
ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച രാത്രിയുണ്ടായ തിക്കിലും തിരക്കിലും ഇതുവരെ 18 പേർ മരണപ്പെട്ടു എന്നാണ് ഔദ്യോഗിക വിവരം. പരിക്കേറ്റ് ആശുപത്രിയിൽ കിടക്കുന്നവരിൽ ഒൻപതു പേരുടെ നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാനുള്ള സാദ്ധ്യതയുമുണ്ട്. രണ്ടാഴ്ച മുൻപ് മഹാകുംഭമേള വേദിയായ പ്രയാഗ്‌രാജിലുണ്ടായ സമാനമായ തിക്കിലും തിരക്കിലും മുപ്പതുപേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇത് യഥാർത്ഥ കണക്കല്ലെന്നും ശരിയായ കണക്ക് യു.പി സർക്കാർ മറച്ചുവയ്ക്കുകയാണെന്നും ആരോപണം ഉയർന്നിരുന്നു. ഇതുപോലെ അനിയന്ത്രിതമായ നിലയിൽ ജനങ്ങൾ തിങ്ങിക്കൂടുന്ന ഇടങ്ങളിൽ അനുവർത്തിക്കേണ്ട സുരക്ഷാ ഏർപ്പാടുകൾ സംബന്ധിച്ച് എത്ര ദുരന്തങ്ങളുണ്ടായാലും ചുമതലപ്പെട്ടവർ ഒരു പാഠവും പഠിക്കുന്നില്ലെന്നാണ് ഡൽഹി റെയിൽവേ സ്റ്റേഷൻ ദുരന്തവും വിളിച്ചുപറയുന്നത്.
മഹാകുംഭമേളയ്ക്കായി പ്രയാഗ്‌രാജിലേക്കു പോകാൻ റെയിൽവേ സ്റ്റേഷനിൽ തടിച്ചുകൂടിയവരെ മരണത്തിലേക്കു തള്ളിവിട്ടത് റെയിൽവേ അധികൃതരുടെ ലാഘവത്തോടെയുള്ള നടപടികളാണെന്ന ഞെട്ടിക്കുന്ന വിവരം ഇതിനകം പുറത്തുവന്നിട്ടുണ്ട്. പന്ത്രണ്ടും പതിനാലും പ്ളാറ്റ്ഫോമുകളിൽ അപ്രതീക്ഷിതമായുണ്ടായ തിരക്കിനു കാരണം സ്റ്റേഷൻ അധികൃതരുടെ കരുതലില്ലായ്മയാണ്. പ്രയാഗ്‌രാജിലേക്കു പുറപ്പെടേണ്ട രണ്ടു ട്രെയിനുകളുടെ പേരിലുള്ള സാമ്യവും, ഇതു സംബന്ധിച്ച് അറിയിപ്പ് നൽകിയതിലെ ആശയക്കുഴപ്പവുമാണ് യാത്രക്കാരെ കൂട്ടത്തോടെ ഒരേ പ്ളാറ്റ്‌ഫോമിലേക്ക് കുതിച്ചെത്താൻ പ്രേരിപ്പിച്ചത്. സ്റ്റേഷൻ മേൽപ്പാലത്തിൽ വിശ്രമിച്ചിരുന്നവരെ ചവിട്ടിമെതിച്ചാണ് യാത്രക്കാർ മറ്റു പ്ളാറ്റ്ഫോമുകളിലേക്ക് പാഞ്ഞത്. അതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും ഞെരിഞ്ഞമർന്നാണ് പലർക്കും ജീവൻ നഷ്ടമായത്.
വൻ ജനാവലി പ്രയാഗ് രാജിലേക്കു പോകാൻ ഡൽഹി റെയിൽവേ സ്റ്റേഷനിൽ തടിച്ചുകൂടിയിട്ടും ജനക്കൂട്ടത്തെ ഫലപ്രദമായി നിയന്ത്രിക്കാനുള്ള ഒരു സംവിധാനവും അവിടെ ഒരുക്കിയിരുന്നില്ല. പൊലീസ് സാന്നിദ്ധ്യവും വേണ്ടത്ര ഉണ്ടായിരുന്നില്ല. എല്ലാറ്റിനും പുറമെ ട്രെയിനുകളുടെ വരവും പോക്കും സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ നൽകാനും അധികൃതർക്കു കഴിഞ്ഞില്ല. കുംഭമേള തുടങ്ങിയ നാൾതൊട്ട് ഡൽഹിയിൽ മാത്രമല്ല ഉത്തരേന്ത്യയിലെ പല സ്റ്റേഷനുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. അതു കണക്കിലെടുത്ത് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിൽ സംഭവിച്ച വീഴ്ചയാണ് ഡൽഹി റെയിൽവേ സ്റ്റേഷനിലുണ്ടായ വലിയ ആൾനാശത്തിനു കാരണമായത്. മരണമടഞ്ഞവരുടെ ആശ്രിതർക്ക് കുറെ പണം നൽകിയതുകൊണ്ട് റെയിൽവേയുടെ ഉത്തരവാദിത്വം തീരുന്നില്ല. പതിവിൻപടി അന്വേഷണ കമ്മിഷനെ നിയമിച്ച് റിപ്പോർട്ട് വരുത്തി അലമാരയിൽ സൂക്ഷിച്ചതുകൊണ്ട് സംഭവിച്ചുപോയ പിഴവുകൾ തിരുത്തപ്പെടുകയില്ല. യാത്രക്കാരുടെ സുരക്ഷിതത്വം പ്രധാന ഉത്തരവാദിത്വമായി റെയിൽവേ പരിഗണിച്ചേ മതിയാവൂ,
പതിവിലേറെ യാത്രക്കാർ തിങ്ങിക്കൂടുകയാണെങ്കിൽ അവരെ നിയന്ത്രിക്കാൻ ആവശ്യമെന്നു കണ്ടാൽ അധിക യാത്രാസൗകര്യങ്ങൾ ഒരുക്കാനും നടപടി ഉണ്ടാകണം. വലിയ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോമുകൾ കൂടുതലുണ്ടാകും. ട്രെയിൻ ഏതു പ്ളാറ്റ്‌ഫോമിലാണ് എത്തുന്നത് എന്നതു സംബന്ധിച്ച് കൃത്യമായ അറിയിപ്പ് നൽകുന്നതിൽ ഒരുവിധ ആശയക്കുഴപ്പവും ഉണ്ടാകരുത്. അവസാന നിമിഷത്തിലെ അറിയിപ്പുകളാണ് പലപ്പോഴും തിക്കും തിരക്കുമുണ്ടാക്കുന്നത്. ജീവിതാഭിലാഷം നിറവേറ്റുക എന്ന ലക്ഷ്യത്തോടെ പ്രയാഗ്‌രാജിലേക്കു തിരിച്ചവർക്ക് ഡൽഹി റെയിൽവേ സ്റ്റേഷനിൽ ചതഞ്ഞരഞ്ഞു മരിക്കേണ്ടിവന്ന ദുർഗതി നമ്മുടെ സംവിധാനങ്ങളുടെ കൊടുംവീഴ്ച തന്നെയാണ്. കുംഭമേളയോടനുബന്ധിച്ച് ഒരു വലിയ അത്യാഹിതം നടന്ന് ദിവസങ്ങൾ കഴിയുന്നതിനു മുൻപ് സമാനമായ മറ്റൊന്നിനു സാക്ഷ്യം വഹിക്കേണ്ടിവന്നത് റെയിൽവേയുടെയും ക്രമസമാധാനച്ചുമതല വഹിക്കുന്നവരുടെയും ഭാഗത്തു നിന്നുണ്ടായ മാപ്പർഹിക്കാത്ത അലംഭാവം കാരണമാണ്. സാധാരണക്കാർക്ക് യാത്രാസൗകര്യം ഒരുക്കുന്ന കാര്യത്തിൽ അധികൃതർ എപ്പോഴും ഉദാസീന മനോഭാവം പുലർത്തുകയാണ്. അവർ എങ്ങനെയും ലക്ഷ്യസ്ഥാനത്ത് എത്തിക്കൊള്ളും എന്ന ചിന്തയിൽ നിന്നാണ് ഈ മനോഭാവം ഉടലെടുക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |