SignIn
Kerala Kaumudi Online
Thursday, 17 September 2026 5.02 PM IST

ആലപ്പുഴ മെഡി.കോളേജിൽ വൃദ്ധയുടെ മരണം: ചികിത്സാ വീഴ്ച ആരോപിച്ച് പ്രതിഷേധം

ambala

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃദ്ധ മരിച്ചത് മതിയായ ചികിത്സ കിട്ടാത്തതു കൊണ്ടാണെന്ന് ആരോപിച്ച് മൃതദേഹവുമായി ബന്ധുക്കൾ അത്യാഹിത വിഭാഗത്തിന് മുന്നിൽ പ്രതിഷേധിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് അഞ്ചിൽ വീട്ടിൽ അബ്ദുൾ ഖാദറിന്റെ ഭാര്യ ഉമൈബ (70) ആണ് മരിച്ചത്. കഴിഞ്ഞ 24 ദിവസമായി ഉമൈബ ഇവിടെ ചികിത്സയിലായിരുന്നു.

പനിയും ചുമയും ബാധിച്ച് ആശുപത്രിയിലെത്തിയ ഉമൈബയെ കടുത്ത പനിയും വിറയലും അനുഭവപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ച സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ന്യൂറോ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് അന്ന് തന്നെ ഐ.സി.യു ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ,​ അടുത്ത ദിവസം രാത്രിയോടെ ഉമൈബ മരിച്ചു. തുടർന്ന് രാത്രി മൃതദേഹവുമായി ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിന് മുന്നിലെത്തിയ നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിക്കുകയായിരുന്നു. അന്വേഷണം ആശുപത്രി സൂപ്രണ്ട് ഉറപ്പ് നൽകിയതോടെയാണ് അവർ പിരിഞ്ഞുപോയത്.മക്കൾ: നിയാസ്, ഷാനി. മരുമക്കൾ: നവാസ്, സൗമില.

പനിയും ചുമയും ബാധിച്ച ഉമൈബ നടന്നാണ് ആശുപത്രിയിലെത്തിയത്. സോഡിയം കുറവാണെന്ന് പറഞ്ഞ് അതിനുള്ള ചികിത്സ മാത്രമാണ് നൽകിയത്. ഇതിനിടെ പനിയും വിറയലും അനുഭവപ്പെട്ടു. എന്നാൽ,​ വൈകിയാണ് ഐ.സി.യുവിൽ പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പി.ജി.ഡോക്ടർമാർ മാത്രമാണ് ഉമൈബയെ പരിശോധിച്ചതെന്നും അഡ്മിറ്റ് ചെയ്ത ഡ്യൂട്ടി ഡോക്ടർ ഒരു പ്രാവശ്യം പോലും കാണാൻ വരുകയോ പരിശോധിക്കുകയോ ചെയ്തിട്ടില്ലെന്നും ബന്ധുക്കൾക്ക് പരാതിയുണ്ട്.

മൂന്ന് ദിവസം മുമ്പ് എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നാണ് കോട്ടയം മെഡി.കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞത്. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു.

അന്വേഷണം

തുടങ്ങി

ഉമൈബയുടെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. വിനയകുമാർ ചെയർമാനായ സംഘം അന്വേഷണമാരംഭിച്ചു.ഇന്ന് റിപ്പോർട്ട് പ്രിൻസിപ്പലിന് സമർപ്പിക്കും. സംഭവത്തിൽ ഡയറക്ടറേറ്റ് ഒഫ് മെഡിക്കൽ എഡ്യൂക്കേഷനും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോ. രഞ്ജു രവീന്ദ്രൻ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോ.എസ്. ശ്രീകണ്ഠൻ എന്നിവർക്കാണ് അന്വേഷണ ചുമതല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY