SignIn
Kerala Kaumudi Online
Saturday, 24 October 2026 3.51 AM IST

സുഖദർശനത്തിന്റെ സേനാ വിന്യാസം

syam

എസ്. ശ്യാം സുന്ദർ ഐ.പി.എസ്

ശബരിമല ജോ. പൊലീസ് കോ- ഓർഡിനേറ്റർ

....................................................................................................

അഭിമുഖം തയ്യാറാക്കിയത്:

എം.എച്ച്. വിഷ്ണു

അയ്യപ്പ ഭക്തകോടികൾ ശരണപ്രാർത്ഥനകളോടെ കാത്തിരുന്ന മകരവിളക്ക് നാളെയാണ്. തീർത്ഥാടകത്തിരക്ക് മുൻവർഷത്തേക്കാൾ അധികമായിരുന്നിട്ടും ഇത്തവണ മണ്ഡലകാലത്ത് എല്ലാവർക്കും സുഖദർശനം ലഭിച്ചു. കാര്യമായ പരാതികളുണ്ടായില്ല. തിരക്ക് നിയന്ത്രിച്ച് എല്ലാവർക്കും സുരക്ഷിതവും സൗകര്യപ്രദവുമായ ദർശനമൊരുക്കാൻ പൊലീസിനു കഴിഞ്ഞു. വിവിധ വകുപ്പുകളുടെ ഏകോപനവും പൊലീസാണ് വഹിച്ചത്. കഴിഞ്ഞ മണ്ഡലകാലത്ത് 48 മണിക്കൂർ വരെ കാനനപാതയിൽ കാത്തുനിന്നിട്ടും ദർശന സൗകര്യമില്ലാതെ ഭക്തർ വലഞ്ഞിരുന്നു. ഇത്തവണ പരാതികൾക്ക് ഇടനൽകാതെ, ഭക്തർക്കെല്ലാം സുഖദർശനമൊരുക്കാൻ പൊലീസ് മുന്നിൽ നിന്നു. ശബരിമലയിലെ ജോയിന്റ് പൊലീസ് കോ- ഓർഡിനേറ്റർ കൂടിയായ ദക്ഷിണമേഖലാ ഐ.ജി എസ്. ശ്യാംസുന്ദർ 'കേരളകൗമുദി'യുമായി സംസാരിക്കുന്നു.

? തിരക്ക് നിയന്ത്രിച്ച് സുഖദർശനമൊരുക്കാൻ കഴിഞ്ഞത്.

 പൊലീസ് വിന്യാസം ശാസ്ത്രീയ രീതിയിലായിരുന്നു. മുമ്പ് പോയിന്റ് തല വിന്യാസമില്ലായിരുന്നു. പൊലീസിനെ പലേടത്തായി നിയോഗിക്കുകയായിരുന്നു പതിവ്. ഞാനും ഡി.ഐ.ജി അജീതാബീഗവും ചേർന്ന് അഞ്ചു ദിവസമെടുത്താണ് പുതിയ സ്കീം തയ്യാറാക്കിയത്. ഭക്തർ വാഹമിറങ്ങുന്നതു മുതൽ തിരിച്ചുപോവുന്നതു വരെ പൂർണമായി റൂട്ട് പഠിച്ച് മാപ്പ് തയ്യാറാക്കിയായിരുന്നു പൊലീസ് വിന്യാസം. മകരവിളക്കിന് ഹൈക്കോടതി ഉത്തരവ് പ്രകാരം ബുക്കിംഗ് ചുരുക്കിയിട്ടുണ്ട്. അധിക സേനയെ വിന്യസിച്ചിട്ടുണ്ട്. തിരക്ക് കുറയ്ക്കാനും അപകടമൊഴിവാക്കാനും പ്രത്യേക ശ്രദ്ധയുണ്ട്. കഷ്ടപ്പെട്ട് പ്രവർത്തിച്ച പൊലീസുകർക്കാണ് ഫുൾ ക്രെഡിറ്റ്.

?പുതിയ സുരക്ഷാസ്കീം ആണോ തിരക്ക് നിയന്ത്രിക്കാൻ സഹായിച്ചത്.

 പുതിയ സ്കീമിൽ,​ ഓരോ പോയിന്റിലും ആര്,​ എവിടെ,​ എന്ത് ഡ്യൂട്ടി ചെയ്യണമെന്ന് രേഖയുണ്ടാക്കി. അതനുസരിച്ച് ആപ്ലിക്കേഷൻ തയ്യാറാക്കി. ഇതിൽ പൊലീസുകാരുടെ പെൻ നമ്പർ അടിച്ചാൽ എവിടെയാണ്, എന്താണ് ഡ്യൂട്ടി എന്ന് അറിയാം. ഡ്യൂട്ടിയെക്കുറിച്ചും ചുമതലകളെക്കുറിച്ചും ഉണ്ടായിരുന്ന അവ്യക്തത ഒഴിവായി. 95 ശതമാനം വിവരങ്ങളും ഡോക്യുമെന്റ് ചെയ്തു.

? പതിനെട്ടാംപടിയിലെ പൊലീസ് വിന്യാസവും കാര്യക്ഷമമായല്ലോ.

പതിനെട്ടാംപടിയിൽ ഭക്തരെ പിടിച്ചുകയറ്റുന്നവരുടെ ഡ്യൂട്ടി സമയം മുപ്പത് മിനിറ്റായിരുന്നു. സാധാരണഗതിയിൽ വെറുതേ കുനിഞ്ഞ് പത്തുവട്ടം കാലിൽ തൊടുന്നതു പോലും ആയാസകരമാണ്. 70- 80 കിലോയുള്ള നൂറുകണക്കിന് ഭക്തരെ അരമണിക്കൂർ സമയം മുകളിലേക്ക് വലിച്ചുകയറ്റുന്നത് അതീവശ്രമകരമായിരുന്നു. ഡ്യൂട്ടി ടേൺ 30 മിനിറ്റിനു പകരം 15 മിനിറ്റാക്കണമെന്ന് ആവശ്യമുണ്ടായിരുന്നു. 15 മിനിറ്റ് ഡ്യൂട്ടിതന്നെ പൊലീസുകാരെ ക്ഷീണിതരാക്കും. ദിവസം ഒരുലക്ഷം പേർക്ക് ദർശനമൊരുക്കാൻ മിനിറ്രിൽ 75- 80പേരെ പതിനെട്ടാംപടി കയറ്റണമെന്ന് വിലയിരുത്തി. ഇതോടെ ഡ്യൂട്ടിസമയം 15 മിനിറ്റാക്കി.

മൂന്ന് ഷിഫ്റ്രിൽ 200 പേരുള്ള നാല് ടീമുകളെ നിയോഗിച്ചു. ഇതോടെ പൊലീസുകാർക്ക് മതിയായ വിശ്രമം കിട്ടി. നാലു മണിക്കൂർ കൂടുമ്പോൾ ടീം പൂർണമായി മാറും. പ്രതിദിനം ഒരുലക്ഷം ഭക്തർ വന്നാലും പ്രശ്നമില്ലാതിരുന്നതിന് കാരണം ഇതാണ്. 15 മിനിറ്റ് ഡ്യൂട്ടി കഴിഞ്ഞെത്തുന്നവർക്ക് ഇലക്ട്രോലൈറ്റ് ജ്യൂസ്, കരിക്ക് എന്നിവ നൽകി. മതിയായ വിശ്രമം ഒരുക്കിയതും ഡ്യൂട്ടി സമയം കുറച്ചതും ഗുണംചെയ്തു.

? ദേവസ്വം ബോർഡുമായുള്ള ഏകോപനം...

 എല്ലാ കാര്യങ്ങളിലും ദേവസ്വം ബോർഡുമായി നല്ല ഏകോപനമുണ്ട്. ചീഫ് പൊലീസ് കോ- ഓർഡിനേറ്ററായ എ.ഡി.ജി.പി എസ്. ശ്രീജിത്ത് ബോർഡുമായി ചർച്ചകൾ നടത്തി. അദ്ദേഹം അവിടെ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചു. പൊലീസ് മാത്രമല്ല, എല്ലാ വകുപ്പുകളും ഭംഗിയായി പ്രവർത്തിച്ചു. നല്ല ഏകോപനത്തിന്റെ വിജയമാണിത്. സുഖദർശനം ഉറപ്പാക്കാനായതിനാൽ കഴി‌ഞ്ഞ വർഷത്തേക്കാൾ 80 കോടി അധിക വരുമാനമുണ്ടായി. സിസി ടിവി ദൃശ്യങ്ങൾ എല്ലാ മുതിർന്ന ഉദ്യോഗസഥരുടെയും ഓഫീസുകളിൽ നിരീക്ഷിച്ചു.

?പാർക്കിംഗിലും കാര്യമായ പ്രശ്നങ്ങളുണ്ടായില്ലല്ലോ

 നിലയ്ക്കലിൽ 17 പാർക്കിംഗ് ഗ്രൗണ്ട് സജ്ജമാക്കിയിരുന്നു. അവിടെ കൃത്യമായ പൊലീസ് വിന്യാസമൊരുക്കി. ഓരോ മണിക്കൂറിലും ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങളെടുത്ത് വിലയിരുത്തി. പ്രശ്നങ്ങൾ അപ്പപ്പോൾ കണ്ടെത്തി പരിഹരിച്ചു. നിലയ്ക്കൽ- പമ്പ കെ.എസ്.ആർ.ടി.സി സർവീസിനും ഒരു പ്രശ്നവുമുണ്ടായില്ല. ഇതോടെ ഭക്തരുടെ പരാതികൾ ഒഴിഞ്ഞു.

? മോഷണമടക്കം കുറ്റകൃത്യങ്ങൾ ഒഴിവാക്കുന്നതിലും ജാഗ്രതയുണ്ടായല്ലോ.

 ആറു ഘട്ടങ്ങളിലായുള്ള പൊലീസ് വിന്യാസം ഫലപ്രദമായിരുന്നു. ആദ്യഘട്ടത്തിൽ മൂന്ന് ഷിഫ്റ്റായി 1800-ൽ തുടങ്ങിയ സേനാബലം അവസാന ഘട്ടമായപ്പോൾ മൂവായിരം വരെയെത്തി. മോഷണം, പിടിച്ചുപറിക്കൽ എന്നിവയൊന്നും കാര്യമായുണ്ടായില്ല. മോഷ്ടാക്കളെ പിടിക്കാൻ ഷാഡോ സംഘത്തെ വിന്യസിച്ചു. സിസി ടിവി ക്യാമറാ നിരീക്ഷണം കാര്യക്ഷമമാക്കി. സ്ഥിരം മോഷ്ടാക്കളെ തിരിച്ചറിഞ്ഞ് നേരത്തേ പിടികൂടി. പത്തനംതിട്ട എസ്.പിയുടെ നേതൃത്വത്തിലും പ്രവർത്തിച്ചു.

?സുരക്ഷാ ഏകോപനം എങ്ങനെയായിരുന്നു.

 എ.ഡി.ജി.പി എസ്. ശ്രീജിത്തായിരുന്നു ചീഫ് പൊലീസ് കോ-ഓർഡിനേറ്റർ. ദക്ഷിണമേഖലാ ഐ.ജി ജോയിന്റ് പൊലീസ് കോ- ഓർഡിനേറ്ററായി. അഡി. പൊലീസ് കോ-ഓർഡിനേറ്ററായി ഡി.ഐ.ജി റാങ്കുള്ളവരെത്തി. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ എസ്.പിമാരെ സ്പെഷ്യൽ ഓഫീസറാക്കി. എ.എസ്.പിമാരെ ജോയിന്റ് സ്പെഷ്യൽ ഓഫീസർമാരാക്കി. ഒരു പഴുതുമില്ലാതെ സുരക്ഷയൊരുക്കാൻ ഇതിലൂടെ കഴിഞ്ഞു.

? സ്പോട്ട്ബുക്കിംഗിനെച്ചൊല്ലി ആദ്യഘട്ടത്തിൽ വിവാദമുണ്ടായല്ലോ.

 വെർച്വൽ ക്യൂ ഇല്ലെങ്കിൽ ഭക്തരെ നിയന്ത്രിക്കാനാവില്ല. അവധി ദിവസങ്ങളിൽ ഒരു മുന്നൊരുക്കവുമില്ലാതെ ഒരുലക്ഷത്തിലേറെ ഭക്തരെത്തിയാൽ കാര്യങ്ങൾ നിയന്ത്രണാതീതമാവും. ഇത്തവണത്തേത് പ്രതിദിനം 80,000 വെർച്വൽ ക്യൂ ബുക്കിംഗ് ആക്കിയതിന്റെ കൂടി വിജയമാണ്. ബുക്കിംഗ് വിവരങ്ങൾ അറിയാവുന്നതിനാൽ പൊലീസിന് പ്ലാൻ ചെയ്ത് പ്രവർത്തിക്കാനായി. സ്പോട്ട് ബുക്കിംഗ് ഒഴിവാക്കി 100ശതമാനം വെർച്വൽ ക്യൂ ആക്കിയാൽ ഇതിലും ഫലപ്രദമായി തിരക്ക് നിയന്ത്രിക്കാം. രേഖകൾ വച്ചുള്ള ബുക്കിംഗുള്ളതിനാൽ ഭക്തരെയെല്ലാം തിരിച്ചറിയാനും സുരക്ഷ ഉറപ്പിക്കാനും സഹായകമാണ്.

? എല്ലാവർക്കും ഓൺലൈൻ ബുക്കിംഗിന് സൗകര്യമുണ്ടാവുമോ.

 ഇന്നത്തെ കാലത്ത് ബുക്കിംഗിന് നിരവധി സംവിധാനങ്ങളുണ്ട്. അക്ഷയ കേന്ദ്രങ്ങളുണ്ട്. സ്മാർട്ട് ഫോൺ ഇല്ലാത്തർ ചുരുക്കം. പ്രതിദിനം 80,000 ഭക്തരെത്തുന്ന തിരുപ്പതിയിൽ സമയം രേഖപ്പെടുത്തിയ ബുക്കിംഗ് സ്ലോട്ടിലേ ദർശനം നടത്താനാവൂ. അതിനാൽ അവിടെ കൃത്യമായി തിരക്ക് നിയന്ത്രിക്കുന്നു. തിരുപ്പതി മോഡൽ 100 ശതമാനം വെർച്വൽ ബുക്കിംഗ് ശബരിമലയിലും ഫലപ്രദമായിരിക്കും. ഇത്തവണ സ്പോട്ട്ബുക്കിംഗ് പ്രതിദിനം പതിനായിരം എന്ന് നിശ്ചയിച്ചെങ്കിലും കൂട്ടേണ്ടി വന്നു. സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയാൽ കൂടുതൽ സുരക്ഷിതമായും സൗകര്യപ്രദമായും ദർശനമൊരുക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION