SignIn
Kerala Kaumudi Online
Saturday, 07 November 2026 7.16 PM IST

പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കം; സിംഗപ്പൂരിൽനിന്നെത്തിയ യുവാവിനെ അയൽവാസി വെടിവച്ചുകൊന്നു

READ ENGLISH VERSION
paramjit-dhankhar
വെടിവയ്പ്പിൽ കൊല്ലപ്പെട്ട പരംജീത് ധൻഖർ

ഫരീദാബാദ്: പാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ സിംഗപ്പൂരിൽനിന്ന് നാട്ടിലെത്തിയ യുവാവിനെ അയൽവാസി വെടിവച്ചുകൊന്നു. ഹരിയാനയിലെ ഫരീദാബാദിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പരംജീത് ധൻഖർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ മോഹൻ എന്ന മോനു ശർമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തന്റെ ലൈസൻസുള്ള പിസ്റ്റളിൽനിന്ന് പ്രതി 15 തവണ വെടിയുതിർത്തതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിൽ ഒമ്പത് വെടിയുണ്ടകൾ ധൻഖറിന്റെ ശരീരത്തിൽ പതിച്ചതായും പൊലീസ് അറിയിച്ചു. സംഭവത്തിനുശേഷം മോനു ശർമ്മ കുടുംബത്തോടൊപ്പം ഒളിവിൽ പോയതായാണ് വിവരം.

സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.ടി കമ്പനിയിലെ ജീവനക്കാരനായിരുന്നു ധൻഖർ. നവംബർ 24ന് നടക്കാനിരുന്ന വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി രണ്ടുദിവസം മുമ്പാണ് ഇയാൾ ഫരീദാബാദിലെത്തിയത്. ഭാര്യയ്ക്കും രണ്ടുകുട്ടികൾക്കുമൊപ്പം അപ്പാർട്ട്‌മെന്റിന്റെ ഒന്നാം നിലയിലായിരുന്നു താമസം. വെള്ളിയാഴ്ച രാത്രി എട്ടോടെ ജിമ്മിൽനിന്ന് വീട്ടിലെത്തിയപ്പോഴാണ് തൊട്ടുമുകളിലെ മൂന്നാം നിലയിൽ താമസിക്കുന്ന മോനു ശർമ്മയുമായി തർക്കമുണ്ടായത്. ധൻഖറിന്റെ പാർക്കിംഗ് സ്ഥലത്ത് മോനുവിന്റെ കാർ പാർക്ക് ചെയ്തിരുന്നത് മാറ്റാൻ ആവശ്യപ്പെട്ടതാണ് തർക്കത്തിന് തുടക്കമിട്ടത്. വാക്കേറ്റം പിന്നീട് കൈയാങ്കളിയിലെത്തി. പിന്നാലെ പിസ്റ്റളുമായി പാർക്കിംഗ് ഏരിയയിലെത്തിയ മോനു ധൻഖറിനുനേരെ വെടിയുതിർക്കുകയായിരുന്നു.

ഇരുകുടുംബങ്ങളും തമ്മിൽ ഏറെക്കാലമായി തർക്കങ്ങൾ നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. മോനുവിന്റെ മകൻ വളർത്തുനായയുമായി പാർക്കിംഗ് ഏരിയയിലെത്തുന്നതിനെ ധൻഖറിന്റെ മകൻ പലതവണ എതിർത്തിരുന്നു. വെടിവയ്പ്പിന് നാലോ അഞ്ചോ ദിവസം മുമ്പും ഇതേച്ചൊല്ലി ഇരുകുടുംബങ്ങളും തമ്മിൽ തർക്കമുണ്ടായി. എന്നാൽ അപ്പോഴെല്ലാം പ്രശ്നം പരിഹരിച്ചിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

വിദേശത്തുനിന്ന് നാട്ടിലെത്തിയശേഷം ധൻഖർ ജിമ്മിൽ ചേർന്നിരുന്നു. പതിവായി ജിമ്മിൽ പോയിരുന്ന ഇയാൾ വെള്ളിയാഴ്ചയും അവിടെനിന്ന് മടങ്ങിയെത്തുന്നതിനിടെയാണ് ആക്രമണത്തിനിരയായത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പ്രതിക്കായി തിരച്ചിൽ ആരംഭിച്ച പൊലീസ് സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

English Summary

Paramjeet Dhankhar, an IT professional visiting Faridabad from Singapore for his wedding, was fatally shot by his neighbor Monu Sharma on Friday night. The incident occurred during an argument over parking space. Police reported 9 bullets hit Dhankhar, fired from a licensed pistol. Sharma is absconding, and police are investigating the murder.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHOTDEAD, SINGAPORE INDIAN MAN, LATESTNEWS, HARYANA, CRIMENEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY