SignIn
Kerala Kaumudi Online
Saturday, 07 November 2026 3.16 AM IST

ഏഴരക്കോടിയുടെ നിരോധിത പുകയിലവേട്ട: മുഖ്യസൂത്രധാരൻ പൊന്നാനി സ്വദേശി

ayoob

ആലുവ: കീഴ്മാടുനിന്നും കഴിഞ്ഞദിവസം ഏഴരക്കോടിരൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയ കേസിലെ മുഖ്യസൂത്രധാരൻ മലപ്പുറം പൊന്നാനി സ്വദേശിയാണെന്ന് അന്വേഷണസംഘത്തിന് സൂചന ലഭിച്ചു. സംസ്ഥാനത്ത് നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തുന്ന സംഘത്തിന്റെ തലവനാണിയാൾ. സഹോദരനും ഇയാൾക്കൊപ്പം കച്ചവടത്തിലുണ്ട്.

പൊന്നാനിയിൽ തീരദേശമേഖലയിലെ കുടിലിൽ ജനിച്ചുവളർന്ന ഇയാൾ ആഡംബരവീട് നിർമ്മിച്ചെങ്കിലും നിലവിൽ എറണാകുളം ഹൈക്കോടതിക്ക് സമീപത്തെ ഫ്ളാറ്റിൽ പ്രതിമാസം ഒരുലക്ഷംരൂപ വാടകനൽകിയാണ് താമസിക്കുന്നത്. പൊന്നാനിസ്റ്റേഷൻ പരിധിയിലെ ഒരു കേസുമായി ബന്ധപ്പെട്ടാണ് കൊച്ചിയിലേക്ക് താമസംമാറ്റിയത്. രാജസ്ഥാനിൽനിന്നാണ് പുകയില ഉത്പന്നങ്ങൾ കേരളത്തിലേക്ക് എത്തിക്കുന്നത്. ഇതിനായി ആറ് ടോറസ് ലോറികളുണ്ട്.

ആലുവ പാറക്കൽ ജോസഫിന്റെ ഉടമസ്ഥതയിലുള്ള കീഴ്മാട്ടിലെ ഗോഡൗൺ പൊന്നാനി സ്വദേശിയാണ് വാടകയ്ക്കെടുത്തിട്ടുള്ളത്. ജില്ലയിലെ വിശ്വസ്ഥനായ മൊത്തവ്യാപാരിയാണ് ഇന്നലെ പിടിയിലായ ഏക മലയാളി ആലുവ ഉളിയന്നൂർ ചിറ്റാട്ടുകടത്തുവീട്ടിൽ അയൂബ്. ഇയാൾക്കെതിരെ ആലുവ പൊലീസിൽ വേറെയും ക്രിമിനൽ കേസുകളുണ്ട്. ഏറെക്കാലമായി പുകയില കച്ചവടത്തിനൊപ്പം അനധികൃത മണൽക്കടത്തും ഇയാളുടെ മുഖ്യഇടപാടുകളാണ്.

വർഷങ്ങൾക്കുമുമ്പ് ഉളിയന്നൂരിലെ വീട് വാടകയ്ക്കെടുത്ത് പുകയിലക്കച്ചവടം നടത്തിയപ്പോൾ പൊലീസ് പിടിയിലായിട്ടുണ്ട്. ഇതേത്തുടർന്ന് വീട്ടുടമ ഒഴിപ്പിച്ചപ്പോൾ മറ്റൊരിടത്ത് ഗോഡൗൺ വാടകക്കെടുക്കാൻ നീക്കം നടത്തിയപ്പോൾ നാട്ടുകാർ തടയുകയായിരുന്നു. പിന്നീട് ആലുവ മാർക്കറ്റിനടുത്താണ് കച്ചവടം നടത്തിയിരുന്നത്.

ഒരുമാസം മുമ്പാണ് കീഴ്മാട് ഗോഡൗൺ വാടകയ്ക്കെടുത്ത് കച്ചവടം ആരംഭിച്ചത്. നിരവധി പിക്കപ്പ് വാനുകളിലാണ് രാത്രിയിൽ ഇവിടെനിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പുകയില ഉത്പന്നങ്ങൾ എത്തിച്ചിരുന്നത്.

നേരത്തെ പെരുമ്പാവൂരിൽവച്ച് പുകയില ഉത്പന്നങ്ങൾ പിടികൂടിയെങ്കിലും വാഹനത്തിൽ ഉണ്ടായിരുന്നവരുടെ പേരിൽ മാത്രം കേസെടുത്ത് അവസാനിപ്പിച്ചു. അന്നും അയൂബ് കേസിൽപ്പെടാതെ രക്ഷപ്പെട്ടിരുന്നു. അനധികൃത മണൽവാരലിന് ഒരുവിഭാഗം പൊലീസുകാരുടെ ഒത്താശ ഇയാൾക്കുണ്ടെന്ന് ആരോപണമുണ്ട്.

താമസസ്ഥലത്തും നിരോധിത പുകയില ചാക്കുകൾ, രണ്ട് കേസുകൾ

ഏഴരക്കോടിയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടിയ കേസിൽ അറസ്റ്റിലായ മലയാളി ഒഴികെയുള്ള ആറ് പ്രതികളും ഗോഡൗണിന് സമീപം വാടകവീടെടുത്താണ് താമസിച്ചിരുന്നത്. ഒരുമാസംമുമ്പാണ് അയൂബ് മുഖേനഅന്യസംസ്ഥാനക്കാരായ പ്രതികൾക്കായി വീട് വാടകയ്ക്കെടുത്തത്. ഗോഡൗൺ റെയ്ഡിനുശേഷം പൊലീസ് പ്രതികൾ താമസിക്കുന്ന വീട് പരിശോധിച്ചപ്പോൾ രണ്ട് ചാക്ക് ഹാൻസ് പിടികൂടിയിരുന്നു. ഇത് പ്രത്യേകം കേസായിട്ടാണ് രജിസ്റ്റർചെയ്തത്. വീട് വാടകയ്ക്കെടുത്ത് നൽകിയ അയൂബ് ഉൾപ്പെടെ ഏഴുപേർ ഈ കേസിലും പ്രതികളാണെന്ന് ആലുവ സി.ഐ പി.എം. ഷമീർ കേരളകൗമുദിയോട് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY