SignIn
Kerala Kaumudi Online
Saturday, 24 October 2026 5.56 AM IST

കാലത്തിനൊത്ത കോലം; കഞ്ഞിയിലെ പാറ്റയും

d

പരദേശികളുടെ അധികാരക്കൊടി അറബിക്കടലിൽ; നമ്മളുയർത്തുക നമ്മുടെ രക്തപതാക; സഖാക്കളേ മുന്നോട്ട്! ഒരു കാലത്ത് മലയാളികളുടെ സിരകളിൽ അഗ്നി പടർത്തിയ വിപ്ളവ ഗാനം. കാലമെത്ര കഴിഞ്ഞിട്ടും സഖാക്കൾ ഇന്നും മുന്നോട്ടുതന്നെ. പക്ഷേ, പരദേശികളോടുള്ള എതിർപ്പിന് അന്നത്തെയത്ര ഉശിരില്ല. മാത്രമല്ല, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അവർക്ക് ചുവപ്പു പരവതാനി വിരിക്കുകയുമാണ് കമ്മ്യൂണിസ്റ്റ് സർക്കാർ. വിദേശ സർവകലാശാലകൾ കേരളത്തിലും വരാൻ പോകുന്നു. അപ്പോൾ സ്വകാര്യ മുതലാളിത്തത്തെയും വിദേശ സാമ്രാജ്യത്വ കുത്തകകളെയും ഇത്രനാളും എതിർത്തതോ?സ്വകാര്യ വിദ്യാഭ്യാസ കച്ചവടത്തിനെതിരായ സമരത്തിൽ പുഷ്പൻ ഉൾപ്പെടെ കൂത്തുപറമ്പിലെ ആറ് യുവസഖാക്കൾ രക്തസാക്ഷിത്വം വരിച്ചതോ?

സി.പി.എമ്മിന് ഇതെന്തു പറ്റി? ദോഷൈകദൃക്കുകളുടെ ചോദ്യങ്ങൾക്ക് ഒറ്റ മറുപടിയേയുള്ളൂ .കാലം മാറിയത് നിങ്ങൾ അറിയുന്നില്ലേ?ലോകത്ത് മാറ്റമില്ലാത്ത വസ്തു മാറ്റം മാത്രമാണെന്നല്ലേ കാറൽ മാർക്സ് പറഞ്ഞത്. സ്വകാര്യ വിദ്യാഭ്യാസത്തിനെതിരെ ഞങ്ങൾ സമരം ചെയ്തത് അന്നത്തെ ശരി. ഇത് ഇന്നത്തെ ശരി!അന്നന്ന് കണ്ടതിനെ വാഴ്ത്തുന്നവരാണ് മാമുനികൾ പോലും! പത്തു വർഷം മുമ്പ് അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ ഇവിടെ സ്വകാര്യ സർവകലാശാലകൾ കൊണ്ടുവരാൻ തീരുമാനിച്ചപ്പോൾ എന്തായിരുന്നു പുകിൽ!അവയെ കേരളത്തിന്റെ മണ്ണിൽ കാലു കുത്താൻ അനുവദിക്കില്ലെന്ന് ശപഥം ചെയ്തവരല്ലേ അന്നത്തെ എസ്.എഫ്.ഐക്കാർ?​ കോവളത്ത് സെമിനാറിനെത്തിയ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനും മുൻ അംബാസഡറുമായ ടി.പി. ശ്രീനിവാസന്റെ ചെകിട് ഒരു എസ്.എഫ്.ഐ നേതാവ് പൊന്നാക്കിയില്ലേ...

സ്വകാര്യ വിദ്യാഭ്യാസ കച്ചവടം അനുവദിക്കില്ലെന്ന് അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. ഇന്ന് സ്വകാര്യ സർവകലാശാലകളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നവർ അന്നത്തെ സമരത്തിന്റെ പേരിൽ മാപ്പു പറയണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആവശ്യം .അതങ്ങ് കൈയിൽ വച്ചാൽ മതിയെന്ന് സഖാക്കൾ. അന്നങ്ങനെ പലതും പറഞ്ഞിരിക്കും. ഇന്ത്യയിൽ അന്ന് ഒരു സ്വകാര്യ സർശകലാശാല കാണാൻ മഷിയിട്ട് നോക്കണമായിരുന്നു. ഇന്നോ?രാജ്യത്തെ 26 സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് പിണറായി സഖാവിന്റെ സാക്ഷ്യപത്രം. നമ്മുടെ കുട്ടികൾ എന്നും വിദേശങ്ങളിൽ പോയി പഠിച്ചാൽ മതിയോ?കേരളത്തെ വിജ്ഞാന സമ്പാദനത്തിലും തൊഴിൽ വിപണിയിലും മുന്നിലെത്തിക്കണ്ടേ?

പാർട്ടിയുടെ നയമല്ല, കാലവും ലോക സാഹചര്യങ്ങളുമാണ് മാറിയതെന്ന് എം.വി. ഗോവിന്ദൻ മാഷും ആണയിടുന്നു. എ.ഐ വന്നാൽ ആത്യന്തികമായി മുതലാളിത്തം തകരുമെന്നും സോഷ്യലിസം വരുമെന്നും (ഇരുന്നൂറു വർഷം കാത്തിരിക്കണം) ലോകത്ത് ആദ്യം കണ്ടുപിടിച്ച മാഷിനെ അവിശ്വസിക്കേണ്ടതില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പറഞ്ഞതാണ് ശരി. മൂർത്തമായ സാഹചര്യത്തിൽ പാർട്ടി മൂർത്തമായ തീരുമാനമെടുത്തു. അതവർ ചെയ്യേണ്ട. നമ്മൾ വരും,​ നമ്മൾ ചെയ്യും. എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ!

ടി.പി. ശ്രീനിവാസനെ അന്ന് കൈയേറ്റം ചെയ്തതിനെ ഇപ്പോൾ ന്യായീകരിക്കുന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി

പി.എം. ആർഷോയെയും മാഷ് തിരുത്തി. ആരെയും തല്ലുന്നതും ചെകിടത്തടിക്കുന്നതും പാർട്ടി നയമല്ലെന്ന മാഷിന്റെ ഉപദേശം കേട്ട് എസ്.എഫ്.ഐക്കാർ ഇനി മര്യാദരാമന്മാരായിക്കളയുമോ എന്നറിയില്ല. മൂത്തവർ ചൊല്ലും മുതു നെല്ലിക്കയും ആദ്യം കയ്ക്കും,​ പിന്നെ മധുരിക്കും! ശ്രീനിവാസൻ വിദ്യാഭ്യാസ വിചക്ഷണനല്ല, വിദേശ ഏജന്റാണെന്നായിരുന്നു അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി സഖാവ് ആരോപിച്ചത്. ഇപ്പോൾ പാർട്ടി നയം മാറിയല്ലോ. വിദേശ സർവകലാശാലകളോടുള്ള എതിർപ്പ് അലിഞ്ഞില്ലാതായെന്നു മാത്രമല്ല, അവയെ പരവതാനി വിരിച്ച് ക്ഷണിക്കുകയുമാണല്ലോ.അപ്പോൾ ഒരു എളിയ നി‌ർദ്ദേശം. അന്ന് വിദേശ സർവകലാശാലകളുടെ ഏജന്റായി മുദ്ര കുത്തിയ ടി.പി. ശ്രീനിവാസനെത്തന്നെ കേരളത്തിലെ വിദേശ സർവകലാശാലാ പഠനത്തിന്റെ അംബാസ‌ഡറായി നിയമിച്ചു കൂടേ?അന്ന് ചെകിട്ടത്ത് അടിച്ചതിന് പരിഹാരവുമാവും!

 

കോൺഗ്രസിലെ വ്യത്യസ്തനായ നേതാവ് ശശി തരൂരിനെ സത്യത്തിൽ സ്വന്തം പാർട്ടി നേതാക്കൾ ഇനിയും

തിരിച്ചറിഞ്ഞിട്ടില്ല.അല്ലെങ്കിൽ,15 വർഷത്തോളം കോൺഗ്രസുമായി ചേർന്നു നിന്ന് നാലു തവണ എം.പിയും

ഒരു തവണ കേന്ദ്രമന്ത്രിയുമൊക്കെയായിട്ടും പാർട്ടി ലൈനിലേക്ക് വരാൻ തരൂരിന് കഴിയുന്നില്ല. ഇതിൽ രണ്ടാമത്തേതാവാം ശരി. അല്ലെങ്കിൽ, രാഷ്ട്രീയ എതിരാളികളെ പുകഴ്ത്തുകയും പാർട്ടിയുടെ മണ്ടയ്ക്കിട്ട് പ്രഹരിക്കുകയും ചെയ്യുമോ എന്നാണ് കോൺഗ്രസ് നേതാക്കളുടെ ചോദ്യം.

കേരളത്തിൽ പിണറായി സർക്കാർ നടപ്പാക്കി വരുന്ന വ്യവസായ വിപ്ലവമാണ് തരൂരിനെ വിസ്മയിപ്പിക്കുന്നത്. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിൽ ഇരുപത്തിയെട്ടാം സ്ഥാനത്തായിരുന്ന കേരളം ഇപ്പോൾ ഒന്നാം സ്ഥാനത്ത്. വ്യവസായ സംരംഭക വർഷം പദ്ധതിയിയിലൂടെ തുടങ്ങിയത് 2,90,000 സംരംഭങ്ങൾ. സാമ്പത്തിക

നവീകരണത്തിലും സുസ്ഥിരവളർച്ചയിലും മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക. വ്യവസായ രംഗത്ത് ചെകുത്താന്റെ

മൈതാനമായിരുന്ന കേരളത്തെ ആ രംഗത്തും ദൈവത്തിന്റെ സ്വന്തം നാടാക്കി. അതും വെറും 18 മാസം കൊണ്ട്. ഈ മാറ്റങ്ങൾ ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിനു കീഴിലാണെന്നതാണ് തരൂരിനെ അതിലേറെ വിസ്മയിപ്പിക്കുന്നത്.

വളർച്ചയിലേക്കും സമൃദ്ധിയിലേക്കുമുള്ള വഴി മുതലാളിത്തവും സംരംഭകത്വവുമാണന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ നേരത്തേ തിരിച്ചറിഞ്ഞത്രെ. ഒപ്പം,വികസനത്തെ രാഷ്ട്രീയത്തിന്റെ മഞ്ഞ കണ്ണടയിയുടെ മാത്രം കാണരുതെന്നും! നല്ലത് ആരു ചെയ്താലും അംഗീകരിക്കണമെന്ന് സ്വന്തം പാർട്ടിക്കാർക്ക് ഒരു ഉപദേശവും!

തങ്ങളോട് ഈ കൊടുംചതി വേണമായിരുന്നോ എന്നാണ് കെ.സി. വേണുഗോപാലും വി.ഡി.സതീശനും രമേശ് ചെന്നിത്തലയും കെ. മുരളീധരനുമൊക്കെ തരൂരിനോടു ചോദിക്കുന്നത്. പിണറായി സർക്കാർ സർവതും മുടിച്ചെന്നും,

വ്യവസായ രംഗത്തെ ശവപ്പറമ്പാക്കിയെന്നുമൊക്കെയാണ് തങ്ങൾ അധിക്ഷേപിച്ചു വരുന്നത്.

കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പപ്പടപ്പരുവമാക്കിയ എൽ.ഡി.എഫിനെ തവിടുപൊടിയാക്കി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം പിടിക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. കോൺഗ്രസിന്റെ അടുത്ത മുഖ്യമന്ത്രി ആരാവണമെന്ന കാര്യത്തിൽ മാത്രം ഇനി തീരുമാനമെടുത്താൽ മതി. തരൂരിനെ തങ്ങൾ ആ മത്സരത്തിൽ നിന്ന് ഏതാണ്ട് ഔട്ടാക്കിയതും നേര്. എന്നുവച്ച്, വൈകുന്നേരം വരെ വെള്ളം കോരിയ ശേഷം കലമിട്ട് ഉടയ്ക്കണോ?​ സഹായിച്ചില്ലെങ്കിലും ശകുനം മുടക്കാതിരുന്നു കൂടേ?

മുൻ യു.എൻ അണ്ടർ സെക്രട്ടറി ജനറലും നാലുതവണ എം.പിയും ഒക്കെയായ തരൂരിന് സ്വന്തം പുസ്തകങ്ങൾ വിറ്റായാലും ജീവിക്കാം. തങ്ങളുടെ കാര്യം അതാണോ?മഴയും വെയിലും കൊള്ളാൻ തുടങ്ങിയിട്ട് കൊല്ലം ഒമ്പതാവുന്നു. ഒരുകൊല്ലം കൂടി എങ്ങനെയും കടിച്ചുപിടിച്ചിരിക്കാം. അതു കഴിഞ്ഞ് വീണ്ടും അഞ്ചുകൊല്ലം കൂടി വെയിലു കൊണ്ട് നടക്കുന്ന കാര്യം ചിന്തിക്കാൻ പോലും വയ്യ. അപ്പോഴാണ്, ഉള്ള കഞ്ഞിയിൽ പാറ്റയിടൽ. ഇതെങ്ങനെ സഹിക്കും? വ്യവസായ രംഗത്ത് പിണറായി സർക്കാർ ഇത്രയൊക്കെ വലിയ കാര്യങ്ങൾ ചെയ്തതായി സി.പി.എം സഖാക്കൾ പോലും അറിയുന്നത് ശശി തരൂർ പറഞ്ഞപ്പോഴാണ്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വ്യവസായ മന്ത്രി പി. രാജീവുമൊക്കെ, ആനന്ദലബ്ദ്ധിക്ക് ഇനിയെന്തു വേണം എന്ന മട്ടിലും!

നുറുങ്ങ്:

 പ്രതിപക്ഷം നടത്തുന്ന കള്ള പ്രചാരണങ്ങൾക്കുള്ള മറുപടി ശശി തരൂർ എഴുതിയപ്പോൾ ജനങ്ങൾക്ക് ബോദ്ധ്യമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

@ സ്മരണ വേണം; സ്മരണ!

(വിദുരരുടെ ഫോൺ: 99461 08221)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION