SignIn
Kerala Kaumudi Online
Saturday, 24 October 2026 12.38 AM IST

നമ്മൾ പഠിക്കേണ്ടുന്ന ഡ്രൈവിംഗ് സംസ്കാരം

trafic

സ്ട്രീറ്റ് കൾച്ചർ എന്ന പ്രയോഗം തെറ്റിദ്ധരിക്കപ്പെടുന്നതാണ്. നഗരങ്ങളിലെ ന്യൂജെൻ ലൈഫ് സ്റ്റൈലിന്റെ ഭാഗമായ ​ സ്ട്രീറ്റ് ഫുഡ്,​ സ്ട്രീറ്റ് വെയർ, ഹിപ് ഹോപ് മ്യൂസിക് എന്നിവയുമായി ബന്ധപ്പെട്ടതാണ് അതെന്ന് സ്വാഭാവികമായും സംശയം തോന്നും. എന്നാൽ,​ ഹൈക്കോടതി കഴിഞ്ഞ ദിവസം സൂചിപ്പിച്ച,​ ഡ്രൈവിംഗുമായി ബന്ധപ്പെട്ട 'നിരത്ത് സംസ്കാരം" അതല്ല! നിരത്തിൽ കാൽനടയാത്രക്കാർക്ക് ഒരു പരിഗണനയും നല്കാതെയും,​ സീബ്രാ ക്രോസിംഗുകളിൽപ്പോലും കാൽനടക്കാരെ അവഗണിച്ചും വാഹനമോടിക്കുന്നവരുടെ ക്രൂരതയെക്കുറിച്ച് പറഞ്ഞകൂട്ടത്തിലാണ് നിരത്തുകളിൽ അവശ്യം പാലിക്കേണ്ട സംസ്കാരം നമുക്ക് തീരെയില്ലെന്ന് കോടതി പറഞ്ഞത്. അതിന് തൊട്ടുപിന്നാലെ ട്രാൻസ്പോർട്ട് കമ്മിഷണർ സി.എച്ച്. നാഗരാജു ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തു. അതനുസരിച്ച് ഇനി സീബ്രാ ക്രോസിംഗുകളിൽ വാഹനവുമായി തോന്ന്യാസം കാണിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകും.

നിരത്തുകളിൽ 'കണ്ണുമടച്ച്" വണ്ടിയോടിക്കുന്നവർക്ക് കൂച്ചുവിലങ്ങിടാനുള്ള കോടതിയുടെ നിർദ്ദേശം കണക്കുകളുടെ അടിസ്ഥാനത്തിലാണ്. ഈ വർഷം ആദ്യത്തെ പത്തുമാസത്തിനിടെ,​ സംസ്ഥാനത്ത് സീബ്രാലൈൻ മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചത് 218 പേരാണ്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി തന്നെ ഈ കണക്ക് ഓർമ്മിപ്പിച്ചത്. ‌വാഹനം ഓടിക്കുന്നവരുടെ ഉദാസീനതയും അശ്രദ്ധയും,​ ഡ്രൈവിംഗ് പരിശീലനകാലത്തു തന്നെ തുടങ്ങുന്നതാണെന്നും കോടതി ഓർമ്മിപ്പിച്ചു. അതായത്,​ ട്രാഫിക് നിയമങ്ങളെക്കുറിച്ചും സിഗ്നലുകളെക്കുറിച്ചും പഠിപ്പിക്കുന്ന കൂട്ടത്തിൽ ‌ഡ‌്രൈവിംഗ് പരിശീലകർ ഒരിക്കൽപ്പോലും സീബ്രാ ക്രോസിംഗുകളുടെ കാര്യം പറഞ്ഞുകൊടുക്കില്ല! റോഡിനു കുറുകെ കാണുന്ന ഈ വരകൾ എന്തിനാണെന്ന് അറിഞ്ഞുകൂടാത്തവർ പോലും ഉണ്ടെന്നിരിക്കും. ലൈസൻസ് നല്കുന്നതിനു മുമ്പുള്ള ഡ്രൈവിംഗ് ടെസ്റ്റിന്റെ വേളയിലും സീബ്രാ ക്രോസിംഗിലെ മര്യാദ പരിശോധന വിഷയമാകാറില്ല!

സീബ്രാ ക്രോസിംഗുകളിൽ കാൽനടക്കാർക്കാണ് പ്രഥമ പരിഗണനയെന്ന പ്രാഥമികകാര്യം പോലും അറിയാതെയാണ് പലരും ഡ്രൈവിംഗ് ലൈസൻസ് നേടുന്നത് എന്ന യാഥാർത്ഥ്യം പരിതാപകരമാണെന്ന് പറയാതിരിക്കാനാവില്ല. സീബ്രാ ക്രോസിംഗുകളിലേക്ക് വാഹനം കയറ്റി പാർക്ക് ചെയ്യുന്നവർ പോലുമുണ്ട്! ഇത്തരം നിയമലംഘകരെ ദാക്ഷിണ്യമില്ലാതെ പിടികൂടാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പുറപ്പെടുവിച്ച നിർദ്ദേശം. സീബ്രാ ലൈനിലൂടെ ആളുകൾ റോഡിനു കുറുകെ കടക്കുന്നത് ദൂരെനിന്നേ കാണാമെങ്കിലും,​ സീബ്രാ ലൈൻ എത്തുന്നതിന് മീറ്ററുകൾക്ക് മുമ്പുതന്നെ സിഗ്നലുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ച് ഇക്കാര്യം ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുത്താനാണ് കോടതി നിർദ്ദേശം. സീബ്രാ ലൈനുകളിൽ താത്കാലികമായെങ്കിലും ട്രാഫിക് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നന്നായിരിക്കുമെന്നു കൂടി കോടതി പറഞ്ഞിട്ടുണ്ടെങ്കിലും,​ ഉദ്യോഗസ്ഥക്ഷാമം കാരണം അത് പലയിടത്തും നടപ്പാക്കാൻ ബുദ്ധിമുട്ട് നേരിട്ടേക്കാം. ഏറ്റവും പ്രധാനവും പ്രാഥമികവുമായ കാര്യം,​ അച്ചടക്കവും മാന്യതയുമുള്ള ഒരു ട്രാഫിക് സംസ്കാരം മലയാളികളിൽ രൂപപ്പെടണം എന്നതാണ്.

ഈ സംസ്കാര രൂപീകരണം സ്കൂൾ പാഠപുസ്തകം മുതൽ തുടങ്ങേണ്ടതാണ്. നിരത്തുകളിൽ പാലിക്കേണ്ട മര്യാദകൾക്കു പുറമേ,​ ഡ്രൈവിംഗിനിടയിൽ മുൻഗണന നല്കേണ്ട കാര്യങ്ങളെക്കുറിച്ചു കൂടി കുട്ടികൾ ബോധവാന്മാരാകട്ടെ. അപ്പോഴേ,​ അച്ഛനമ്മമാരോടൊപ്പം കാറിലും മറ്റും സഞ്ചരിക്കുമ്പോൾ നിയമലംഘനങ്ങൾ കണ്ടാൽ അവർ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുത്തൂ. അതൊരു ശീലവും സംസ്കാരവുമായി മാറുമ്പോൾ ട്രാഫിക് സംസ്കാരത്തിലേക്കുള്ള കുട്ടിയുടെ സ്വാഭാവിക സഞ്ചാരം കൂടിയായിത്തീരും. ഡ്രൈവിംഗ് ലൈസൻസ് നേടാവുന്ന പ്രായമെത്തുമ്പോഴേക്കും കുട്ടി നിരത്തിലെ പ്രാഥമിക മര്യാദകളെക്കുറിച്ച് അവബോധമുള്ള വ്യക്തിയായിത്തീരുകയും ചെയ്യും. ഡ്രൈവിംഗുമായി ബന്ധപ്പെട്ട അശ്രദ്ധകൾ അവസാനിപ്പിക്കാൻ,​ നിയമം നിർബന്ധമാക്കലാണ് ഒരു വഴിയെങ്കിലും,​ അതിനപ്പുറം മനുഷ്യത്വം,​ പരസ്പര മര്യാദ,​ മുതിർന്ന പൗരന്മാർക്കു നല്കേണ്ട പരിഗണന തുടങ്ങിയവയെല്ലാം ചേർന്ന പുതിയ നിരത്തു സംസ്കാരം രൂപപ്പെടുക എന്നതാണ് പരമപ്രധാനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION