SignIn
Kerala Kaumudi Online
Sunday, 21 June 2026 6.08 PM IST

ശബരിമലയിലേയ്ക്കുള്ള തീർത്ഥാടകർ ആദ്യമെത്തുന്നത് ഇവിടെ; അയ്യപ്പന്റെ ആദ്യക്ഷേത്രം

pandalam-valiya-koyikkal-

കേരളത്തിൽ നിരവധി ശാസ്താ ക്ഷേത്രങ്ങളും അയ്യപ്പ ക്ഷേത്രങ്ങളുമുണ്ട്. ഓരോ ക്ഷേത്രത്തിനും തനതായ പ്രത്യേകതകളും ചരിത്രവും ഉണ്ടായിരിക്കും. അത്തരത്തിൽ തീർത്തും വ്യത്യസ്തമായ ഒരു ക്ഷേത്രമാണ് പന്തളം വലിയ കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രം. പത്തനംതിട്ട ജില്ലയിലെ പന്തളത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പന്തളം രാജകുടുംബത്തിന്റെ കുടുംബ ക്ഷേത്രമാണ്. അച്ചൻകോവിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് അയ്യപ്പ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്.

ശബരിമല അയ്യപ്പ ക്ഷേത്രത്തിന്റെ അതേ മാതൃകയിലാണ് ഈ ക്ഷേത്രവും നിർമ്മിച്ചിരിക്കുന്നത്. ധർമ്മ ശാസ്താവാണ് ഇവിടെത്തെ പ്രധാന പ്രതിഷ്ഠ. അതുതന്നെയാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയും. പന്തളം രാജാവായിരുന്ന രാജശേഖരനാണ് അയ്യപ്പന്റെ നിത്യ പൂജകൾക്കായി ഈ ക്ഷേത്രം നിർമിച്ചതെന്നാണ് പറയപ്പെടുന്നത്. അയ്യപ്പന്റെ ജീവിതവുമായി ഏറെ ബന്ധപ്പെട്ട് നിൽക്കുന്ന ഈ ക്ഷേത്രത്തിന് മണ്ഡലകാലത്ത് ശബരിമലയോളം തന്നെ പ്രാധാന്യമുണ്ട്.

ശബരിമലയിലെത്തുന്ന തീർത്ഥാടകരിൽ ഭൂരിഭാഗം പേരും ആദ്യമെത്തുന്നത് ഈ ക്ഷേത്രത്തിലാണ്. ഇവിടെ പ്രാർത്ഥിച്ചതിന് ശേഷമാണ് ഇവർ ശബരിമലയിലേയ്ക്ക് പോകുന്നത്. അയ്യപ്പന്റെ തിരുവാഭരണം സൂക്ഷിച്ചിരിക്കുന്നത് ഈ ക്ഷേത്രത്തിന് അകത്തുള്ള തിരുവാഭരണമാളികയിലാണ്. മകരവിളക്കിന് രണ്ടു മാസം മുൻപ് തിരുവാഭരണം ഭക്തർക്ക് ദർശിക്കുവാനുള്ള സൗകര്യം ഒരുക്കാറുണ്ട്. ഘോഷയാത്ര തുടങ്ങുന്ന സമയത്ത് ആകാശത്ത് പ്രത്യക്ഷപ്പെടുന്ന ശ്രീ കൃഷ്ണപ്പരുന്ത് ശബരിമല വരെ പിന്തുടരുന്നത് ഏറെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.

എല്ലാ വർഷവും മകരവിളക്ക് ഉത്സവകാലത്ത് കോടിക്കണക്കിന് ഭക്തർ ഈ ക്ഷേത്രം സന്ദർശിച്ചുവരുന്നുണ്ട്. മകരവിളക്കിന് പുറമെ ഓണം, വിഷു എന്നിവയാണ് ഇവിടെത്തെ പ്രധാന ആഘോഷങ്ങൾ. പുലർച്ചെ 7.30ന് ഉഷ പൂജ, ഉച്ചയ്ക്ക് 12.30 ന് ഉച്ച പൂജ, രാത്രി 9.30 ന് അത്താഴ പൂജ എന്നിങ്ങനെ ദിവസവും മൂന്ന് പൂജകളാണ് പന്തളം വലിയ കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നടക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TEMPLE, SABARIMALA, PANDALAM AYYAPPA TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY