
ഏഴ് പേർ അറസ്‌റ്റിൽ
ആലുവ: കീഴ്മാട് ചക്കൻകുളങ്ങരയിൽ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഏഴര കോടി രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ് പിടികൂടി. ഗോഡൗൺ നടത്തിപ്പുകാരൻ ആലുവ ഉളിയന്നൂർ ചിറ്റാട്ടുകടത്ത് വീട്ടിൽ അയൂബ് (40), രാജസ്ഥാൻ സ്വദേശികളായ ജഗറാം (22), നർപത് ലാൽ (28), ബാവര രാം (20), അനിൽ കുമാർ (19), ബവേഷ് കുമാർ (19), സ്വരൂപ റാം (20) എന്നിവരെയാണ് എടത്തല പൊലീസ് അറസ്റ്റ് ചെയ്തത്.
ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗോഡൗണിൽ ബുധനാഴ്ച അർധരാത്രി നടത്തിയ പരിശോധനയിലാണ് ചാക്കിൽ അട്ടിയിട്ട് വച്ചിരുന്ന പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്. 785 ചാക്കുകളിലായി 15 ലക്ഷത്തിലേറെ പായ്‌ക്കറ്റുകളുണ്ട്. ഒരു പായ്‌ക്കറ്റ് വിൽപ്പന നടത്തുന്നത് 50 രൂപയ്‌ക്ക് മുകളിലാണ്. ഡൽഹി, യു.പി, മംഗലാപുരം എന്നിവിടങ്ങളിൽ നിന്ന് വലിയ വാഹനനങ്ങളിലാണ് ഇവിടേക്ക് പുകയില ഉത്പന്നങ്ങൾ എത്തിച്ചിരുന്നത്. ഇവിടെ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുന്നു.
സമീപകാലത്ത് കേരളത്തിൽ നടന്ന ഏറ്റവും വലിയ നിരോധിത പുകയില ഉത്പന്ന വേട്ടയാണിത്. നാർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി സി. ബിനുകുമാർ, ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസ്, സർക്കിൾ ഇൻസ്പെക്ടർ പി.എം. ഷെമീർ, എടത്തല എസ്.എച്ച്.ഒ എസ്.എസ്. ശ്രീലാൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
പുകയില രഹിത പഞ്ചായത്തിൽ
പുകയില ഉത്പന്ന വേട്ട
ആലുവ: സംസ്ഥാനത്തെ ആദ്യ പുകയില രഹിത പഞ്ചായത്തിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം മൂന്നിനാണ് കീഴ്മാട് ഗ്രാമ പഞ്ചായത്തിനെ ആദ്യ പുകയില രഹിത പഞ്ചായത്തായി ആരോഗ്യ വകുപ്പ് പ്രഖ്യപിച്ചത്.
ആലുവയിലെ പ്രമുഖ മലഞ്ചരക്ക് വ്യാപാരി വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച ഗോഡൗൺ ഒന്നര മാസം മുമ്പ് മലപ്പുറം സ്വദേശി വാടകയ്‌ക്ക് എടുത്തിരുന്നു. ഉളിയന്നൂർ സ്വദേശി അയൂബ് ഇയാളുടെ ജോലിക്കാരനാണോയെന്ന് വ്യക്തമല്ല. അയൂബിനെ വിശദമായി ചോദ്യം ചെയ്യും. ചൊവ്വാഴ്ച പുലർച്ചെ നാട്ടുകാരിൽ ചിലർ ഗോഡൗണിലേക്ക് സംശയാസ്പദമായ സാഹചര്യത്തിൽ പോയ വാഹനത്തിന്റെ ചിത്രം പകർത്തി എക്സൈസിന് നൽകിയിരുന്നു. എക്സൈസ് സംഘം പരിസരത്ത് നിരീക്ഷണം നടത്തി മടങ്ങിയെങ്കിലും ആരെയും കണ്ടെത്താനായില്ല. അർധരാത്രി പൊലീസ് എത്തി കൈയോടെ പൊക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |