SignIn
Kerala Kaumudi Online
Thursday, 22 October 2026 11.01 PM IST

മീറ്റർ വാടകയെന്ന കടുത്ത അന്യായം

a

കെ.എസ്.ഇ.ബി ഉപഭോക്താക്കളിൽ നിന്ന് വൈദ്യുതി ബില്ലിനൊപ്പം മീറ്റർ വാടകയും പിരിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുതുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. മീറ്റർ വാടക ഈടാക്കാൻ തുടങ്ങിയത് 2002 മുതലാണെന്നാണ് ബോർഡ് പറയുന്നത്. അതിനു മുമ്പ് വൈദ്യുതി നിരക്കിൽ ഇന്നത്തെപ്പോലുള്ള വൻ വർദ്ധനവ് ഇല്ലാതിരുന്നതിനാൽ മീറ്റർ വാടക ഉണ്ടായിരുന്നെങ്കിൽത്തന്നെയും ആരും അത്ര കാര്യമായെടുത്തിരിക്കുകയുമില്ല. തങ്ങൾ സ്വന്തം നിലയ്ക്കു വാങ്ങി സ്ഥാപിച്ച മീറ്ററുകൾക്കും വാടക പിരിക്കുന്നതിനെതിരെ ഉപഭോക്താക്കൾ പരാതിപ്പെടുന്നുണ്ട്. വൈദ്യുതി ബോർഡ് സ്ഥാപിക്കുന്ന മീറ്ററുകൾക്കു മാത്രമേ വാടക ഈടാക്കാറുള്ളൂ എന്നാണ് ബോർഡിന്റെ വിശദീകരണം. ഏതായാലും കഴിഞ്ഞ 14 വർഷത്തിനിടെ മീറ്റർ വാടകയിനത്തിൽ 1532 കോടി രൂപ ഉപഭോക്താക്കളിൽ നിന്ന് പിരിച്ചെടുത്തിട്ടുണ്ടെന്നാണ് ബോർഡിൽ നിന്നു തന്നെ ലഭിക്കുന്ന വിവരം!

ഇത് നിസാരമായ തുകയൊന്നുമല്ല. വൈദ്യുതി ചാർജിനൊപ്പം പല ഇനങ്ങളിൽ നല്ലൊരു സംഖ്യ അല്ലാതെയും ഈടാക്കുന്നുണ്ട്. ഡ്യൂട്ടി, ഫ്യൂവൽ സർച്ചാർജ്, ഫിക്സഡ് ചാർജ് എന്നിവയ്ക്കൊപ്പമാണ് മീറ്റർ വാടകയിനത്തിലുള്ള പിരിവ്. വാടക തുകയിന്മേൽ ജി.എസ്.ടിയും ഈടാക്കുന്നുണ്ട്. സ്ഥിരമായി സ്ഥാപിച്ചിട്ടുള്ള മീറ്ററിന് ഓരോ മാസവും ജി.എസ്.ടി കൂടി- തുക എത്രയോ ചെറുതാകട്ടെ- ഈടാക്കുന്നതിലെ അന്യായം പോലും ബോർഡ് തിരിച്ചറിയുന്നില്ല. ബോർഡിന്റെ ഏത് അന്യായ നിരക്കും പരിശോധിച്ച് അപ്പപ്പോൾ തിരുത്താൻ അധികാരമുള്ള റഗുലേറ്ററി കമ്മിഷനും ഈ വിഷയത്തിൽ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല. എത്രയൊക്കെ നിരക്കു വർദ്ധന ഏർപ്പെടുത്തിയിട്ടും ബോർഡിന്റെ സാമ്പത്തിക നില ഇപ്പോഴും ശോഭനമല്ലെന്ന വസ്തുത മാത്രം ശേഷിക്കുകയാണ്. അതു മെച്ചപ്പെടുത്താൻ അടിക്കടി നിരക്ക് കൂട്ടിക്കൊണ്ടുമിരിക്കുന്നു.

അടുത്ത നിരക്കു വർദ്ധനയുടെ കേളികൊട്ട് നേരത്തേ നടന്നിരുന്നു. റഗുലേറ്ററി കമ്മിഷൻ സംസ്ഥാന വ്യാപകമായി സിറ്റിംഗ് നടത്തി ഉപഭോക്താക്കളുടെ അഭിപ്രായവും തേടിയിരുന്നു. ഉപഭോക്താക്കളുടെ താത്‌പര്യങ്ങൾ തെല്ലും പരിഗണിക്കാതെ ബോർഡ് അടിക്കടി നിരക്ക് കൂട്ടിക്കൊണ്ടേയിരിക്കുന്നതിനെതിരെ എല്ലാ സിറ്റിംഗുകളിലും വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ പരാതികൾ തള്ളി,​ അടുത്ത നിരക്കു വർദ്ധനയ്ക്ക് കളമൊരുങ്ങിക്കഴിഞ്ഞെന്നാണ് സൂചന. ചാർജ് വർദ്ധനയെക്കുറിച്ച് വൈദ്യുതി മന്ത്രിയും സൂചന നൽകിക്കഴിഞ്ഞു. ഇതിനിടെ ബോർഡിൽ നിന്നു വിരമിക്കുന്ന ജീവനക്കാർക്ക് പെൻഷൻ നൽകാനുള്ള ബാദ്ധ്യത കൂടി ഉപഭോക്താക്കളുടെ തലയിൽ കെട്ടിവയ്ക്കാനുള്ള നീക്കവും ഒരു വശത്തു നടക്കുകയാണ്. പെൻഷൻ ബാദ്ധ്യത ബോർഡിന് ഒറ്റയ്ക്കു വഹിക്കാനാകുന്നില്ല എന്നാണ് നിലപാട്. ഉപഭോക്താക്കളെ കൂടുതൽ പിഴിയുക എന്നതാണ് പരിഹാരമായി കാണുന്നത്!

പല സംസ്ഥാനങ്ങളും വൈദ്യുതി, വെള്ളം എന്നിവ ജനങ്ങളിൽ വലിയൊരു വിഭാഗത്തിന് സൗജന്യമായി നൽകാൻ മത്സരിക്കുകയാണിപ്പോൾ. എന്നാൽ ഇവിടെ സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്തവിധം വെളിച്ചത്തിനും വെള്ളത്തിനും വില കൂട്ടിക്കൊണ്ടേയിരിക്കുന്നു. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്ന ഇനത്തിൽ ബോർഡ് വലിയ ബാദ്ധ്യത നേരിടുന്നുവെന്നാണ് നിരക്കു വർദ്ധനയ്ക്ക് എപ്പോഴും പറയുന്ന ന്യായീകരണം. ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കാത്തതിനും പുതിയ ഊർജ്ജ സ്രോതസുകൾ വികസിപ്പിക്കാതിരിക്കുന്നതിനും ബോർഡ് തന്നെയാണ് ഉത്തരവാദികൾ. 25 വർഷത്തേക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുമായിരുന്ന കരാറുകൾ മുൻപിൻ നോക്കാതെ റദ്ദാക്കിയതാണ് ഇപ്പോഴത്തെ നിരക്കു വർദ്ധനയ്ക്കും കാരണം. ഭരണപരമായ വീഴ്‌ചകൾക്കും പിഴ നൽകേണ്ടിവരുന്നത് ഉപഭോക്താക്കളാണ്. അടുത്ത നിരക്കു വർദ്ധന നടപ്പാക്കുമ്പോഴെങ്കിലും അന്യായമായ മീറ്റർ വാടകയിൽ ഇളവു നൽകാൻ ബോർഡ് കനിവു കാട്ടണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION