SignIn
Kerala Kaumudi Online
Friday, 16 October 2026 12.17 AM IST

പിണറായി സർക്കാർ അഞ്ചാം വർഷത്തിലേക്ക്

READ ENGLISH VERSION
pinarayi-government

രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന് കാസർകോട്ട് തുടക്കമായിരിക്കുകയാണ്. വിവാദങ്ങളാലും ആരോപണങ്ങളാലും കുറച്ചൊക്കെ കലുഷിതമായ സാഹചര്യത്തിലും പ്രവർത്തിക്കുന്ന ഒരു സർക്കാർ എന്ന വിശേഷണത്തിന് തികച്ചും അർഹമാണ് രണ്ടാം ഇടതുമുന്നണി സർക്കാർ. പ്രതിഷേധവും ആരോപണവും ഭയന്ന് പദ്ധതി നിർവഹണത്തിൽ നിന്ന് മാറിനിൽക്കുന്ന ഒരു സ്വഭാവമല്ല ഈ സർക്കാരിനുള്ളത്. സാമ്പത്തിക ക്ളേശങ്ങൾക്കിടയിലും വയനാട് ടൗൺഷിപ്പ് പദ്ധതിക്ക് തുടക്കം കുറിക്കാൻ സർക്കാരിനായത് അഭിനന്ദനീയമാണ്. പ്രകൃതി ദുരന്തങ്ങൾ ഏതു സർക്കാരിന്റെ കാലത്തും ഉണ്ടാകാം. പക്ഷേ അതിനെ എങ്ങനെ നേരിടുന്നു എന്നതാണ് ഒരു സർക്കാരിന്റെ ക്രിയാശക്‌തിയെ വിലയിരുത്താനുള്ള അളവുകോലായി എടുക്കേണ്ടത്. ആ രീതിയിൽ നോക്കിയാൽ ഈ സർക്കാർ വിജയകരമായ പ്രവർത്തനം കാഴ്ചവയ്ക്കുന്നില്ലെന്ന് ആർക്കും പറയാനാവില്ല.

കേരളത്തിന്റെ ഏറ്റവും വലിയ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിക്കാവുന്ന വിഴിഞ്ഞം തുറമുഖം മേയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി കമ്മിഷൻ ചെയ്യുകയാണ്. മേയ് 30 വരെ നീണ്ടുനിൽക്കുന്ന നാലാം വാർഷികാഘോഷത്തിനിടയ്ക്കാണ് വിഴിഞ്ഞത്തിന്റെ ഉദ്ഘാടനം നടക്കുന്നതെന്നതും എടുത്തുപറയേണ്ടതാണ്. അതുപോലെ തന്നെ,​ ഈ സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനു മുമ്പ് ദേശീയപാതയുടെ നിർമ്മാണവും പൂർത്തിയാകും. നാടിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന ഈ പ്രവർത്തനങ്ങളുടെ അവസാനമാകും സർക്കാർ പടിയിറങ്ങുക.

വ്യവസായങ്ങളുടെ മേഖലയിലും പരിമിതികൾക്കിടയിലും കുതിപ്പു കൈവരിക്കാൻ കഴിഞ്ഞ നാലുവർഷത്തിനിടയിൽ കഴിഞ്ഞു എന്നതും എടുത്തുപറയേണ്ട നേട്ടമാണ്. സ്റ്റാർട്ടപ്പുകളുടെ എണ്ണം കുതിച്ചുയർന്നതും വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനായതും നേട്ടങ്ങൾ തന്നെയാണ്. മാലിന്യ നിർമ്മാർജ്ജന കാര്യത്തിൽ ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ടെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന യത്‌നങ്ങൾ പ്രതീക്ഷ നൽകുന്നതാണ്.

സമഗ്ര ഭൂവിവരം ഡിജിറ്റൽ സംവിധാനത്തിൽ ലഭ്യമാക്കുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റാനായി. 3,57,898 പട്ടയങ്ങൾ വിതരണം ചെയ്യാനായതും ആദിവാസികൾക്ക് വനാവകാശ രേഖ നൽകിയതും മറ്റും നേട്ടങ്ങൾ തന്നെയാണ്. രാജ്യത്തെ ആകെ പി.എസ്.സി നിയമനങ്ങളുടെ 66 ശതമാനവും നടക്കുന്നത് കേരളത്തിലാണെന്ന് സർക്കാർ പറയുമ്പോഴും,​ പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടന്ന ഒരു കാലയളവു കൂടിയാണ് ഈ സർക്കാരിന്റേത് എന്ന് പറയാതിരിക്കാനാവില്ല. അതിനാൽ പി.എസ്.സി റാങ്ക് ലിസ്റ്റുകളിലുള്ളവർക്ക് പരമാവധി ജോലി നൽകുന്നതിന് പര്യാപ്തമായ രീതിയിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യിപ്പിക്കുന്നതിൽ അഞ്ചാം വർഷം സർക്കാർ ഏറ്റവും കൂടുതൽ ശ്രദ്ധ നൽകേണ്ടതാണ്. ഈ സർക്കാർ അധികാരത്തിലേറുമ്പോൾ ക്ഷേമ പെൻഷൻ 18 മാസം കുടിശ്ശികയായിരുന്നു. ഇപ്പോൾ 1600 രൂപ വീതം 60 ലക്ഷം പേർക്ക് കൊടുക്കുന്നതും മാതൃകാപരമാണ്.

മലയോര പ്രദേശങ്ങളിൽ വനാതിർത്തിയോടു ചേർന്ന് താമസിക്കുന്നവർ നേരിടുന്ന വന്യജീവിശല്യം ഫലപ്രദമായി തടയുന്ന പ്രവർത്തനങ്ങൾ വിജയകരമായ രീതിയിൽ ഏകോപിപ്പിക്കാൻ സർക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ല. സർക്കാരുമായി ബന്ധപ്പെട്ട ഇ - സേവനങ്ങൾ വ്യാപകമാക്കിയതും സർക്കാരിന്റെ നേട്ടങ്ങളിൽ എണ്ണപ്പെട്ടതാണ്.

കൊവിഡിന്റെ തളർച്ചയ്ക്കുശേഷം ടൂറിസം മേഖലയെ അതിവേഗം പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞത് വലിയ പ്രതീക്ഷകൾ പകരുന്നു. 2016-ൽ അധികാരത്തിൽ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ തുടർച്ചയാണ് ഈ സർക്കാരും. പിണറായി ആകട്ടെ മുഖ്യമന്ത്രി പദവിയിൽ ഒൻപതു വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. തുടർ ഭരണത്തിന്റെ സാദ്ധ്യതകളെക്കെുറിച്ചുള്ള ചർച്ചകൾ പോലും നടക്കുന്നു. സാമ്പത്തിക പുരോഗതിയും സാമൂഹ്യ നീതിയും ഉറപ്പുവരുത്തി വികസിത രാജ്യങ്ങൾക്ക് സമാനമായ നിലയിലേക്ക് കേരളത്തെ ഉയർത്തുക എന്ന ലക്ഷ്യം ഈ സർക്കാരിന് പൂർത്തീകരിക്കാനാകട്ടെ എന്ന് ആശംസിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI, GOVERNMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION