
അടുത്തമാസം ന്യൂസിലാൻഡിനെതിരെ രണ്ട് മത്സരങ്ങൾ കളിക്കാൻ ഇന്ത്യൻ ഫുട്ബാൾ ടീം
കഴിഞ്ഞ 10 ദിവസത്തിനിടെ ഇന്ത്യൻ ഫുട്ബാൾ ടീം കൊമ്പുകോർത്തത് കഴിഞ്ഞ ലോകകപ്പിൽ കളിച്ച മൂന്ന് വമ്പൻ ടീമുകളോടാണ്. അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിൽ ഫിഫ റാങ്കിംഗിൽ യഥാക്രമം 46,6,20 സ്ഥാനങ്ങളിലുള്ള പാനമ, ബ്രസീൽ,ഉറുഗ്വേ എന്നീ ടീമുകളോട്. 138-ാം റാങ്കിലുള്ള ഇന്ത്യയ്ക്ക് ഇതിൽ ഒന്നിൽപ്പോലും ജയിക്കാൻ കഴിഞ്ഞില്ലായിരിക്കാം. പക്ഷേ ലോകത്തെ മുൻനിരയിലുള്ള ടീമുകളോട് പൊരുതിനിൽക്കാൻ ഇന്ത്യയ്ക്ക് കഴിയും എന്ന ആത്മവിശ്വാസം പകർന്നു നൽകാൻ ഈ മത്സരങ്ങൾക്ക് കഴിഞ്ഞു.
ഏഷ്യയിൽ നിന്ന് സ്ഥിരമായി ലോകകപ്പിൽ കളിക്കുന്ന ടീമുകളായ ജപ്പാൻ,കൊറിയ,സൗദി,ഖത്തർ,ഇറാൻ,ഇറാഖ് തുടങ്ങിയ ടീമുകളുമായിപ്പോയും സമീപകാലത്ത് മത്സരിക്കാൻ കഴിയാത്ത ഇന്ത്യൻ ഫുട്ബാൾ ടീമിന് ലാറ്റിനമേരിക്കൻ ടീമുകളുമായി കളിക്കാൻ അവസരം ലഭിച്ചത് തീർച്ചയും ഇന്ത്യൻ ഫുട്ബാളിന് ഉണർവ് പകരുമെന്നതിന് തർക്കമില്ല. പാനമയെ 1-1ന് തളച്ചതും വിനീഷ്യസ് ജൂനിയർ അണിനിരന്ന ബ്രസീലിനെതിരെ നാലുഗോളുകൾ മാത്രം വഴങ്ങിയതും ഉറുഗ്വേയ്ക്ക് എതിരെ ഒരു ഗോൾ തിരിച്ചടിക്കാനായതുമൊക്കെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിജയങ്ങളുടെ പട്ടികയിൽ തന്നെ എഴുതണം. വലിയ സംഘങ്ങൾക്ക് എതിരെ കളിക്കുമ്പോൾ വിജയത്തെക്കാൾ മുതൽക്കൂട്ടാവുക ആ മത്സരങ്ങളിൽ നിന്ന് ലഭിക്കുന്ന അനുഭവസമ്പത്ത് തന്നെയാണ്.
വലിയ ടീമുകൾക്ക് എതിരെ തുടർച്ചയായി കളിക്കാൻ കഴിഞ്ഞാലേ നമുക്ക് ലോകനിലവാരത്തിലേക്ക് മുന്നേറാനാകൂ എന്നതാണ് യാഥാർത്ഥ്യം. ഇത് തിരിച്ചറിഞ്ഞ് ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ ലോകകപ്പ് കളിച്ച മറ്റൊരു ടീമുമായി ഇന്ത്യൻ ടീമിന്റെ പോരാട്ടത്തിന് അവസരമൊരുക്കിയിരിക്കുകയാണ്. ന്യൂസിലാൻഡാണ് ആ എതിരാളികൾ. ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള കായിക ബന്ധത്തിന്റെ 100-ാം വാർഷികം പ്രമാണിച്ച് ന്യൂസിലാൻഡ് പര്യടനം നടത്തുന്ന ഇന്ത്യൻ ഫുട്ബാൾ ടീം രണ്ട് മത്സരങ്ങളാണ് കളിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ന്യൂസിലാൻഡ് സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ ക്രിക്കറ്റ് ടീമും ന്യൂസിലാൻഡിൽ കളിക്കാനെത്തുന്നുണ്ട്.
ഫിഫ റാങ്കിംഗിൽ 88-ാം സ്ഥാനത്താണ് ന്യൂസിലാൻഡ് എങ്കിലും കഴിഞ്ഞ ലോകകപ്പിൽ ഇറാനെ 2-2ന് സമനിലയിൽ പിടിച്ച ടീമാണ്. ബെൽജിയത്തോട് 1-5നും ഈജിപ്തിനോട് 1-3നും തോറ്റാണ് ഗ്രൂപ്പ് റൗണ്ടിൽ അവസാനക്കാരായി പുറത്തായത്. ഇന്ത്യൻ വംശജനായ സർപ്രീത് സിംഗ് ന്യൂസിലാൻഡിനായി ലോകകപ്പ് കളിച്ച ടീമിൽ അംഗമായിരുന്നു.
നവംബർ 12ന് ഓക്‌ലാൻഡിൽ വച്ചാണ് ഇന്ത്യ - ന്യൂസിലാൻഡ് ആദ്യമത്സരം. നവംബർ 15ന് ക്രൈസ്റ്റ് ചർച്ചിൽ വച്ച് രണ്ടാം മത്സരം.
ഇതിനുമുമ്പ് രണ്ട് തവണ ഇന്ത്യയും ന്യൂസിലാൻഡും ഏറ്റുമുട്ടിയിട്ടുണ്ട്. 1981ൽ മലേഷ്യയിൽ നടന്ന മെർദേക്ക ടൂർണമെന്റിലെ മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചപ്പോൾ 2018ൽ മുംബയ്‌യിൽ നടന്ന ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ന്യൂസിലാൻഡ് 2-1ന് ജയിച്ചു.
ന്യൂസിലാൻഡിലേക്ക് ഇന്ത്യൻ ഫുട്ബാൾ ടീം പര്യടനം നടത്തുന്നത് ഇതാദ്യം
2005ൽ ഫിജിയിലേക്ക് രണ്ട് മത്സര പര്യടനം നടത്തിയശേഷം ഇന്ത്യൻ ടീം ഓഷ്യാനിയൻ മേഖലയിലെ
ഒരു രാജ്യത്തേക്ക് പര്യടനം നടത്തുന്നത് ഇതാദ്യം.
ലോകകപ്പിൽ കളിച്ച ന്യൂസിലാൻഡിനെ അവരുടെ നാട്ടിൽവച്ച് നേരിടാൻ കഴിയുന്നത് നല്ല അവസരമാണ്.നമ്മുടെ കളിക്കാർക്ക് വലിയ പാഠങ്ങൾ ഈ മത്സരങ്ങൾ പകരും.
- ഖാലിദ് ജമീൽ, ഇന്ത്യൻ കോച്ച്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |