SignIn
Kerala Kaumudi Online
Thursday, 23 July 2026 1.48 AM IST

ഫുട്ബാൾ കോർട്ടും കോടതി മുറിയും

fifa

കർശനവും തുല്യവുമായ നിയമങ്ങളെ ആശ്രയിക്കുന്നു എന്ന കാര്യത്തിൽ ഫുട്ബാൾ മൈതാനങ്ങളും കോടതിമുറികളും തമ്മിൽ സാമ്യമുണ്ട്. ഒരു ഫുട്ബാൾ മൈതാനത്തേക്കിറങ്ങുക എന്നത് പല തരത്തിലും ഒരു കോടതിമുറിയിലേക്ക് പ്രവേശിക്കുന്നതിന് തുല്യമാണ്. സംഘർഷങ്ങളെ അരാജകത്വത്തിൽ നിന്നും ക്രമരാഹിത്യത്തിൽ നിന്നും വേർപ്പെടുത്തി, കർശനമായ നിയമവ്യവസ്ഥയ്ക്കുള്ളിൽ നിന്ന് തീരുമാനങ്ങൾ എടുക്കുന്ന, ഇടങ്ങളാണ് മൈതാനവും കോടതിമുറിയും.

സത്യം കണ്ടെത്താനും നീതി നടപ്പിലാക്കാനും വേണ്ടി, നടപടിക്രമങ്ങളുടെയും തെളിവു സംബന്ധിച്ച പവിത്രമായ നിയമങ്ങളുടെയും അടിസ്ഥാനത്തിലാണ് ഒരു വിചാരണ കെട്ടിപ്പടുക്കുന്നത്. അതുപോലെ തന്നെ, നീതി ഉറപ്പാക്കാൻ 'കളിയുടെ നിയമങ്ങളെ'യാണ് ഫുട്ബാൾ മത്സരവും ആശ്രയിക്കുന്നത്.

നിയമങ്ങൾ എല്ലാവർക്കും തുല്യമായി ബാധകമാണെന്നും, നടപടിക്രമങ്ങൾ ബാഹ്യമായ സ്വാധീനങ്ങൾക്ക് അതീതമാണെന്നുമുള്ള പ്രതീക്ഷ നിറഞ്ഞതും എന്നാൽ, ദുർബലവുമായ ഒരു സങ്കൽപ്പത്തെയാണ് ഈ രണ്ട് സംവിധാനങ്ങളും പൂർണമായും ആശ്രയിക്കുന്നത്. 'മികച്ചവർ വിജയിക്കട്ടെ' എന്ന ലളിതമായ അടിസ്ഥാന തത്വത്തിലാണ് ഇവ രണ്ടും നിലകൊള്ളുന്നത്.

2026 ഫിഫ ലോകകപ്പിൽ ആ മിഥ്യാധാരണ ചിലപ്പോഴെങ്കിലും തകർന്നു. മികച്ച കായിക പ്രകടനങ്ങൾക്കൊപ്പം തന്നെ ഭരണപരവും നിയമപരവുമായ തർക്കങ്ങളും അല്ലെങ്കിൽ നിയമപരമായ ചട്ടങ്ങളെ തങ്ങളുടെ താത്പര്യങ്ങൾക്കനുസരിച്ച് വളച്ചൊടിക്കുന്ന പ്രവണതയും കാണാനായി. ഉദാഹരണത്തിന്, യു.എസ് സ്‌ട്രൈക്കർ ഫോളറിൻ ബലോഗുണിന്റെ റെഡ് കാർഡ് റദ്ദാക്കാൻ ഫിഫയുടെ അച്ചടക്കസമിതി അദ്ധ്യക്ഷൻ സ്വന്തം നിലയ്ക്ക് നടപടിക്രമങ്ങൾ മറികടന്നതോ, അല്ലെങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് തന്റെ അവസാന ലോകകപ്പിൽ പങ്കെടുക്കാൻ അവസരമൊരുക്കുന്നതിനായി അദ്ദേഹത്തിന്റെ മത്സരവിലക്ക് താൽത്കാലികമായി മരവിപ്പിക്കാൻ സംഘടന തങ്ങളുടെ ചട്ടങ്ങളിലെ 27ാം അനുച്ഛേദം ഉപയോഗിച്ചതോ ആയ സംഭവങ്ങൾ വെറും ചർച്ചകൾക്കും സംവാദങ്ങൾക്കും മാത്രമല്ല വഴിവച്ചത്.

മറിച്ച്, ശക്തരും ലാഭമുണ്ടാക്കുന്നവരുമായവരെ സംരക്ഷിക്കുന്നതിനായി 'നിയമപരമായ ഉചിത നടപടിക്രമങ്ങൾ' നൽകുന്ന സുരക്ഷാകവചങ്ങൾ ക്രമേണ ദുർബലപ്പെടുത്തുന്ന പ്രവണതയുടെ പ്രതിഫലനം കൂടിയായിരുന്നു അവ. വരേണ്യവർഗത്തിന്റെ താത്പര്യങ്ങൾ ഉയർത്തിപ്പിടിക്കാൻ നിയമങ്ങൾ വളയുന്നിടത്ത്, ടർഫിലോ കോടതിയിലോ ആകട്ടെ, മുഴുവൻ സിസ്റ്റത്തിന്റെയും നിയമസാധുത ഉടൻ തകരുന്നു.


കോർപ്പറേറ്റ്

കടന്നുകയറ്റം

2026ലെ ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റ്, കായികമത്സരങ്ങളുടെ പഴയകാല ലാളിത്യത്തിൽ നിന്ന് പൂർണമായും വാണിജ്യവത്കരണത്തിലേക്കുള്ള മാറ്റത്തെ കൃത്യമായി അടയാളപ്പെടുത്തുന്നു. വിപണി മൂല്യവും സംപ്രേഷണ വരുമാനവും സംരക്ഷിക്കുന്നതിനായി, മുൻനിര ടീമുകൾക്ക് ആദ്യഘട്ടത്തിൽ തന്നെ പുറത്താകേണ്ടി വരില്ലെന്ന് ഉറപ്പാക്കുന്ന 'ടെന്നീസ് സ്റ്റൈൽ സീഡിംഗ്' രീതി ഫിഫ നടപ്പിലാക്കി. ഇതിലും ആശങ്കാജനകമായ മറ്റൊരു കാര്യം 'ഡൈനാമിക് പ്രൈസിംഗ്' (ഡിമാൻഡിനനുസരിച്ച് വില മാറുന്ന രീതി) ഏർപ്പെടുത്തിയതാണ്; ഇത് ഫൈനൽ മത്സരത്തിനുള്ള ടിക്കറ്റ് നിരക്ക് 11,000 യു.എസ് ഡോളറിലധികമായി ഉയർത്താൻ കാരണമായി. സാധാരണക്കാർക്കായി ഉദ്ദേശിക്കപ്പെട്ട ഒരു കായികവിനോദത്തിൽ നിന്ന് അവരെത്തന്നെ അകറ്റുന്നതിലേക്ക് ഇത് നയിച്ചു.

കായിക നിയമങ്ങൾ കേവലം ലളിതമായ ചട്ടക്കൂടുകളിൽ നിന്ന് കോർപ്പറേറ്റ് വത്കരണത്തിലേക്ക് മാറിയത് മറ്റെന്തിനേക്കാളും ഉപരിയായി അത്യാർത്തിയുടെ ആധിപത്യത്തെയാണ് സൂചിപ്പിക്കുന്നതെങ്കിൽ, ഈ ടൂർണമെന്റ് ആതിഥേയ രാജ്യങ്ങളുടെ ആഭ്യന്തര നയങ്ങളിലെ ജീർണിച്ച വശങ്ങളെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നു. കായിക മത്സരങ്ങൾ പ്രത്യേകിച്ച് ഫിഫ ലോകകപ്പ് പോലുള്ള വമ്പൻ കായിക മാമാങ്കങ്ങൾ ശൂന്യതയിൽ നിലനിൽക്കുന്നവയല്ല. അവ നടക്കുന്ന വ്യവസ്ഥിതിയിലെ നിലവിലുള്ള പോരായ്മകളെ വലുതാക്കി കാണിക്കുന്ന കണ്ണാടികളായി അവ വർത്തിക്കുന്നു.

ഉദാഹരണത്തിന്, ലോകകപ്പിന് മുമ്പ് ലാമിൻ യമാൽ (സ്പെയ്‌ൻ) പാലസ്തീൻ പതാക വീശി വിജയം ആഘോഷിച്ചപ്പോൾ ഉണ്ടായ എതിർപ്പുകൾ (മിക്കവാറും സിയോണിസ്റ്റ് പക്ഷത്തുനിന്നുള്ള) പരിശോധിക്കുക. സ്‌പെയ്ൻ അംഗീകരിക്കുന്ന ഒരു രാജ്യത്തിന്റെ പതാക വീശിയതിന് സ്വന്തം രാജ്യത്തെ നേതാക്കൾ അദ്ദേഹത്തെ പ്രശംസിച്ചപ്പോൾ, ലോകത്തിന്റെ മറുഭാഗത്തുള്ള വ്യക്തികളും രാഷ്ട്രീയക്കാരും അദ്ദേഹത്തെ വേട്ടയാടി.

പരസ്യമായി തന്റെ നിലപാട് വ്യക്തമാക്കിയതിന് അദ്ദേഹത്തെ ക്ലബിൽ (എഫ്.സി ബാഴ്സലോണ) നിന്നും ദേശീയടീമിൽ നിന്നും പുറത്താക്കണമെന്ന് അവർ ആവശ്യപ്പെട്ടു. കായികരംഗമെന്ന കണ്ണാടിയിലൂടെ അദ്ദേഹത്തിന്റെ പ്രവൃത്തി കൂടുതൽ ശ്രദ്ധിക്കപ്പെടുകയും, അതുവഴി വ്യവസ്ഥിതിയിലെ വിള്ളലുകൾ വെളിച്ചത്താവുകയും ചെയ്തു.

കായിക നിയമത്തിന് അപ്പുറം

ഫിഫ ലോകകപ്പ് എന്ന വലിയ ആഘോഷത്തിന്റെ മറവിൽ, അമേരിക്കയിൽ കുടിയേറ്റക്കാർക്കെതിരായ നടപടികൾ ശക്തമാക്കുന്നതിനും ഈ ടൂർണമെന്റ് സാക്ഷ്യം വഹിച്ചു. കൂട്ടത്തോടെയുള്ള തടങ്കലിലാക്കൽ, അതിർത്തി നിയന്ത്രണങ്ങൾ കർശനമാക്കൽ, രാജ്യത്തേക്ക് വരുന്നവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കൽ തുടങ്ങിയ നടപടികൾ ഇതിൽ ഉൾപ്പെടുന്നു. ലോകകപ്പ് സുരക്ഷയുടെ പേരിൽ നിരീക്ഷണ സംവിധാനങ്ങളും അതീവ കർശനമായ പൊലീസ് നടപടികളും വൻതോതിൽ വർദ്ധിപ്പിക്കപ്പെട്ടു.

കായിക നിയമം എന്നത് ഇപ്പോൾ ഒരു കളിയുടെ നടത്തിപ്പ് ക്രമീകരിക്കുന്നതിലോ കായികരംഗത്തെ കരാർ തർക്കങ്ങൾ പരിഹരിക്കുന്നതിലോ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. അത്യാഗ്രഹം, അഹങ്കാരം, മനുഷ്യാവകാശങ്ങൾ എന്നിവ പരസ്പരം ഏറ്റുമുട്ടുന്ന ഒരു പ്രധാന വേദിയായി അത് മാറിക്കഴിഞ്ഞിരിക്കുന്നു. പ്രത്യേകിച്ച് സമീപകാലത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY