SignIn
Kerala Kaumudi Online
Saturday, 24 October 2026 3.51 AM IST

ആരോഗ്യത്തിൽ അതിവേഗം,​ ലക്ഷ്യം മെഡിക്കൽ ഹബ്ബ്

minster-veena

സർക്കാരിൻെറ ശക്തിയും നാടിൻെറ സ്പന്ദനവും ആരോഗ്യവകുപ്പിലൂടെയാണ്. ജീവിതശൈലീ രോഗങ്ങൾ, പുതിയ വൈറസുകൾ എന്നിവയുമായുള്ള നിരന്തരമായ ഏറ്റുമുട്ടലാണ് ആരോഗ്യവകുപ്പ് സംവിധാനങ്ങളുടേത്. കേരളത്തിൻെറ ആരോഗ്യസംരക്ഷണത്തിന് ചുക്കാൻ പിടിക്കുന്ന മന്ത്രി വീണാ ജോർജ് 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.

? വീടിന് സമീപം ചികിത്സയൊരുക്കുന്ന ആർദ്രം പദ്ധതിയുടെ പുരോഗതി.

 എല്ലാവർക്കും ആരോഗ്യമെന്ന മൂന്നാമത്തെ സുസ്ഥിര വികസന സൂചികയുടെ ആണിക്കല്ലാണ് സാർവത്രിക ആരോഗ്യപരിരക്ഷ. ഈ നേട്ടം കൈവരിക്കുകയാണ് രണ്ടാം ആർദ്രം പദ്ധതിയുടെ ലക്ഷ്യം. ജീവിതശൈലീ രോഗങ്ങളും പുതിയ പകർച്ചവ്യാധികളും അപകടങ്ങളും മാനസികാരോഗ്യ പ്രശ്നങ്ങളും ഉയർത്തുന്ന പ്രശ്നങ്ങളെ നേരിടാൻ ജനങ്ങളുടെ അടുത്തുതന്നെ മികച്ച ആരോഗ്യസേവനങ്ങൾ ഒരുക്കേണ്ടതുണ്ട്. അതിനാണ് കുടുംബക്ഷേമ ഉപകേന്ദ്രങ്ങളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കിയത്. മെഡിക്കൽ കോളേജുകൾ വരെയുള്ള ആരോഗ്യ സംവിധാനങ്ങളെ ശാക്തീകരിച്ച് ജനസൗഹൃദ സ്ഥാപനങ്ങളായി മാറ്റുകയാണ്.

ആരോഗ്യ സംരക്ഷണത്തിൽ ഏകാരോഗ്യ സമീപനമാണ് സംസ്ഥാനത്തിന്. മനുഷ്യരുടെ ആരോഗ്യ സംരക്ഷണത്തിന് മനുഷ്യരിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾ മാത്രം മതിയാകില്ല. വളർത്തുമൃഗങ്ങൾ, വന്യജീവികൾ, പരിസ്ഥിതി,​ മറ്റ് വികസന മേഖലകൾ എന്നിവ കേന്ദ്രീകരിച്ചു കൂടി പ്രവർത്തിക്കണം. സർക്കാരിനൊപ്പം സ്വകാര്യ മേഖലയും തദ്ദേശ സ്ഥാപനങ്ങളും ബഹുജന സംഘടനകളും പൊതുജനങ്ങളും ഒത്തുചേർന്നാൽ മാത്രമേ ആർദ്രം മിഷന്റെ ലക്ഷ്യങ്ങൾ പൂർത്തിയാക്കാനാകൂ.

?​ മൂന്നര വർഷത്തിനിടെ ആരോഗ്യരംഗത്തെ മാറ്റങ്ങൾ.

5415 ആരോഗ്യ ഉപകേന്ദ്രങ്ങൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി മാറ്റി. വാർഡ് തല ക്ലിനിക്കുകളും ജനങ്ങൾക്ക് കൂടുതൽ ആവശ്യമുള്ള10 തരം ലാബ് പരിശോധനകളും 36 ഇനം മരുന്നുകളും ലഭ്യമാക്കി. 705 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി. 152 സാമൂഹിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നു. എല്ലാ താലൂക്കിലെയും ഒരു താലൂക്ക് ആശുപത്രി വീതവും,​ ജില്ലകളിൽ ഒരു ജില്ലാ ആശുപത്രി വീതവും ശാക്തീകരിക്കുകയാണ്. മെഡിക്കൽ കോളേജുകളിലെ ഒ.പി സംവിധാനം ജനസൗഹൃദമാക്കി.

കൊവിഡ് പോലുള്ള മഹാമാരികളെ നേരിടാൻ ഓരോ നിയോജക മണ്ഡലത്തിലും പത്തു കിടക്കകൾ വീതമുള്ള ഐസോലേഷൻ വാർഡുകൾ സജ്ജമാക്കുന്നു. ചികിത്സാ രേഖകൾ ഓൺലൈനാക്കുന്ന ഇ- ഹെൽത്ത് അവസാന ഘട്ടത്തിലാണ്. എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകൾ ഒഴികെ,​ ഒരു ആശുപത്രിയിലെങ്കിലും സ്ത്രീകളിലെ ഗർഭാശയമുഖ കാൻസറുകൾ, സ്തനാർബുദം എന്നിവ കണ്ടെത്തുന്നതിന് പാപ് സ്മിയർ, മാമോഗ്രാം, ബയോപ്സി സംവിധാനം ഒരുക്കി. കാൻസർ ഗ്രിഡ് ആരംഭിച്ചു.

?​ ജീവിതശൈലീ രോഗപ്രതിരോധത്തിലെ മുന്നറ്റേം.

 രക്താതിസമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ, മാനസിക ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവയുടെ കടന്നുവരവ് കേരളത്തിന്റെ പൊതുജനാരോഗ്യ നേട്ടങ്ങളെ തകിടം മറിക്കുന്ന സാഹചര്യമുണ്ടായിരുന്നു.എങ്കിലും ഇക്കഴിഞ്ഞ വർഷങ്ങളിൽ അവയെ പ്രതിരോധിക്കുന്നതിൽ വലിയ അളവിൽ വിജയിച്ചു. ആയുർദൈർഘ്യം കൂടുമ്പോൾ ജീവിതശൈലീ രോഗങ്ങളും കൂടും. സമൂഹത്തിൽ വയോജനങ്ങളുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയോളവും വരും. ജനങ്ങളുടെ വർദ്ധിച്ച ജീവിതശൈലീ രോഗാതുരത കുറയ്ക്കാനാണ് ജീവിതശൈലീ പ്രതിരോധം എന്ന ലക്ഷ്യം ഏറ്റെടുത്തത്. 30 വയസിനു മുകളിലുള്ള എല്ലാവരെയും വർഷത്തിൽ ഒരു തവണയെങ്കിലും ജീവിതശൈലി രോഗങ്ങൾ കണ്ടെത്തുതിനായി ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കുതിനും കൗൺസിലിംഗ് നൽകുന്നതിനും രോഗമുണ്ടെങ്കിൽ ചികിത്സ ഉറപ്പിക്കുതിനും ബൃഹത്തായ പദ്ധതിക്ക് തുടക്കമിട്ടു.

?​ മെഡിക്കൽ കോളേജുകളുടെ ശാക്തീകരണം.

 ആദ്യമായി കേരളത്തിലെ മെഡിക്കൽ കോളേജ് ദേശീയ റാങ്കിംഗിൽ ഉൾപ്പെട്ടത് 2023-ലാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ന്യൂറോ ഇന്റർവെൻഷൻ സെന്റർ എടുത്തുപറയേണ്ടതാണ്. രാജ്യത്ത് ആദ്യമായി സർക്കാർ മേഖലയിലെ ആദ്യ ന്യൂറോ കാത്ത് ലാബ് ഉൾപ്പെടെ 14.3 കോടിയുടെ സമഗ്ര സ്‌ട്രോക്ക് സെന്റർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സജ്ജമാക്കി. എസ്.എ.ടി ആശുപത്രിയെ അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്കുള്ള സെന്റർ ഓഫ് എക്സലൻസായി തിരഞ്ഞെടുത്തു.


?​ മെഡിക്കൽ, നഴ്സിംഗ് പഠനത്തിന് നടത്തിയ ശ്രമങ്ങൾ?

 പരമാവധി വിദ്യാർത്ഥികൾക്ക് നാട്ടിൽത്തന്നെ മെഡിക്കൽ വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കുക എന്നതാണ് ലക്ഷ്യം. പത്തനംതിട്ടയിലും ഇടുക്കിയിലും മെഡിക്കൽ കോളേജുകൾ തുടങ്ങി. 100 സീറ്റുകൾക്കു വീതം അംഗീകാരമായി. മെഡിക്കൽ കോളേജുകളിൽ ആദ്യമായി എമർജൻസി മെഡിസിൻ, ക്രിട്ടിക്കൽ കെയർ, ജനറ്റിക്സ്, ജെറിയാട്രിക്, ഇന്റർവെൻഷണൽ റേഡിയോളജി, റുമറ്റോളജി തുടങ്ങിയ വിഭാഗങ്ങൾ ആരംഭിച്ചു. 1020 നഴ്സിംഗ് സീറ്റുകൾ പുതുതായി ഏർപ്പെടുത്തി.

?​ ആയുഷ് മേഖലയ്ക്ക് നൽകിയ പരിഗണന.

 കണ്ണൂരിൽ നിർമ്മിക്കുന്ന അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ആയുഷ് മേഖലയിലെ സുപ്രധാന ചുവടുവയ്പ്പാണ്. മൂന്ന് വർഷങ്ങളിലായി ആയിരത്തിലധികം കോടി രൂപയാണ് ആയുഷ് മേഖലയുടെ വികസനത്തിന് അനുവദിച്ചത്. പുതുതായി 116 തസ്തികകൾ സൃഷ്ടിച്ചു.10,000 ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിച്ചു. ആദ്യമായി ആയുഷ് സ്ഥാപനങ്ങൾക്ക് എൻ.എ.ബി.എച്ച് അംഗീകാരം ലഭിച്ചു. 610 ആയുഷ് ഡിസ്‌പെൻസറികളെക്കൂടി ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളാക്കി. മെഡിക്കൽ ടൂറിസം രംഗത്ത് ആയുർവേദത്തെ കൂടുതൽ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നു.

?​ ഇനിയുള്ള ലക്ഷ്യങ്ങൾ.

 കേരളത്തെ ഹെൽത്ത് ഹബ്ബാക്കി മാറ്റാനുള്ള പദ്ധതി നടപ്പിലാക്കും. തിരഞ്ഞെടുക്കപ്പെട്ട മെഡിക്കൽ കോളേജുകളെയും ജില്ലാ, ജനറൽ ആശുപത്രികളെയും ഉൾപ്പെടുത്തിയുള്ള ആദ്യ ഘട്ടം ഈ വർഷം ആരംഭിക്കും. എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ സാക്ഷാത്കരിക്കും. സെർവിക്കൽ കാൻസർ പ്രതിരോധത്തിന് വാക്സിനേഷൻ സംസ്ഥാനത്ത് ആരംഭിക്കും. അതിതീവ്ര അണുബാധകൾ പോലും കണ്ടെത്താൻ ശേഷിയുള്ള കോഴിക്കോട് മെഡിക്കൽ കോളേജിലെ ബയോ സേഫ്ടി ലെവൽ- 3 ലബോറട്ടറി, കേരള സെന്റർ ഫോർ ഡിസീസ് കൺട്രോൾ എന്നിവയും യാഥാർത്ഥ്യമാക്കും... അങ്ങനെ നീളുന്നു ആക്ഷൻ പ്ലാൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION