
കേരളത്തിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി പകർച്ചവ്യാധികൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് മഴക്കാലത്താണ്. കൊതുക്, എലി, ഈച്ച, ചെള്ള് തുടങ്ങിയവ പകർത്തുന്ന ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ, എലിപ്പനി, ജപ്പാൻ ജ്വരം, ചെള്ള്പനി, കോളറ, ഹെപ്പറ്റൈറ്റിസ്, ടൈഫോയിഡ്, കൊവിഡ് തുടങ്ങിയ രോഗങ്ങൾ മഴക്കാലത്ത് വ്യാപകമാകാൻ സാദ്ധ്യതയുണ്ട്. ശ്വാസകോശ രോഗങ്ങൾക്കും ത്വക് രോഗങ്ങൾക്കും മറ്റുകാലങ്ങളെ അപേക്ഷിച്ചു മഴക്കാലത്തു തീവ്രത വർദ്ധിക്കാറുണ്ട്. കൊതുക് ഉൾപ്പെടെയുള്ള രോഗകാരികൾ കൂടുതലായി പെറ്റുപെരുകുന്നതും കടുത്ത ചൂടിൽ നിന്നും പെട്ടെന്ന് അന്തരീക്ഷം തണുക്കുന്നതും രോഗപ്രതിരോധശേഷി കുറഞ്ഞിരിക്കുന്നതും രോഗകാരണങ്ങളാകാറുണ്ട്. ആയുർവേദ ശാസ്ത്രപ്രകാരം ശരീരബലം ഏറ്റവും കുറഞ്ഞിരിക്കുന്ന സമയം കൂടിയാണ് മഴക്കാലം.
ജലദോഷപ്പനി
മഴക്കാലത്ത് സർവസാധാരണമായി പടർന്നുപിടിക്കുന്ന ഒരു രോഗമാണ് ജലദോഷപ്പനി അഥവാ ഫ്ളൂ. വിവിധതരം വൈറസുകളാണ് ഈ രോഗത്തിന് കാരണം. മൂക്കൊലിപ്പ്, ചെറിയ പനി, തൊണ്ടവേദന, ചുമ, തലവേദന, ക്ഷീണം എന്നിവയാണ് രോഗലക്ഷണങ്ങൾ. രോഗി പരിപൂർണമായി വിശ്രമിക്കുന്നതും തിളപ്പിച്ചാറിയ ചൂടുവെള്ളം കുടിക്കുന്നതും ചൂടുകഞ്ഞി പോലുള്ള ലഘുവായ ആഹാരങ്ങൾ കഴിക്കുന്നതും രോഗശമനത്തിന് സഹായിക്കും.
ഡെങ്കിപ്പനി
ഈഡിസ് കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണിത്. കടുത്ത പനി, തലവേദന, അസഹനീയമായ വേദന, ദേഹത്ത് കാണപ്പെടുന്ന തിണർപ്പുകൾ, കടുത്ത ക്ഷീണം, ഗ്രന്ഥിവീക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. സാധാരണ ഡെങ്കിപ്പനി, രക്തസ്രാവ ലക്ഷണങ്ങളോട് കൂടിയ ഡെങ്കിപ്പനി എന്നിങ്ങനെ ഡെങ്കി രണ്ടുതരത്തിലുണ്ട്. അതിൽ സാധാരണ ഡെങ്കിപ്പനി കൃത്യമായി ഭക്ഷണം കഴിക്കുന്നതിലൂടെയും പൂർണ വിശ്രമത്തിലൂടെയും ശമിക്കും. എന്നാൽ രക്തസ്രാവ ലക്ഷണങ്ങളോട് കൂടിയ ഡെങ്കിയ്ക്ക് (ഹീമറേജിക് ഫീവറിന്) തീവ്രപരിചരണം അനിവാര്യമാണ്. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് വേഗത്തിൽ കുറഞ്ഞ് മരണകാരണമാകാം. കൊതുക് പെറ്റുപെരുകുന്ന സാഹചര്യം ഒഴിവാക്കി രോഗത്തെ പ്രതിരോധിക്കാം.
ചിക്കുൻ ഗുനിയ
ഈഡിസ് കൊതുകുകൾ പകർത്തുന്ന മറ്റൊരു വൈറസ് രോഗമാണ് ചിക്കുൻഗുനിയ. ഏഴു ദിവസം വരെ നീണ്ടുനിൽക്കുന്ന പനി, ആഴ്ചകൾ നീണ്ടുനിൽക്കുന്ന കടുത്ത സന്ധിവേദനയും നീരും, തലവേദന, ഓക്കാനം, ക്ഷീണം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. പരിപൂർണ വിശ്രമം അനിവാര്യമാണ്. ജലദോഷ പനിക്കുള്ള ചികിത്സകൊണ്ട് ആശ്വാസം ലഭിക്കും. കൊതുക് നിയന്ത്രണം അനിവാര്യമാണ്.
ജപ്പാൻ ജ്വരം
ക്യുലക്സ് വിഭാഗത്തിലുള്ള കൊതുക് പകർത്തുന്ന വൈറസ് രോഗമാണ് ജപ്പാൻ ജ്വരം. രോഗാണുക്കൾ ശരീരത്തിൽ കടന്ന് 12 ആഴ്ചകൾക്കുള്ളിൽ രോഗലക്ഷണം പ്രകടമാകും. ശക്തമായ പനി, കടുത്ത ശരീരവേദന, തലവേദന, ക്ഷീണം, ഛർദി തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ ബോധക്ഷയം, സ്ഥലകാലബോധം നഷ്ടപ്പെടുക തുടങ്ങിയ ലക്ഷണങ്ങളുണ്ടാകും.
കോളറ
മലിനജലത്തിലൂടെയും ആഹാരത്തിലൂടെയും പകരുന്ന ഒരു ബാക്ടീരിയൽ രോഗമാണ് കോളറ. ആളുകൾ തിങ്ങിപ്പാർക്കുന്നതും മാലിന്യ നിർമാർജനം ശാസ്ത്രീയമായി നടപ്പിലാക്കാത്തതുമായ പ്രദേശങ്ങളിലാണ് കോളറ പടർന്നുപിടിക്കുന്നത്. തീവ്രമായ വയറിളക്കമാണ് കോളറയുടെ പ്രധാന ലക്ഷണം. ഛർദി, സന്ധിവേദന, വിറയൽ തുടങ്ങിയ ലക്ഷണങ്ങളും കണ്ടുവരുന്നു. പെട്ടെന്ന് തീവ്രമായ നിർജലീകരണം ഉണ്ടാകാനിടയുള്ളതിനാൽ അടിയന്തര ചികിത്സ ഉറപ്പാക്കണം.
ഹെപ്പറ്റെറ്റിസ് എ
മലിനജലത്തിലൂടെയും ആഹാരത്തിലൂടെയും പകരുന്ന വൈറസ് രോഗമാണ് ഹെപ്പറ്റെറ്റിസ് എ (മഞ്ഞപ്പിത്തം).
രോഗിയുമായി അടുത്തിടപെടുന്നതിലൂടെ രോഗം പകരാം. ഛർദി, ഓക്കാനം, ക്ഷീണം, ചെറിയ പനി, നഖം, കണ്ണ് തുടങ്ങിയ ഇടങ്ങളിൽ മഞ്ഞനിറം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
എലിപ്പനി
രോഗാണു ബാധിച്ച എലിയുടെ മൂത്രം കലർന്ന വെള്ളത്തിലൂടെയാണ് രോഗം ബാധിക്കുന്നത്. വളരെ ചെറിയ മുറിവുകളിൽ കൂടിപോലും രോഗാണു ശരീരത്തിൽ കടക്കാൻ സാദ്ധ്യതയുള്ളതിനാൽ പ്രത്യേകശ്രദ്ധ വേണം. ഇതൊരു ബാക്ടീരിയൽ രോഗമാണ്. കടുത്ത പനിയോടൊപ്പം മഞ്ഞപ്പിത്ത ലക്ഷണങ്ങളും, കരൾ, വൃക്ക തകരാറുകളും എലിപ്പനി രോഗികളിൽ കാണാറുണ്ട്. അടിയന്തരമായി തീവ്രപരിചരണം വേണം.
ടൈഫോയിഡ്
മലിനജലത്തിലൂടെയും ആഹാരത്തിലൂടെയും പകരുന്ന ബാക്ടീരിയൽ രോഗമാണ് ടൈഫോയിഡ്. ആഴ്ചകളോളം നീണ്ടുനിൽക്കുന്ന കടുത്തപനി, കടുത്ത വയറുവേദന, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. രോഗപ്രതിരോധത്തിന് ആഹാര ശുചിത്വത്തോടൊപ്പം വ്യക്തി ശുചിത്വവും പാലിക്കണം.
ആയുർവേദ നിർദേശങ്ങൾ
മഴക്കാലത്ത് എളുപ്പം ദഹിക്കുന്ന ആഹാരങ്ങൾ ഉപയോഗിക്കുക. കഞ്ഞി, ആവിയിൽ വേവിച്ച ആഹാരങ്ങൾ ഇവ ശീലമാക്കുക.
കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി ഇവ കറികളിൽ കൂടുതലായി ചേർത്തുപയോഗിക്കുക.
മാംസം ചേർത്ത സൂപ്പ്, ചെറുപയർ സൂപ്പ് ഇവ ഉപയോഗിക്കുക.
അധിക വ്യായാമവും കഠിനാധ്വാനവും ഒഴിവാക്കണം.
മഴക്കാലത്ത് പകലുറക്കവും ഒഴിവാക്കണം. ഈർപ്പമുള്ള വസ്ത്രങ്ങൾ ഉപയോഗിക്കരുത്.
തിളപ്പിച്ച വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക.
ചുക്ക്, തുളസി, ജീരകം, മുത്തങ്ങ ഇവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |