
നീറ്റ് പരീക്ഷയിലെ ക്രമക്കേടിൽ രാജ്യത്തെ യുവജനങ്ങൾ തികച്ചും അസ്വസ്ഥരും നിരാശാബാധിതരുമാണ്. സ്വാഭാവികമായും ഈ അസ്വസ്ഥത അവരുടെ പ്രക്ഷോഭങ്ങളെയും വീര്യമുള്ളതാക്കി മാറ്റും. കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ, ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് തിങ്കളാഴ്ച നടന്ന പാർലമെന്റ് മാർച്ച് അക്രമാസക്തമായെങ്കിൽ അതിനെ അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പൊലീസ് അവരെ നേരിട്ട രീതിയും സമരം കൈവിട്ടുപോകുന്ന അവസ്ഥയിലേക്ക് എത്തിച്ചതിൽ തുല്യപങ്ക് വഹിക്കുന്നു. ഇരുപതുദിവസമായി തുടരുന്ന സമരം ഒത്തുതീർപ്പാക്കുന്നതിന് യാതൊരു നീക്കവും നടത്താതിരുന്ന കേന്ദ്ര സർക്കാരിന്റെ സമീപനമാണ് സമരം ഇത്രയും വഷളാകുന്ന സ്ഥിതിയിൽ എത്തിച്ചതെന്നതും കാണാതിരുന്നുകൂടാ. തിങ്കളാഴ്ച നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചും സി.ജെ.പിയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കോൺഗ്രസ് കൂടി രംഗത്തുവന്നതോടെ സമരത്തിന് പുതിയ രാഷ്ട്രീയ മാനമാണ് ലഭിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി, പ്രിയങ്കഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങിയവർ ഉൾപ്പെട്ട പ്രധാന നേതാക്കളെ പൊലീസ്, സാധാരണഗതിയിൽ രാഷ്ട്രീയ നേതാക്കളോട് കാണിക്കുന്ന യാതൊരു മയവും കൂടാതെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. സേനാശക്തി ഉപയോഗിച്ച് ജനാധിപത്യ സമരങ്ങളെ അടിച്ചമർത്തുന്നത് സമരം കൂടുതൽ ശക്തിപ്പെടാൻ മാത്രമേ എന്നും വഴിവച്ചിട്ടുള്ളൂ. വിയോജിപ്പിന്റെ സ്വരങ്ങളെ പൊലീസിന്റെ ശക്തി ഉപയോഗിച്ചല്ല അടിച്ചമർത്തേണ്ടത്. അവർ ഉന്നയിക്കുന്ന പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് അതു പരിഹരിക്കുന്ന അതിശക്തമായ നടപടികൾ എടുക്കുന്നതിനൊപ്പം സമരക്കാരുമായി ചർച്ചയ്ക്കും മറ്റും കേന്ദ്ര സർക്കാരിലെ ഉന്നതർ തയ്യാറാകണമായിരുന്നു. അതിനു പകരം സമരക്കാരെ കണ്ടില്ലെന്ന് നടിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാരിൽ നിന്ന് ഉണ്ടായത്. പ്രതിപക്ഷമോ പ്രക്ഷോഭകരോ പറയുന്നതനുസരിച്ച് കേന്ദ്ര മന്ത്രിമാരെ മാറ്റാനാവില്ലെന്ന കടുത്ത നിലപാട് ബി.ജെ.പി നേതൃത്വം തുടക്കത്തിലേ എടുത്തതും സമരം കൂടുതൽ മൂർച്ഛിക്കാൻ ഇടയാക്കിയ കാര്യമാണ്.
രാജ്യത്തെ മുഴുവൻ യുവജനങ്ങളെയും ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങളിൽ ഗൗരവമായ ചർച്ച നടക്കേണ്ടത് പാർലമെന്റിലാണ്. അത് ഇനിയും വേണ്ട രീതിയിൽ ഉണ്ടായിട്ടില്ല എന്നത് പരിതാപകരമാണ്. തെരുവിലെ പ്രതിഷേധങ്ങൾ ശമിപ്പിക്കുന്നതിന്റെ ഭാഗമായി മന്ത്രിമാർ നടത്തുന്ന പ്രഖ്യാപനങ്ങൾ ഭാവിയിൽ നടപ്പിൽ വരണമെന്നില്ല. അങ്ങനെയല്ല സർക്കാരിന്റെ ഭാഗത്തുനിന്ന് പാർലമെന്റിൽ നൽകുന്ന ഉറപ്പുകൾ. അത് പിന്നീട് നടപ്പാക്കേണ്ട ഭരണഘടനാപരമായ ബാദ്ധ്യതയിൽനിന്ന് സർക്കാരിന് മാറിനിൽക്കാനാവില്ല. നീറ്റ് പരീക്ഷയുടെ ക്രമക്കേട് സംബന്ധിച്ച് ബഹളങ്ങളല്ലാതെ ക്രിയാത്മകമായ ഒരു ചർച്ചയും പാർലമെന്റിൽ നടന്നിട്ടില്ല. അതിനാൽ ക്രമക്കേടിന് ഇടയാക്കിയ യഥാർത്ഥ വീഴ്ചകൾ ഇനിയും പരിഹരിക്കപ്പെടാതെ തുടരാനും അതിനാൽ തന്നെ അത് വീണ്ടും ആവർത്തിക്കാനുമുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല.
ഏതൊരു പ്രശ്നവും രാഷ്ട്രീയമായ മുതലെടുപ്പിനുള്ള വിഷയമായി മാറിക്കഴിഞ്ഞാൽ ഫലത്തിൽ ആ വിഷയം പരിഹരിക്കാനുള്ള നടപടികളിൽനിന്ന് ശ്രദ്ധ മാറുകയും പ്രശ്നം പരിഹരിക്കപ്പെടാതെ തുടരുകയുമാണ് ചെയ്യുന്നത്. സമരത്തെ അടിച്ചൊതുക്കുന്ന നിലപാടിൽനിന്ന് കേന്ദ്ര സർക്കാരും സമരം കൂടുതൽ അക്രമാസക്തമാക്കുന്ന നിലപാടിൽനിന്ന് പ്രക്ഷോഭകരും പ്രതിപക്ഷകക്ഷികളും പിന്നാക്കം പോകാൻ തയ്യാറാകണം. പരീക്ഷാത്തട്ടിപ്പുകൾ മാപ്പില്ലാത്ത കുറ്റമാണെന്ന് പ്രധാനമന്ത്രി മോദി തന്നെ അഭിപ്രായപ്പെട്ടിട്ടുള്ള സ്ഥിതിക്ക് അതിനി ആവർത്തിക്കാതിരിക്കാൻ സ്വീകരിച്ച നടപടികൾ രാജ്യത്തെ യുവജനങ്ങളെ സുദൃഢമായി ബോദ്ധ്യപ്പെടുത്തേണ്ട ചുമതലയും കേന്ദ്ര സർക്കാർ നിർവഹിക്കണം. സമരവും സംഘർഷവും നീളുന്നത് വിദ്യാർത്ഥികളുടെ ഭാവി കൂടുതൽ ഇരുട്ടിലാക്കാൻ മാത്രമേ ഉപകരിക്കൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |