ബംഗളൂരു: ബംഗളൂരുവിൽ ഒരു കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയ കേസിൽ നിർണായക വഴിത്തിരിവ്. പ്രതിയായ ക്യാബ് ഡ്രൈവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിലെ യേർക്കാട് വനമേഖലയിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കൂടി പൊലീസ് കണ്ടെത്തി. ഇതോടെ കേസിൽ ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം മൂന്നായി. പ്രതി ഇന്ദുശേഖറിന്റെ ഭാര്യ സുനിത (40), ഭാര്യാമാതാവ് രൂപാവതി (65) എന്നിവരുടെ മൃതദേഹങ്ങളാണ് തമിഴ്‌നാട് സേലം ജില്ലയിലെ വനമേഖലയിൽ നിന്ന് കണ്ടെടുത്തത്.
മൃതശരീരങ്ങൾ തിരിച്ചറിയുന്നതിനായി ബന്ധുക്കളെ സേലത്തെത്തിച്ചതായി പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട മറ്റ് നാലുപേരുടെ മൃതദേഹങ്ങൾ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. കുടുംബവഴക്കിനെത്തുടർന്ന് രണ്ടാഴ്ചയോളം നീണ്ട കാലയളവിൽ സ്വന്തം ഭാര്യയെയും ഏഴുവയസുകാരൻ ഉൾപ്പെടെ അവരുടെ ആറ് ബന്ധുക്കളെയും കൊലപ്പെടുത്തിയെന്നാണ് ഇന്ദുശേഖറിനെതിരായ കേസ്.
കൊല്ലപ്പെട്ടവരിൽ ഏഴുവയസുകാരനായ പുനീതിന്റെ മൃതദേഹം വെള്ളിയാഴ്ച നന്ദി ഹിൽസിന് സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു. ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. കുട്ടിയുടെ തലയ്ക്ക് മൂർച്ചയുള്ള ആയുധംകൊണ്ട് അടിയേറ്റതായാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായതെന്ന് അന്വേഷണവൃത്തങ്ങൾ അറിയിച്ചു.
കൊലപാതകങ്ങൾക്ക് ശേഷം മൃതദേഹങ്ങൾ കാറിൽ വിവിധ സ്ഥലങ്ങളിലെത്തിച്ച് ഉപേക്ഷിക്കുകയായിരുന്നു. കർണാടകയിലെയും തമിഴ്നാട്ടിലെയും വിവിധ മേഖലകളിൽ മൃതദേഹങ്ങൾ ഉപേക്ഷിച്ചെന്നാണ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്. ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹാസൻ, ചിക്കമംഗളൂരു തുടങ്ങിയ ജില്ലകളിലെ വനമേഖലകളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്.
പ്രതി സഞ്ചരിച്ചിരുന്ന കാറിൽ 'പ്രസ്' എന്ന സ്റ്റിക്കർ പതിച്ചിരുന്നതായും ഒരു മാസികയുമായി ബന്ധമുണ്ടെന്ന് ഇയാൾ അവകാശപ്പെട്ടിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പുലർച്ചെ മൃതദേഹങ്ങൾ കാറിൽ കടത്തിക്കൊണ്ടുപോകുന്നതിനും പൊലീസ് പരിശോധനകൾ ഒഴിവാക്കുന്നതിനും ഈ അടയാളം ഉപയോഗിച്ചിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
കാണാതായ നളിനിയുടെ മാതാവ് തുങ്കമ്മ ശ്രീരാംപുരം പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ദുശേഖർ പിടിയിലായത്. കേസിൽ പ്രതിയുടെ 17കാരിയായ മകൾക്കും പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ബുധനാഴ്ച ഉൽസൂർഗേറ്റ് പരിസരത്തുനിന്നാണ് ഇന്ദുശേഖറിനെ പൊലീസ് പിടികൂടിയത്. അറസ്റ്റിലാകുമ്പോൾ കൊല്ലപ്പെട്ടവരിൽ ഒരാളുടെ 10 വയസ്സുള്ള മകനും പ്രതിയുടെ കാറിലുണ്ടായിരുന്നു.
മാതാപിതാക്കൾ തീർത്ഥാടനത്തിന് പോയിരിക്കുകയാണെന്ന് പറഞ്ഞ് കുട്ടിയെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുവന്നതാണെന്നാണ് വിവരം. മാതാപിതാക്കൾ കൊല്ലപ്പെട്ട വിവരം അറിയാതെ ദിവസങ്ങളോളം കുട്ടി പ്രതിക്കും മകൾക്കുമൊപ്പം കഴിഞ്ഞു. കുട്ടിയെയും കൊലപ്പെടുത്താൻ പ്രതി പദ്ധതിയിട്ടിരുന്നതായാണ് പൊലീസിന്റെ സംശയം. സമയോചിതമായ ഇടപെടലിലൂടെ കുട്ടിയെ രക്ഷിക്കാനായി.
വിവാഹം കഴിഞ്ഞ് 20 വർഷത്തിനിടെ താനും ഭാര്യ സുനിതയും തമ്മിൽ വഴക്കില്ലാത്ത ദിവസങ്ങളുണ്ടായിട്ടില്ലെന്നാണ് ഇന്ദുശേഖറിന്റെ മൊഴി. സ്വഭാവത്തിലും നിലപാടുകളിലും ഇരുവരും തമ്മിൽ വലിയ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. സുനിതയുടെ അമിതമായ ഇടപെടലുകളും അമ്മയോടും സഹോദരങ്ങളോടുമുള്ള അടുപ്പവും ഇന്ദുശേഖറിന് കടുത്ത എതിർപ്പുണ്ടാക്കി. കാലക്രമേണ ഈ വിരോധം വർദ്ധിക്കുകയും ഒടുവിൽ ഏഴുപേരുടെ ജീവനെടുക്കുന്ന ക്രൂരതയിലേക്ക് നയിക്കുകയും ചെയ്തെന്നാണ് പൊലീസ് നിഗമനം.
Bengaluru police discovered two more bodies, identified as the suspect's wife and mother-in-law, in Tamil Nadu's Yerukad forest, increasing the total recovered to three. Cab driver Indrashekhar is accused of murdering seven family members due to a suspected family dispute. Search operations continue for the remaining four victims.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |