
എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ടിൽ നിർബന്ധിത അംഗത്വമുള്ളത് പ്രതിമാസം 15,000 രൂപ വരെ അടിസ്ഥാന ശമ്പളമുള്ളവർക്കാണ്. അതിൽ കൂടുതൽ ശമ്പളം ലഭിക്കുന്നവർക്ക് പദ്ധതിയിൽ ചേരുന്നത് നിർബന്ധമല്ല. ഈ അടിസ്ഥാന ശമ്പള പരിധി ഉയർത്തണമെന്നത് ദീർഘകാലമായി ട്രേഡ് യൂണിയനുകളും മറ്റും ഉയർത്തിയ ഒരു ആവശ്യമായിരുന്നു. ഇപ്പോൾ ഇ.പി.എഫ് വേതന പരിധി 25,000 രൂപയായി ഉയർത്താൻ കേന്ദ്ര ധനമന്ത്രാലയം തത്വത്തിൽ അനുമതി നൽകിയിരിക്കുന്നു. അന്തിമ തീരുമാനം കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരത്തിനു ശേഷമേ ഉണ്ടാകൂ. പുതിയ പരിധി പ്രാബല്യത്തിൽ വന്നാൽ സ്വകാര്യ മേഖലയിലെ ലക്ഷക്കണക്കിന് ജീവനക്കാർക്ക് സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് വഴിയൊരുങ്ങുമെന്നാണ് കരുതപ്പെടുന്നത്.
പുതിയ നിർദ്ദേശപ്രകാരം 15,000 മുതൽ 25,000 രൂപ വരെ അടിസ്ഥാന ശമ്പളം ലഭിക്കുന്നവരെല്ലാം നിർബന്ധമായും പദ്ധതിയുടെ പരിധിയിൽ വരും. വേതന പരിധി ഉയരുന്നതോടെ കൂടുതൽ ജീവനക്കാർക്കായി പ്രോവിഡന്റ് ഫണ്ടിലേക്കും പെൻഷൻ പദ്ധതിയിലേക്കും തൊഴിലുടമകൾ നിർബന്ധിത വിഹിതം അടയ്ക്കേണ്ടി വരും. ഇത് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ ശമ്പളച്ചെലവും സാമൂഹിക സുരക്ഷാ ചെലവും വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ. 2014ലാണ് ഇതിന് മുമ്പ് ഇ.പി.എഫ് ശമ്പള പരിധി 6500 രൂപയിൽ നിന്ന് 15,000 രൂപയായി ഉയർത്തിയത്.
വേതന പരിധി ഉയരുന്നതോടെ ജീവനക്കാരനും തൊഴിലുടമയും അടയ്‌ക്കേണ്ട പ്രതിമാസ വിഹിതം വർദ്ധിക്കുമെന്നതിനാൽ വിരമിക്കുമ്പോൾ വളരെ ഉയർന്ന തുക കൈയിൽ കിട്ടാനിടയാക്കും. തൊഴിലുടമയുടെ വിഹിതത്തിൽ ഒരു ഭാഗം പോകുന്ന പെൻഷൻ ഫണ്ടിലേക്കുള്ള (ഇ.പി.എസ്) സംഭാവനയും ഉയരുമെന്നതിനാൽ വിരമിച്ച ശേഷം ലഭിക്കുന്ന പ്രതിമാസ പെൻഷൻ തുകയിലും അതനുസരിച്ചുള്ള വർദ്ധന ഉണ്ടാകും. അതേസമയം 15,000 രൂപയ്ക്ക് മുകളിലുള്ള ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പി.എഫ് വിഹിതമായി കൂടുതൽ തുക കുറയ്ക്കാൻ സാദ്ധ്യതയുള്ളതിനാൽ മാസാമാസം ലഭിക്കുന്ന ശമ്പളത്തിൽ ചെറിയ കുറവ് സംഭവിക്കാം. ഇത് താഴ്‌ന്ന, ഇടത്തരം വരുമാനക്കാരായ ജീവനക്കാരെ താത്കാലികമായെങ്കിലും ബാധിക്കാതിരിക്കില്ല.
തൊഴിൽ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് വേതന പരിധി ഉയർത്തുന്നത് പുതുതായി ഒരു കോടിയിലധികം തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങൾ ലഭിക്കാനിടയാക്കും. അതുപോലെ ഇ.പി.എഫ്, ഇ.പി.എസ് ഫണ്ടുകളിൽ വലിയ വർദ്ധനവ് ഉണ്ടാകാനും ഇത് ഇടയാക്കും. നിലവിൽ ഇ.പി.എഫ്.ഒ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തി 26 ലക്ഷം കോടി രൂപയാണ്. സജീവ അംഗങ്ങളുടെ എണ്ണം 7.6 കോടിയും. പുതിയ നിർദ്ദേശം പ്രാബല്യത്തിൽ വരുന്നതോടെ ഈ രണ്ട് കണക്കുകളിലും വ്യത്യാസം ഉണ്ടാകും.
ഈ മാറ്റം തൊഴിലുടമകളുടെ സാമ്പത്തിക ബാദ്ധ്യത കൂട്ടുമെന്നതിനാൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുടെ എണ്ണം കൂട്ടാനും സ്ഥിരം ജോലിക്കാരുടെ എണ്ണം കുറയ്ക്കാനുമുള്ള ശ്രമങ്ങളും ഉണ്ടാകാം. മന്ത്രിസഭ അനുമതി നൽകിയാലും ആറുമാസമെങ്കിലും കഴിയാതെ ഇത് നടപ്പാകില്ല. ശമ്പള സോഫ്‌റ്റ്‌വെയറും മറ്റ് സംവിധാനങ്ങളും പുതുക്കാൻ കമ്പനികൾക്ക് സമയം അനുവദിക്കേണ്ടി വരും. 2027 ഏപ്രിൽ ഒന്നു മുതൽ പുതിയ വേതന പരിധി നിലവിൽ വരാനാണ് സാദ്ധ്യത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |