
ചുവരിൽ രക്തക്കറ കണ്ടെത്തി
ഉള്ളൂർ: ഉള്ളൂർ പൗരസമിതിയുടെ നിയന്ത്രണത്തിലുള്ള ഗുരുമന്ദിരത്തിൽ കവർച്ച. മുൻവശത്തെ ഗ്ലാസ് കല്ലുകൊണ്ട് ഇടിച്ച് തകർത്ത ശേഷമാണ് കാണിക്കവഞ്ചി കവർന്നത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം.
ഗ്ലാസ് തകർത്ത ശേഷം അകത്തേക്ക് കൈ കടത്തിയാണ് മോഷണം നടത്തിയത്. കവർച്ചയ്‌ക്കിടെ മോഷ്ടാവിന്റെ കൈ ഗ്ലാസിൽ കൊണ്ട് മുറിഞ്ഞതായി വ്യക്തമായിട്ടുണ്ട്. ഗുരുമന്ദിരത്തിന്റെ ഗ്ലാസിലും ചുവരുകളിലും രക്തക്കറ കണ്ടെത്തി. കൈ മുറിഞ്ഞയുടൻ രക്തം ചുമരിൽ തേച്ചതാണെന്നാണ് നിഗമനം. രക്തക്കറ കണ്ടെത്തിയത് അന്വേഷണത്തിൽ നിർണായകമാകുമെന്നും മന്ദിരത്തിന് സമീപത്ത് സി.സി ടിവി കാമറകൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് മോഷണം നടത്തിയതെന്നും പൊലീസ് പറഞ്ഞു.
ഇന്നലെ പുലർച്ചെ 4ഓടെ ഗുരുമന്ദിരത്തിൽ വിളക്ക് തെളിക്കാനെത്തിയ ജീവനക്കാരാണ് ഗ്ലാസ് തകർന്ന നിലയിൽ കണ്ടത്. തുടർന്ന് ഭാരവാഹികളെ വിവരമറിയിക്കുകയും മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകുകയും ചെയ്‌തു. 5,000 രൂപയോളം നഷ്ടമായെന്ന് ഗുരുമന്ദിരം ഭാരവാഹികൾ വ്യക്തമാക്കി. പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സമീപ പ്രദേശങ്ങളിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണം ഊർജ്ജിതമാക്കണമെന്നും അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സംഭവസ്ഥലം സന്ദർശിച്ച വി.മുരളീധരൻ എം.എൽ.എ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ആരാധനാലയങ്ങളിൽ സുരക്ഷ ശക്തമാക്കണമെന്ന് നാട്ടുകാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |