
കൊച്ചി: കവർച്ചക്കേസിൽ പൊലീസിനെ വെട്ടിച്ചുകടക്കുന്നതിനിടെ കെട്ടിടത്തിൽനിന്നു വീണുമരിച്ച മുഖ്യപ്രതി മുഹമ്മദ് സാഹിലിന്റെ കൂട്ടാളി പിടിയിലായി. കഴിഞ്ഞ 12ന് കമ്മട്ടിപ്പാടം ഇരട്ടട്രാക്കിന് സമീപം വിദ്യാർത്ഥിയെ ആക്രമിച്ച് മൊബൈൽഫോൺ കവർന്ന സംഘത്തിൽപ്പെട്ട ഫോർട്ടുകൊച്ചി സ്വദേശിയായ 17കാരനെയാണ് എറണാകുളം നോർത്ത് പൊലീസ് പിടികൂടി കടവന്ത്ര പൊലീസിന് കൈമാറിയത്. 17കാരനെ ഒളിവിൽ കഴിയാൻ സഹായിച്ച പുല്ലേപ്പടി പരിത്തിക്കാട് ലെയ്നിൽ പരിത്തിക്കാട് വീട്ടിൽ കെ. രാജേഷിനെ (18) മറ്റൊരു മോഷണക്കേസിൽ അറസ്റ്റുചെയ്തു.
രാജേഷ് വാടകയ്ക്ക് താമസിക്കുന്ന കലൂർ ലിറ്റിൽഫ്ലവർറോഡിന് സമീപം പുതിയറോഡിലെ വീട്ടിൽനിന്നാണ് ഇരുവരെയും ഇന്നലെ കസ്റ്റഡിയിലെടുത്തത്. കമ്മട്ടിപ്പാടത്തെ കവർച്ചയ്ക്ക് ശേഷം മുഹമ്മദ് സാഹിലും പ്രായപൂർത്തിയാകാത്ത രണ്ടുപേരും ഉൾപ്പെട്ട സംഘം എറണാകുളം നോർത്ത് പരമാരലോഡ്ജിലാണ് തങ്ങിയത്. അർദ്ധരാത്രി പൊലീസ് എത്തിയപ്പോൾ മുകളിലേക്ക് ഓടിക്കയറിയ സാഹിൽ സൺഷെയ്ഡിൽനിന്ന് വീണുമരിച്ചു. ഒപ്പമുണ്ടായിരുന്ന തമ്മനം സ്വദേശിയായ 17കാരനെ പൊലീസ് പിടികൂടി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കി. ലോഡ്ജിൽനിന്ന് കടന്ന ഫോർട്ട്കൊച്ചി സ്വദേശിയായ 17കാരൻ രാജേഷിന്റെ വീട്ടിൽ അഞ്ചുദിവസമായി ഒളിവിലായിരുന്നു. പ്രായപൂർത്തി ആകാത്തതിനാൽ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി കാക്കനാട് ബോസ്റ്റൺ സ്കൂളിൽ നിരീക്ഷണത്തിലാക്കി.
*രാജേഷ് പിടിയിലായത് മറ്റൊരു മോഷണക്കേസിൽ
എസ്.ആർ.എം റോഡ് മാടവനത്താഴം ലൈനിലെ വാടകവീട്ടിൽ അതിക്രമിച്ച് കയറി താമസക്കാരൻ റമീസിന്റെ സുഹൃത്ത് ദിൽഷാദിന്റെ ബൈക്കും 47,000 രൂപ വിലപിടിപ്പുള്ള മൊബൈൽഫോണും കവർന്ന കേസിലാണ് രാജേഷ് അറസ്റ്റിലായത്.ഈ കേസിൽ സി.സി ടിവി ദൃശ്യങ്ങളും ടവർ ലൊക്കേഷനും പിന്തുടർന്ന് രാജേഷിന്റെ വീട്ടിലെത്തിയപ്പോഴാണ് 17കാരനും യാദൃച്ഛികമായി പിടിയിലായത്. മരിച്ച മുഹമ്മദ് സാഹിലുമായി ചേർന്ന് രാജേഷ് കവർച്ചകൾ നടത്തിയിട്ടുണ്ടോ എന്നത് നോർത്ത് പൊലീസ് പരിശോധിക്കുന്നു. രാജേഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |