
തിരൂർ: അനധികൃത മണൽക്കടത്ത് തടയാൻ ശ്രമിച്ച പൊലീസിനെ ലോറി ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. താനൂർ പുതിയ കടപ്പുറം മൂത്താട്ട് വീട്ടിൽ റാസിഖാണ് (29) അറസ്റ്റിലായത്. തിരൂർ സ്റ്റേഷനിലെ എസ്.ഐ.അനീഷ്, എസ്.സി.പി.ഒ കെ.ആർ.രാജേഷ്, സി.പി.ഒ ടോണി വർഗ്ഗീസ് എന്നിവരയാണ് അപായപ്പെടുത്താൻ ശ്രമിച്ചത്. കൂട്ടായി ഭാരതപ്പുഴയുടെ ഭാഗത്ത് അനധികൃത മണൽക്കടത്ത് തടയുന്നതിനായി യൂണിഫോമിൽ പട്രോളിങ് ഡ്യൂട്ടിക്കിടെ അനധികൃത മണൽ വാഹനവുമായി കടക്കുകയായിരുന്ന വാഹനത്തെ പൊലീസ് തടയാൻ ശ്രമിക്കവെയാണ് പ്രതി വാഹനം പൊലീസിന് നേരെ എടുത്തത്.
അനധികൃതമായി പുഴമണൽ കയറ്റി കൂട്ടായി ഭാഗത്ത് നിന്നും ഓടിച്ചു വന്ന ലോറിയെ പാരിസ് എന്ന സ്ഥലത്ത് വെച്ച് എസ്.ഐയും കൂട്ടരും കൈകാണിക്കുകയായിരുന്നു. തുടർന്ന് പ്രതി ഇവരെ ലോറി ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച് രക്ഷപ്പെടുകയായിരുന്നു. പൊലീസുകാർ സമയോചിതമായി മാറിനിന്നതിനാലാണ് രക്ഷപ്പെട്ടത്. തുടർന്ന് പൊലീസ് സംഘം വാഹനത്തിൽ പ്രതിയെ പിന്തുടർന്നു. ഈ സമയം രക്ഷപ്പെടാനായി പ്രതി ലോറിയുടെ പിൻഭാഗം ഉയർത്തി റോഡിലേക്ക് മണൽ തള്ളുകയും പൊലീസ് വാഹനത്തിന് കേടുപാടുകൾ വരുത്താൻ ശ്രമിക്കുകയും ചെയ്തു.
ഓദ്യോഗിക വാഹനത്തിന് അപകടം വരുത്താൻ ശ്രമിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും കൂടാതെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |