
തൃക്കാക്കര: അമിത വേഗത്തിലോടിച്ച സ്വകാര്യ ബസിടിച്ച് തൃശൂർ സ്വദേശിനി അക്ഷര (29) മരിച്ച സംഭവത്തിൽ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. 'മലയിൽ" ബസ് ഓടിച്ചിരുന്ന സി.കെ. ബിനോയിയെയാണ് (43) ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. കാക്കനാട് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ബിനോയ് നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. തോപ്പുംപടി സ്റ്റേഷനിൽ രണ്ട് ലഹരി കേസുകളും രണ്ട് അടിപിടി കേസുകളും ഇയാൾക്കെതിരെയുണ്ട്.പാലാരിവട്ടം സ്റ്റേഷനിൽ ലഹരിമരുന്ന് കേസിലും വാഹനാപകട കേസിലും പ്രതിയാണ്. സ്ഥിരം കുറ്റവാളിയായ ഇയാൾക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
പൊലിസ് നിർദ്ദേശം മറികടന്ന് ലഹരി മരുന്ന് കേസുകളിലടക്കം പ്രതിയായ ആളെ ജോലിക്ക് നിയമിച്ചതിൽ ബസ് ഉടമയ്‌ക്കെതിരെ പൊലീസ് നിയമനടപടി ആരംഭിച്ചു. അപകടത്തിനിടയാക്കിയ ബസ് കസ്റ്റഡിയിലെടുത്ത ശേഷം കോടതിക്ക് കൈമാറി. ബസിന്റെ പെർമിറ്റ് റദ്ദാക്കുമെന്ന് തൃക്കാക്കര എ.സി.പി ബിജോയ് ചന്ദ്രൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |