില്ലെന്നായിരിക്കുന്നു. ചുരുക്കം ചില കാട്ടാനകൾ കൃഷിക്കും സ്വത്തിനും മനുഷ്യജീവനു തന്നെയും സൃഷ്ടിക്കുന്ന ഭീഷണിയെക്കുറിച്ച് നാട്ടുകാരുടെയിടയിൽ നിന്ന് വ്യാപകമായ പ്രതിഷേധവും പരാതികളും ഉയരാറുണ്ടെങ്കിലും ഉത്സവാഘോഷങ്ങൾക്കിടെ ഇടയുന്ന ആനകൾ വരുത്തിവയ്ക്കുന്ന പൊല്ലാപ്പുകളെക്കുറിച്ച് ആർക്കും വലിയ പരാതികളൊന്നുമില്ലെന്നതാണ് ഏറെ ശ്രദ്ധേയം.
വ്യാഴാഴ്ച കോഴിക്കോട് കൊയിലാണ്ടിയിലെ എഴുന്നള്ളത്തിനിടെ രണ്ട് ആനകൾ വിരണ്ടോടിയതിനെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ടു സ്‌ത്രീകളുൾപ്പെടെ മൂന്നുപേരാണ് മരണപ്പെട്ടത്. മുപ്പതോളം പേർക്ക് പരിക്കേറ്റതിൽ ഏതാനും പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ആന ഓടുന്നതിനിടയിൽ ഉത്സവകമ്മിറ്റി പ്രവർത്തിച്ചിരുന്ന കെട്ടിടം തകർന്നു അതിനടിയിൽ നിന്നവരാണ് മരണപ്പെട്ടവർ. എഴുന്നള്ളത്തിന് നിറുത്തിയിരുന്ന ആനകളുടെ തൊട്ടടുത്തു ഉഗ്രശബ്ദമുള്ള കതിന പൊട്ടിച്ചപ്പോഴാണത്രെ കൂട്ടത്തിലൊരു ആന വിരണ്ടതും തൊട്ടടുത്തു നിന്ന ആനയെ കുത്തിയതും. ഉത്സവസ്ഥലത്തു പതിവായി കാണുന്ന ഇതുപോലുള്ള വിവേകശൂന്യമായ പ്രവൃത്തികളാണ് പലപ്പോഴും ആനകളെ പ്രകോപിപ്പിക്കുന്നത്.
നാട്ടാനകൾ സൃഷ്ടിക്കുന്ന കുഴപ്പങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഹൈക്കോടതി ആന എഴുന്നള്ളത്തിന് ശക്തമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ട് അധിക ദിവസമായില്ല. അതിനെതിരെ ഉത്സവ കമ്മിറ്റികളും നാട്ടാന സംഘടനയും ഇപ്പോഴും പ്രതിഷേധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ വലിയ ബുദ്ധിമുട്ടില്ലാതെ നടപ്പാക്കാൻ പറ്റിയ നിർദ്ദേശങ്ങളേ നീതിപീഠത്തിൽ നിന്ന് ഉണ്ടായിട്ടുള്ളൂ എന്ന് ഓർക്കണം. ഉത്സവങ്ങളിൽ ആനകളുടെ സാന്നിദ്ധ്യം നമ്മുടെ സംസ്കാരത്തിന്റെയും ക്ഷേത്രാചാരങ്ങളുടെയും ഭാഗമായി മാറിക്കഴിഞ്ഞതാണ്. ആനകളില്ലാത്ത ഉത്സവങ്ങളെക്കുറിച്ച് സാധാരണ മലയാളികൾക്ക് സങ്കല്പിക്കാൻ പോലുമാകില്ല. അതേസമയം കാലം മാറിയതനുസരിച്ച് ഇടയ്ക്ക് ചില നിയന്ത്രണങ്ങളും അനിവാര്യമായി തീർന്നിട്ടുണ്ട്. കഠിനമായ ചൂടിലാണ് ഒട്ടുമിക്ക ഉത്സവങ്ങളും നടക്കുന്നത്. ചൂട് പ്രതിരോധിക്കാൻ ശേഷി കുറഞ്ഞ ആനകൾക്ക് പ്രത്യേക കരുതൽ നൽകി വേണം ഉത്സവത്തിൽ പങ്കെടുപ്പിക്കാൻ. ചെറിയൊരു പ്രകോപനം മതി അവ അനുസരണക്കേടു കാട്ടാൻ. ഉത്സവത്തിൽ പങ്കെടുക്കാനെത്തുന്നവരും ആനകളെ പ്രകോപിപ്പിക്കാൻ തങ്ങളാലാവും വിധം ശ്രമിക്കാറുണ്ട്.
നാട്ടിലിറങ്ങി മനുഷ്യർക്കു ദോഷം ചെയ്യുന്ന കാട്ടാനകളെ നിയന്ത്രിക്കുന്നതിൽ വനം വകുപ്പ് ശുഷ്കാന്തി കാണിക്കുന്നില്ലെന്നാരോപിച്ചാണ് കഴിഞ്ഞ ദിവസം വയനാട്ടിൽ യു.ഡി,എഫ് ഹർത്താൽ നടത്തിയത്.
സംസ്ഥാനത്ത് വനങ്ങളും മനുഷ്യവാസ സ്ഥലങ്ങളും തമ്മിലുള്ള അകലം കുറഞ്ഞു കുറഞ്ഞുവരികയാണ്. അതനുസരിച്ച് കാട്ടുമൃഗങ്ങളുടെ കടന്നുകയറ്റവും വർദ്ധിച്ചുകൊണ്ടിരിക്കുമെന്നത് സ്വാഭാവികമാണ്. മനുഷ്യർക്ക് ഏറ്റവും കൂടുതൽ ദ്രോഹം ചെയ്യുന്ന കാട്ടാനകളെ കാടുകളിൽത്തന്നെ നിലനിറുത്താനുള്ള മാർഗങ്ങൾ ആവിഷ്കരിക്കണം. തീറ്റയും വെള്ളവും തേടിയാണ് കാട്ടാനകൾ മനുഷ്യവാസമുള്ള പ്രദേശങ്ങളിലേക്കു കടക്കാറുള്ളത്. ആനകൾക്കു വേണ്ടുന്ന വിഭവങ്ങൾ കാടുകളിൽത്തന്നെ ഒരുക്കിയാൽ ഇതിന് കുറച്ചെങ്കിലും പരിഹാരമാകും. മുള, പന തുടങ്ങിയവ ആനകൾക്ക് ഏറെ പഥ്യമാണ്. കാടുകളിൽ ഇവ വച്ചുപിടിപ്പിക്കണം. ജലലഭ്യതയും ഉറപ്പാക്കണം. വനംവകുപ്പിന്റെ ഫണ്ട് ഇതിനൊക്കെ ഉപയോഗിക്കാവുന്നതാണ്. ആനയുടെ ആക്രമണത്തിൽ മരിക്കുന്ന ഹതഭാഗ്യരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകലിൽ ഒതുങ്ങരുത് വനംവകുപ്പിന്റെ നടപടി. കാട്ടുമൃഗങ്ങളെ നാട്ടിലേക്കു കടക്കാതെ എങ്ങനെ തടയാനാകുമെന്നുകൂടി ആലോചിക്കണം. അതിനാവശ്യമായ മാർഗങ്ങൾ കണ്ടെത്തുകയും വേണം. കാട്ടാനകളിൽ നിന്നും നാട്ടാനകളിൽ നിന്നുമുള്ള ദ്വിമുഖ ഭീഷണിയാണ് സംസ്ഥാനം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |