SignIn
Kerala Kaumudi Online
Saturday, 07 November 2026 3.16 AM IST

അഭിറാമിന്റെ കൊലപാതകം: കൂടുതൽ തെളിവ് തേടി അന്വേഷണസംഘം

a

പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകി
ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും
ലഹരി ബന്ധങ്ങളും അന്വേഷിക്കും


ശ്രീകാര്യം: പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർത്ഥി അഭിറാമിനെ (17) ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ,കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിൽ പ്രത്യേക അന്വേഷണ സംഘം. ഇതിന്റെ ഭാഗമായി അറസ്റ്റിലായ ഒന്നാം പ്രതി 17കാരൻ,രണ്ടാം പ്രതിയും കാപ്പ കേസ് പ്രതിയുമായ ഉമർ മുഫ്താർ (22),മൂന്നാംപ്രതി ആനന്ദ (18),നാലാംപ്രതി ആക്കുളം സ്വദേശി ഐശ്വര്യ (21) എന്നിവരിൽ 17 കാരൻ ഒഴിച്ചുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ കഴിഞ്ഞ ദിവസം തന്നെ അന്വേഷണ സംഘം അപേക്ഷ നൽകി.

ഇവരെ കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ചിരുത്തി കൂടുതൽ ചോദ്യം ചെയ്താൽ മാത്രമെ അഭിറാമിന്റെ മൊബൈൽ ഫോണും,വസ്ത്രങ്ങളും,സ്മാർട്ട് വാച്ചും,ഷൂവും ഉൾപ്പെടെയുള്ള തെളിവുകൾ കണ്ടെത്താനാകൂ. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശം മുഴുവൻ അരിച്ചുപെറുക്കി നോക്കിയിട്ടും ഒന്നും കണ്ടെത്താനായില്ല. പ്രതികളുടെ മൊബൈൽ ഫോണുകളും കണ്ടെത്തേണ്ടതുണ്ട്. ഇവ ഒളിപ്പിച്ചോ അതോ നശിപ്പിച്ചോ എന്നും വ്യക്തമല്ല.പ്രതികൾ ലഹരി ഉപയോഗിക്കുന്നവരാണോ, ലഹരി സംഘങ്ങളുമായി ബന്ധമുണ്ടോ എന്നീ വിവരങ്ങളും അന്വേഷിക്കുന്നു.


ആദ്യം ലക്ഷ്യമിട്ടത് മർദ്ദനം, തുടർന്ന് കൊലപാതക ആസൂത്രണം
ഒഴിഞ്ഞ സ്ഥലത്ത് വിളിച്ചുവരുത്തി തന്റെ മുൻ കാമുകിയുടെ ഇപ്പോഴത്തെ കാമുകനെ മർദ്ദിക്കുക മാത്രമായിരുന്നു 17 കാരന്റെ ഉദ്ദേശ്യമത്രെ. എന്നാൽ മോഷണക്കേസുകളിൽ തന്റെ കൂട്ടുപ്രതിയായ ഉമറിന്റെ സഹായം തേടിയ നിമിഷം മുതൽ, അതൊരു കൊലപാതകത്തിനുള്ള ആസൂത്രണമായി മാറിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. കൂടാതെ 17 കാരനായ ഒന്നാം പ്രതിയുടെ ഇപ്പോഴത്തെ കാമുകി ആനന്ദയുടെ ചില സ്വകാര്യദൃശ്യങ്ങൾ ചോർന്നതും ഇവരുടെ പക കൂടാൻ കാരണമായി. അഭിറാമിന്റെ സുഹൃത്താണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്ന് പ്രതികൾ വിശ്വസിച്ചു. ആ സുഹൃത്തിനെ വിളിച്ചുവരുത്താൻ അഭിറാമിനോട് ആവശ്യപ്പെട്ടു. അഭിറാം വിളിച്ചെങ്കിലും അവൻ വന്നില്ല. ഉമറിന്റെയും 17കാരന്റെയും പിന്നിടുള്ള പ്രവൃത്തികളിൽ അപകടം മണത്ത അഭിറാം അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികളുടെ കെണിയിൽപ്പെട്ടുപോയിരുന്നു.
അഭിറാമിനെ ആനന്ദയെകൊണ്ട് പാങ്ങപ്പാറയിൽ എത്തിക്കുകയായിരുന്നു ആദ്യ പ്ലാൻ. അതിന് ആനന്ദയ്ക്ക് രണ്ടുദിവസത്തെ സമയം നൽകി. ഈ സമയം പഴയ പരിചയം വച്ച് ആനന്ദ ചാറ്റ് ചെയ്ത് അഭിറാമിന്റെ വിശ്വാസം നേടിയെടുത്തു. സംഭവദിവസം ഇൻസ്റ്റഗ്രാം കൈകാര്യം ചെയ്തത് പതിനേഴുകാരനും ഉമറുമായിരുന്നു. ആനന്ദയെന്ന വ്യാജേന അഭിറാമിനോട് പാങ്ങപ്പാറയിൽ എത്താൻ സന്ദേശം അയയ്ക്കുകയായിരുന്നു. സി.സി ടിവിയുള്ള പ്രധാന വഴികൾ ഒഴിവാക്കി ചതുപ്പിനടുത്ത് കൂടിയാണ് ഉമർ കൃത്യംനടന്ന സ്ഥലത്തെത്തിയതെന്ന് സ്ഥീരികരിച്ചിട്ടുണ്ട്. ഉമറിന്റെ കാമുകി ഐശ്വര്യ ഇക്കാര്യങ്ങളെല്ലാം പൊലീസിനോട് ഏറ്റുപറഞ്ഞിട്ടുണ്ട്.


30 രൂപയുടെ ചാക്കും മഴ തകർത്ത പദ്ധതിയും
ഐശ്വര്യയുടെ മൊഴിയിൽ നിന്നാണ് മൃതദേഹം മറവുചെയ്യാനുള്ള പ്രതികളുടെ പദ്ധതിയും പുറത്തുവന്നത്. കൊലയ്ക്ക് ശേഷം അഭിറാമിന്റെ മൃതദേഹം ചാക്കിലാക്കി മറ്റൊരിടത്ത് കൊണ്ടുപോയി നശിപ്പിക്കാനായിരുന്നു പ്രതികൾ പദ്ധതിയിട്ടിരുന്നത്.അഭിറാം മരിച്ചെന്ന് ഉറപ്പിച്ചതിനുശേഷം ഒന്നാം പ്രതിയായ 17 കാരൻ ശ്രീകാര്യത്തെ ആക്രിക്കടയിലെത്തി 30 രൂപ കൊടുത്ത് പ്ലാസ്റ്റിക് ചാക്ക് വാങ്ങി. മൃതദേഹം ചാക്കിലാക്കി വാഹനത്തിൽ മറ്റൊരിടത്തേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതി. എന്നാൽ രാത്രി പ്രദേശത്ത് കനത്ത മഴ പെയ്തതിനാൽ ഇതു പാളി. തുടർന്ന് ചാക്കിലാക്കിയ മൃതദേഹം കൊല നടത്തിയ കാടുപിടിച്ച ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് പ്രതികൾ മടങ്ങുകയായിരുന്നു. ശ്രീകാര്യത്തെ ആക്രിക്കട ഉടമ 17 കാരനെ തിരിച്ചറിഞ്ഞിട്ടുണ്ട്.

അന്വഷണ സംഘത്തിന് മുന്നിലുള്ള

വിവരങ്ങൾ,വെല്ലുവിളികൾ
 അഭിറാമിന്റെയും പ്രതികളുടെയും മൊബൈൽ ഫോണുകൾ നിർണായകം,പക്ഷേ ഇവ കണ്ടെത്താനായില്ല
ഉമർ സംഭവസ്ഥലത്തേക്ക് എത്തുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങളും ലഭ്യമായില്ല

ഫോണുകളും കൊലപാതക സമയത്ത് ധരിച്ച വസ്ത്രങ്ങളും തോട്ടിൽ ഉപേക്ഷിച്ചെന്ന് മൊഴി.
സ്‌കൂബാ ഡൈവിംഗ് സംഘം നടത്തിയ തിരച്ചിലിൽ കണ്ടെത്താനായില്ല
കാപ്പ കേസിൽ പ്രതിയായിരുന്ന ഉമറാണ് കൊലപാതകത്തിന്റെ മുഴുവൻ ആസൂത്രണവും നടത്തിയതെന്നാണ് നിഗമനം. ഇത് സ്ഥാപിക്കാൻ ശക്തമായ തെളിവുകൾ ലഭിക്കാനുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY