
മനുഷ്യർ മാത്രമല്ല സർവചരാചരങ്ങളും ഭൂമിയുടെ അവകാശികളും അധികാരികളുമാണെന്ന സന്ദേശം വിളംബരം ചെയ്യുന്നതാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭൂമിയുടെ അവകാശികൾ" എന്ന വിഖ്യാതമായ രചന.
മേലെ ആകാശം താഴെ ഭൂമിയെന്ന ചിന്തയിലാണ് ഭൂരിപക്ഷം ആളുകളും ജീവിക്കുന്നത്. കാഴ്ചക്കാർക്കെല്ലാം അവകാശപ്പെട്ടതാണ് വിശാലമായ ആകാശം. എന്നാൽ ഭൂമിയുടെ അവകാശം അങ്ങനെയല്ല. സ്വന്തമായി ഭൂമിയുള്ളവർക്കുതന്നെ അതുമായി ബന്ധപ്പെട്ട രേഖകൾ തരപ്പെടുത്താൻ നിരവധി കടമ്പകളുണ്ട്. അതിലൊന്നാണ് ഭൂമി തരംമാറ്റൽ പ്രശ്നം.
ഭൂമി തരംമാറ്റം ചെയ്യുമ്പോൾ നിലത്തിന്റെ ന്യായവില അടിസ്ഥാനമാക്കി ഫീസ് നിശ്ചയിക്കുന്ന വിധത്തിൽ നിയമ ഭേദഗതി വന്നേക്കുമെന്ന എക്സ്‌ക്ളൂസിവ് വാർത്ത കേരളകൗമുദി ഇന്നലെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചിരുന്നു. നിലവിൽ പരിവർത്തനം ചെയ്യുന്ന ഭൂമിയോട് ചേർന്നുള്ള പുരയിടത്തിന്റെ ന്യായവില അടിസ്ഥാനമാക്കിയാണ് തരം മാറ്റുന്നതിന് ഫീസും സ്ളാബും നിശ്ചയിക്കുന്നത്. ഇതുകാരണം വലിയ തുക വസ്തു ഉടമ അടയ്ക്കേണ്ടിവരുമായിരുന്നു. ഇതുസംബന്ധിച്ച് നിരവധി ആക്ഷേപങ്ങളും പരാതികളും ഉയർന്നിരുന്നു. അതിനൊരു പരിഹാരമായിട്ടാണ് നിലത്തിന്റെ ന്യായവില നോക്കി ഭൂമി തരംമാറ്റൽ ഫീസ് നിശ്ചയിക്കുന്ന വിധത്തിലുള്ള നിയമ ഭേദഗതി ആലോചിക്കുന്നത്.
2008ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ സമഗ്രമാറ്റം വരുത്താനുള്ള പരിശോധനകൾ റവന്യൂ വകുപ്പ് തുടങ്ങിക്കഴിഞ്ഞു. പുതിയ ഭേദഗതി നടപ്പിലായാൽ തരംമാറ്റത്തിന്റെ ഫീസ് കുറയാനാണ് സാദ്ധ്യത. പുരയിടത്തിന്റെ ന്യായവില കണക്കാക്കി തരം മാറ്റത്തിനുള്ള ഫീസ് നിശ്ചയിക്കുന്നതിൽ കാലതാമസം വരുത്തുന്നതായുള്ള ഉദ്യോഗസ്ഥരുടെ ആക്ഷേപത്തിനും ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. തരംമാറ്റത്തിലെ കാലതാമസം ഒഴിവാക്കുകയാണ് നിയമ ഭേദഗതിയുടെ പ്രധാന ഉദ്ദേശ്യം. ഭൂമി തരംമാറ്റത്തിന് അപേക്ഷിച്ചാൽ ഇപ്പോൾ രണ്ടുവർഷം വരെ കാലതാമസം നേരിടുന്നുണ്ട്. ഇതുമൂലം ഉടമ ആഗ്രഹിക്കുന്ന പലതും വസ്തുവിൽ ചെയ്യാനാകുന്നില്ല. അപേക്ഷ പരമാവധി ആറുമാസത്തിനുള്ളിൽ തീർപ്പാക്കിയാൽ അത് വലിയ ആശ്വാസമാകും.
ജല സംരക്ഷണ പ്രവർത്തനങ്ങൾക്കായി ഫണ്ട് രൂപീകരിക്കാനും തരംമാറ്റം നടത്തുമ്പോൾ നിശ്ചിത ഫീസ് ഈ ഫണ്ടിലേക്ക് നൽകാൻ നിർദ്ദേശിക്കുന്ന തരത്തിൽ ഭേദഗതി കൊണ്ടുവരുന്നതും പരിഗണനയിലാണ്.
25 സെന്റ് വരെ തരംമാറ്റ ഫീസ് സൗജന്യമായിരിക്കും. 25 സെന്റ് മുതൽ ഒരേക്കർ വരെ ന്യായവിലയുടെ 10 ശതമാനം ഫീസ് അടയ്ക്കേണ്ടിവരും. ഒരേക്കറിന് മുകളിലാണെങ്കിൽ അത് ന്യായവിലയുടെ 20 ശതമാനമായിരിക്കും.
നിലം,തണ്ണീർത്തടം എന്നീ വാക്കുകളുടെ നിർവചനത്തിലും മാറ്റമുണ്ടാകുമെന്നാണ് സൂചന. ഇപ്പോൾ ഏതു ഭൂമിയും നിലമായോ തണ്ണീർത്തടമായോ വ്യാഖ്യാനിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയും. ഇതു പല ഉദ്യോഗസ്ഥന്മാരും ദുരുപയോഗപ്പെടുത്തുന്ന സാഹചര്യമുണ്ട്. 2017-ൽ കേന്ദ്ര സർക്കാർ നടപ്പാക്കിയ തണ്ണീർത്തടങ്ങൾ (സംരക്ഷണവും പരിപാലനവും) ചട്ടങ്ങളിലെ നിർവചനങ്ങൾ കൂടി പരിഗണിച്ചാകും മാറ്റം വരുത്തുക. വീടുവയ്ക്കുന്ന ആവശ്യത്തിന് തരംമാറ്റ അപേക്ഷ സമർപ്പിക്കുമ്പോൾ രേഖകളിൽ മാറ്റം വരുത്താൻ പ്രത്യേകം അപേക്ഷ നൽകേണ്ടതില്ല എന്ന വ്യവസ്ഥ കൂടി കൊണ്ടുവന്നേക്കും. ഇത് ഒരു വീട് എന്ന സ്വപ്നം സാക്ഷാത്‌കരിക്കാൻ പാടുപെടുന്ന പാവപ്പെട്ടവർക്ക് വലിയ ആശ്വാസമാകും.
ഭരണയന്ത്രത്തിലും ചുവപ്പുനാടയിലും കുടുങ്ങിക്കിടക്കുന്ന പല പ്രശ്നങ്ങളും ഭൂമിയുമായി ബന്ധപ്പെട്ടതാണ്. പരിഹരിക്കാനാകാതെ നീളുന്ന അവയ്ക്കു പിന്നിലുള്ളത് കൂടുതലും സാധുക്കളുടെ ജീവിതപ്രശ്നങ്ങളാണ്. നിയമ ഭേദഗതിക്കുള്ള നടപടികൾ അവർക്ക് ആശ്വാസം പകരുന്നതാകട്ടെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |