SignIn
Kerala Kaumudi Online
Friday, 23 October 2026 6.58 PM IST

രമേശ് ഇനി കഥാകാരൻ രണ്ടു നോവൽ വരുന്നു; രാഷ്ട്രീയമില്ലാതെ!

s

അച്ഛൻ കൈപിടിച്ചു കൊണ്ടുപോയ വായനശാലയിലെ കുട്ടിയാണ് ഞാനിപ്പോഴും. രാഷ്ട്രീയത്തിൽ ഒരുപാട് കൂട്ടുകാരുണ്ട്, പക്ഷെ എഴുത്തുപുരയിൽ ഇപ്പോഴും ഏകനാണ്...- പറയുന്നത് തിരക്കുള്ള കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയത്തിനപ്പുറത്ത് രമേശ് ചെന്നിത്തല എന്ന പേര് ഒരു പുസ്തകക്കവറിലേക്ക് കയറുകയാണ്. അതും നേവലിസ്റ്റായി! ആത്മകഥ എഴുതിയവരും ലേഖനങ്ങളെഴുതുന്നവരും ഒരുപാടുണ്ടെങ്കിലും, നോവലിസ്റ്റായ നേതാക്കൾ അപൂർവം.

കോഴിക്കോട്ടെ കോർപ്പറേഷനും ജില്ലാ പഞ്ചായത്തും ഇത്തവണ വലതുപക്ഷത്തേക്ക് ചേർക്കുമെന്ന ഉറച്ച നിലപാടോടെ ദിവസങ്ങളായി ചെന്നിത്തല കോഴിക്കോട്ടുണ്ട്. വിശ്രമമില്ലാത്ത ഓട്ടത്തിനിടയിലാണ് എഴുത്തു ജീവിതത്തെക്കുറിച്ച് സംസാരിച്ചത്. 'എം.ടിയും ബഷീറും തിക്കോടിയനും എസ്.കെയുമൊക്കെ ജീവിച്ച കോഴിക്കോട്ടിരുന്ന് എഴുത്തിനെക്കുറിച്ച് നിങ്ങൾ ചോദിക്കുമ്പോൾ സത്യത്തിൽ പണ്ട് അച്ഛൻ എന്നെ കൈപിടിച്ച് ചെന്നിത്തലയിലെ വായനശാലയിലേക്ക് കൂട്ടിക്കൊണ്ടുപോയതാണ് ഓർമയിൽ.

രാഷ്ട്രീയമാണ് എന്റെ ജീവിതവും വഴിയും. പക്ഷേ,​ ഹൃദയത്തിൽ എന്നും എഴുത്തുണ്ടായിരുന്നു. ആദ്യം ഡിറ്റക്ടീവ് നോവലുകളിലായിരുന്നു താത്പര്യം. പതിയെപ്പതിയെ മറ്റു വിഷയങ്ങളിലേക്കും വന്നു. അങ്ങനെ തുടങ്ങിയതാണ് പരന്ന വായന. ഒപ്പം എഴുത്തും. അതൊന്നും വെളിച്ചം കണ്ടില്ലെങ്കിലും എന്റെ സ്വകാര്യ ശേഖരത്തിൽ അതെല്ലാമുണ്ട്. എം.ടിയാണ് പ്രചോദിപ്പിച്ച എഴുത്തുകാരൻ. ബെന്യാമിനും അശോകൻ ചെരുവിലും സന്തോഷ് ഏച്ചിക്കാനവും പ്രഭാ വർമയുമെല്ലാം എന്റെ വായനയിൽ ഇഷ്ടമായിട്ടുണ്ട്. ഒരു പുസ്തകം വായിച്ചാൽ അവരെ വിളിക്കുന്നതും ഒരു ശീലമാണ്. അതിലൊന്നും രാഷ്ട്രീയമില്ല."

ചെന്നിത്തലയുടെ ആദ്യനോവലിന് പശ്ചാത്തലമാകുന്നത് അമേരിക്കയിലെ ഷിക്കാഗോ ആണ്. എന്തുകൊണ്ട് ഒരു നോവലെഴുതാൻ അമേരിക്കയിലേക്ക് പോകേണ്ടിവന്നു എന്ന ചോദ്യത്തിന് സ്വതസിദ്ധമായ ചെന്നിത്തലയുടെ കുലുങ്ങിച്ചിരി. 'അവിടെ എനിക്ക് നിരവധി സുഹൃത്തുക്കളുണ്ട്. പ്രത്യേകിച്ചും മലയാളികൾ. ദീർഘനാളുകൾ അവിടെ ജീവിച്ചപ്പോഴുള്ള അനുഭവമാണ് നോവൽ. പേരിട്ടിട്ടില്ല. രണ്ടുമൂന്ന് പേരുകളുണ്ട്."- എല്ലാം വെളിപ്പെടുത്തിയാൽ നോവൽ വായിക്കുന്നതിന്റെ സുഖം പോവില്ലേയെന്നും കൂട്ടിച്ചേർക്കൽ.

ആദ്യനോവൽ പുറത്തിറങ്ങുമ്പോഴേക്കും കുട്ടനാട് പശ്ചാത്തലമായി മറ്റൊരു നോവൽ കൂടി ചെന്നിത്തലയുടേതായി പുറത്തിറങ്ങും. 'കുട്ടനാട് എനിക്ക് നേരിട്ടറിയാവുന്ന സ്ഥലമാണ്. അവിടുത്തെ ജീവിതങ്ങൾ, പലായനങ്ങൾ. അവിടത്തെ രാഷ്ട്രീയ ജീവിതവും ജനങ്ങളുടെ പ്രശ്‌നങ്ങളും... ഇതൊക്കെ നോവലിനായി പ്രത്യേകം പഠിക്കുകയാണ്. ആദ്യ നോവൽ പുറത്തിറങ്ങിയാൽ, പിന്നെ കുട്ടനാടും വേഗത്തിലാവും."- ചെന്നിത്തല പറയുന്നു.

കേരളത്തിലെ കോൺഗ്രസുകാർ മുഖ്യമന്ത്രിയായിക്കാണാൻ ആഗ്രഹിക്കുന്ന നേതാവിന് എപ്പോഴാണ് സമയം കിട്ടുന്നതെന്ന ചോദ്യത്തിനും ചിരി തന്നെ മറുപടി. 'അങ്ങനെ പ്രത്യേകിച്ചൊരു സമയമില്ല. ചിലപ്പോൾ മറ്റുള്ളവർ ഉറങ്ങുമ്പോൾ. അല്ലെങ്കിൽ അവർ ഉണർന്നിരിക്കുമ്പോൾ. യാത്രകളിൽ കുറിച്ചിടുന്ന നോട്ടുകളുമൊക്കെ സംഭാഷണങ്ങളും കഥകളും കവിതകളും പിന്നെ നോവലും ആവുകയാണ്..."- ഇരുപത്തിയാറാം വയസിൽ എം.എൽ.എയും ഇരുപത്തിയെട്ടാം മയസിൽ മന്ത്രിയും! ഇപ്പോഴും ചുറുചുറുക്കോടെ മലയാളിയുടെ ജീവിതപരിസരങ്ങളിൽ ഓടിനടക്കുകയാണ് ചെന്നിത്തല. എന്തായാലും,​ രാഷ്ട്രീയത്തിനു പുറത്ത് രമേശ് ചെന്നിത്തലയ്ക്ക് ഒരു പുതിയ മേൽവിലാസം കൂടി കൈവരികയാണ്: കഥാകാരൻ!

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION