
ബാലരാമപുരം: പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന ഗുണ്ട പുന്നക്കാട് പറയക്കോണത്ത് വീട്ടിൽ ജംബുലിംഗം സുരേഷിനെ (40) അതിസാഹസികമായി പൊലീസ് പിടികൂടി. തലസ്ഥാനത്ത് കാപ്പാക്കേസുകളിൽ ഒളിവിൽ കഴിയുന്ന ഗുണ്ടകളെ പിടികൂടുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ രഹസ്യനീക്കത്തിലാണ് ഇയാൾ വലയിലായത്.
കഴിഞ്ഞ ദിവസം രാവിലെ 6ഓടെ പുന്നക്കാട് ഭാഗികമായി പണിപൂർത്തിയായ വീട്ടിൽ നിന്നായിരുന്നു 24 പേരടങ്ങുന്ന പൊലീസ് സംഘം ജംബുലിംഗത്തെ പിടികൂടിയത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നാൽപ്പതോളം കേസുകളുണ്ട്. കഴിഞ്ഞ ആഗസ്റ്റ് 22ന് പെൺകുട്ടിയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിലാണ് ഇപ്പോൾ പിടിയിലായത്. ഈ വർഷം ഫെബ്രുവരിയിലാണ് ജയിൽശിക്ഷ കഴിഞ്ഞ് ഇയാൾ പുറത്തിറങ്ങിയത്.
ജംബുലിംഗം സുരേഷ് കുറച്ചുദിവസങ്ങളായി രാത്രിയിൽ പുന്നക്കാട് വന്നുപോകുന്നതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് പുന്നക്കാട്ട് ആളൊഴിഞ്ഞ ഗുണ്ടാസങ്കേതങ്ങളിൽ പരിശോധന ഊർജിതമാക്കിയിരുന്നു. ബാലരാമപുരം,കാഞ്ഞിരംകുളം തുടങ്ങി വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് പൊലീസ് സംഘം ആറ് ടീമുകളായാണ് പുന്നക്കാട് കേന്ദ്രീകരിച്ചത്. ആളൊഴിഞ്ഞ വീട്ടിൽ പൊലീസ് വലയം തീർത്താണ് ഇയാളെ പിടികൂടിയത്. പൊലീസിന്റെ ഗുണ്ടാ ഓപ്പറേഷനായ ഗ്രിപ്പിൽ പ്രതിപ്പട്ടികയിലുള്ളയാളാണ് ജംബുലിംഗം സുരേഷ്.
ബാലരാമപുരം സി.ഐ കണ്ണൻ, എസ്.ഐ ദീപു,ഗ്രേഡ് എസ്.ഐ ഷാജി,എസ്.സി.പി.ഒമാരായ അലക്സ്,ലെനിൻ,രഞ്ചിത്ത്,അഭിലാഷ്, ആശിഷ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. ആൾക്കാരെ കാടിന്റെ മറവിൽ പതിയിരുന്ന് വെട്ടിപ്പരിക്കേല്പിക്കൽ, മോഷണം,ആയുധം കൊണ്ട് ഭീഷണിപ്പെടുത്തൽ എന്നിങ്ങനെ നിരവധി കേസുകളിൽ പ്രതിയാണ്. ഇയാളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |